Advertisement
Entertainment
ആ സിനിമയുടെ ട്രെയിനിങ്ങിന്റെ ഭാഗമായി വേട്ടയാടിയ എലിയെ തോലുരിച്ച് കറിവെച്ച് കഴിച്ചിട്ടുണ്ട്: ലിജോമോള്‍

ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് 2021ല്‍ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രമാണ് ജയ് ഭീം. ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ മലയാളി നടിയാണ് ലിജോമോള്‍ ജോസ്. ചിത്രത്തില്‍ ‘സെങ്കണി’ എന്ന കഥാപാത്രമായാണ് ലിജോ എത്തിയത്. ജയ് ഭീമില്‍ നടി നടത്തിയ മികച്ച പ്രകടനത്തിന് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ്‌സില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടിയിരുന്നു.

ജയ് ഭീം എന്ന സിനിമയുടെ ആക്ടിങ് ട്രെയിനിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് ലിജോ മോള്‍. ചിത്രം ഇരുള ആദിവാസി വിഭാഗത്തിന്റെ കഥ പറഞ്ഞതുകൊണ്ടുതന്നെ സിനിമയിലേക്ക് സെലക്ട് ആയതിന് ശേഷം ഇരുള വിഭാഗത്തിനൊപ്പം പത്ത് ദിവസം താമസിച്ച് ട്രെയിനിങ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെന്ന് ലിജോമോള്‍ പറയുന്നു.

പിന്നീട് പത്ത് ദിവസം എന്നത് ഒന്നര മാസം ആയെന്നും ഈ കാലയളവിലൊന്നും ചെരുപ്പിടാതെയാണ് നടന്നതെന്നും ലിജോമോള്‍ പറഞ്ഞു. ഇരുട്ട് വീണാല്‍ ഇരുള വിഭാഗത്തിനൊപ്പം വേട്ടയ്ക്ക് പോകുമെന്നും ചെറിയ പക്ഷികളും പാടത്തും മാളങ്ങളില്‍ ഒളിച്ചിരിക്കുന്ന എലിയുമാണ് ഇരയെന്നും നടി കൂട്ടിച്ചേര്‍ത്തു. എലിയെ തോലുരിച്ച് കറിവയ്ക്കുമെന്നും അത് കഴിച്ച് നോക്കിയിട്ടുണ്ടെന്നും ലിജോമോള്‍ പറഞ്ഞു.

ജയ് ഭീമിന് വേണ്ടിയുള്ള കഷ്ടപ്പാടെല്ലാം ഫലം കണ്ടെന്നും തന്റെ കരിയര്‍ ബെസ്റ്റ് സിനിമയായി ജയ് ഭീം മാറിയെന്നും ലിജോമോള്‍ പറയുന്നു. വനിതാ മാഗസിനോട് സംസാരിക്കുകയായിരുന്നു ലിജോമോള്‍.

‘ഇരുള ആദിവാസി വിഭാഗത്തിന്റെ കഥ പറഞ്ഞ റിയല്‍ സ്റ്റോറിയാണത്. സെലക്ട് ആയപ്പോള്‍ തന്നെ പറഞ്ഞിരുന്നു ഇരുള വിഭാഗത്തിനൊപ്പം 10 ദിവസം ട്രെയ്‌നിങ് ഉണ്ടാകുമെന്ന്. അതുപിന്നെ, ഒന്നരമാസം നീണ്ടു. എല്ലാവരും ഒന്നിച്ചായിരുന്നു ആദ്യ സെഷന്‍. പിന്നെ, പലതായി തിരിച്ചു കുടികളിലേക്കു കൊണ്ടുപോയി.

ഇരുള സ്ത്രീകള്‍ സാരിയുടുത്തു നടക്കുന്നത് പരിശീലിക്കാനായി പ്രൊഡക്ഷന്‍ ടീം നാല് സാരി വാങ്ങി തന്നു. അവര്‍ ചെരിപ്പിടാതെയാണ് നടക്കുന്നത്. അത് ശീലിക്കാനായി ഒന്നരമാസം ഞങ്ങളും ചെരിപ്പിട്ടില്ല.

ഇരുട്ട് വീണാല്‍ അവര്‍ക്കൊപ്പം ഞങ്ങളും വേട്ടയ്ക്ക് പോകും. ചെറിയ പക്ഷികളും പാടത്തും മാളങ്ങളില്‍ ഒളിച്ചിരിക്കുന്ന എലിയുമാണ് ഇര. എലിയെ തോലുരിച്ച് കറിവയ്ക്കും. വേട്ടയാടി പിടിക്കുന്ന ഒരുതരം അണ്ണാനെ തോലുരിച്ച് ഉപ്പും മുളകുമൊന്നും പുരട്ടാതെ ചുട്ടെടുക്കും. രണ്ടും ഞങ്ങള്‍ രുചിച്ചുനോക്കി.

ഷൂട്ടിങ് തുടങ്ങി 10 ദിവസം കഴിഞ്ഞപ്പോള്‍ കൊവിഡ് ലോക്ഡൗണ്‍ വന്നു. വീട്ടിലായിരിക്കുമ്പോള്‍ ജ്ഞാനവേല്‍ സര്‍ വിളിക്കും. സെങ്കനിയായി ഇരിക്കണം, ലിജോ ആകരുത് എന്നു പറയാന്‍. ഷൂട്ടിങ് വീണ്ടും തുടങ്ങാനായുള്ള ആ കാത്തിരിപ്പിലാണു സീനുകള്‍ മനഃപാഠമാക്കിയത്. ഗര്‍ഭിണിയായ സെങ്കനിയാകാന്‍ കൃത്രിമ വയര്‍ വയ്ക്കണം.

സിനിമയുടെ അവസാന ഭാഗമാകുമ്പോഴേക്കും വയറും വലുതാകും. നല്ല ഭാരമുണ്ട് കൃത്രിമ വയറിന്. പല സീനിലും സെങ്കനി അലറിക്കരയുന്നുണ്ട്. അത് കഴിഞ്ഞാല്‍ ശബ്ദം പോകും. ആ കഷ്ടപ്പാടിനൊക്കെ ഫലം കിട്ടി, കരിയര്‍ ബെസ്റ്റ് സിനിമയായി ജയ് ഭീം മാറി,’ ലിജോമോള്‍ പറയുന്നു.

Content Highlight: Lijomol Talks About The training period Of Jai bhim Movie