സൂര്യ സാര്‍ നല്‍കിയ സ്വര്‍ണമാലയേക്കാള്‍ എന്നെ ഞെട്ടിച്ചത് സാറും ജ്യോതിക മാമും കല്യാണത്തിന് തന്ന സര്‍പ്രൈസ്: ലിജോമോള്‍
Entertainment
സൂര്യ സാര്‍ നല്‍കിയ സ്വര്‍ണമാലയേക്കാള്‍ എന്നെ ഞെട്ടിച്ചത് സാറും ജ്യോതിക മാമും കല്യാണത്തിന് തന്ന സര്‍പ്രൈസ്: ലിജോമോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th January 2025, 9:59 pm

ജയ് ഭീം എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ മലയാളി നടിയാണ് ലിജോമോള്‍ ജോസ്. ചിത്രത്തില്‍ ‘സെങ്കണി’ എന്ന കഥാപാത്രമായാണ് ലിജോ എത്തിയത്. ജയ് ഭീമില്‍ നടി നടത്തിയ മികച്ച പ്രകടനത്തിന് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ്സില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടിയിരുന്നു.

ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് 2021ല്‍ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ഈ സിനിമയില്‍ അഭിഭാഷകനായ കെ. ചന്ദ്രുവായി എത്തിയത് സൂര്യയായിരുന്നു. 2ഡി എന്റര്‍ടൈമെന്റിന് കീഴില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നായിരുന്നു ജയ് ഭീം നിര്‍മിച്ചത്.

ഇപ്പോള്‍ സിനിമയുടെ സമയത്ത് സൂര്യ തനിക്ക് നല്‍കിയ സര്‍പ്രൈസുകളെ കുറിച്ച് പറയുകയാണ് ലിജോമോള്‍ ജോസ്. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ജയ് ഭീം സിനിമയുടെ ഷൂട്ടിങ് തീരുന്ന ദിവസം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്ന് ‘സൂര്യ സാര്‍ വിളിക്കുന്നു’വെന്ന് പറഞ്ഞു. കാരവാനില്‍ ചെന്നപ്പോള്‍ ‘നന്നായി അഭിനയിച്ചു, അഭിനന്ദനങ്ങള്‍’ എന്ന് പറഞ്ഞ സാര്‍ ഒരു ബോക്സ് എനിക്ക് സമ്മാനമായി തന്നു.

തിരികെ വന്ന് തുറന്ന് നോക്കിയപ്പോഴാണ് അതൊരു സ്വര്‍ണമാല ആണെന്ന് എനിക്ക് മനസിലായത്. ആ സിനിമയില്‍ എന്റെ ഭര്‍ത്താവായി അഭിനയിച്ച മണികണ്ഠനും അദ്ദേഹം സമ്മാനം നല്‍കിയിരുന്നു. എന്നാല്‍ ഞാന്‍ അതിലേറെ ഞെട്ടിയത് എന്റെ വിവാഹ ദിവസമാണ്.

ജയ് ഭീം റിലീസാകുന്നതിന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു എന്റെ കല്യാണം നടന്നത്. ചടങ്ങുകള്‍ കഴിഞ്ഞ പിറകേ വലിയ സ്‌ക്രീനില്‍ ഒരു വീഡിയോ പ്ലേ ചെയ്തു. സൂര്യ സാറും ജ്യോതിക മാമും കല്യാണത്തിന് ആശംസകള്‍ നേരുന്ന വീഡിയോ ആയിരുന്നു അത്.

ജയ് ഭീമിന്റെ സംവിധായകന്‍ ജ്ഞാനവേല്‍ സാര്‍ എന്റെ അനിയത്തിയുടെ ഫോണിലേക്ക് സര്‍പ്രൈസായി അയച്ചു നല്‍കിയതായിരുന്നു അത്. നടന്‍ പ്രകാശ് രാജ് സാറിന്റെ ആശംസാ വീഡിയോയും അതിനൊപ്പം ഉണ്ടായിരുന്നു,’ ലിജോമോള്‍ ജോസ് പറയുന്നു.

Content Highlight: Lijomol Jose Talks About Surprise Gift  Of Suriya And Jyothika After Jai Bhim Movie In Her Marriage Day