ന്യൂദല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യു.പി സന്ദര്‍ശനത്തെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ നിന്ന് രാഷ്ട്രീയ മൈലേജ് നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു.
” രാഷ്ട്രപതിക്ക് എവിടെ വേണമെങ്കിലും സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ നിന്ന് രാഷ്ട്രീയ മൈലേജ് നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
ഇന്ത്യന്‍ രാഷ്ട്രപതി നടത്തുന്ന ഒരു യാത്രയായി ഇത് അനുഭവപ്പെടുന്നില്ലെന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല, ഇത് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവിന്റെ യാത്രയാണെന്ന് തോന്നുന്നു. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി രാഷ്ട്രപതി സ്ഥാനം പോലും വെറുതേവിടാന്‍ ബി.ജെ.പി തയ്യാറാകുന്നില്ല,” സമാജ്‌വാദി പാര്‍ട്ടി നേതാവ് പവന്‍ പാണ്ഡെ പറഞ്ഞു.
രണ്ട് മാസത്തിനിടെയുള്ള രണ്ടാമത്തെ യു.പി സന്ദര്‍ശനമാണ് രാഷ്ട്രപതിയുടേത്. ആദ്യത്തേത് ജൂണിലായിരുന്നു. ഇത്തവണത്തെ സന്ദര്‍ശനം നാല് ദിവസത്തേക്കാണ്.
സന്ദര്‍ശനത്തിനിടെ യു.പി സര്‍ക്കാരിന്റെ സാംസ്‌കാരിക, ടൂറിസം വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്ക് രാഷ്ട്രപതി തുടക്കം കുറിക്കും. അയോധ്യ സന്ദര്‍ശനം അവസാനിപ്പിക്കുന്നതിന് മുമ്പ്, രാഷ്ട്രപതി ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മ്മാണ സ്ഥലം സന്ദര്‍ശിക്കുകയും പൂജ നടത്തുകയും ചെയ്യുമെന്നും രാഷ്ട്രപതി ഭവന്‍ അറിയച്ചു.