| Sunday, 5th January 2025, 6:02 pm

എന്റെ ആ സിനിമയിലെ ലൈംഗികതയെ കുറിച്ചുള്ള സംഭാഷണം റീല്‍സായി മാറാന്‍ കാരണമുണ്ട്: ലിജോമോള്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് ലിജോമോള്‍ ജോസ്. അതേ വര്‍ഷം തന്നെ വന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ വേഷത്തിലൂടെയും ലിജോമോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നടിയുടേതായി 2024ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ് നടന്ന സംഭവം, ഹെര്‍ (ആന്തോളജി) എന്നിവ. ഈ സിനിമകളിലെ ചില ഭാഗങ്ങള്‍ റീലുകളാകുകയും പരിഹസിക്കപ്പെടുകയും ചെയ്തിരുന്നു.

ലസ്റ്റ് സ്റ്റോറീസ് പോലുള്ള സിനിമകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന മലയാളികള്‍ ഹെര്‍, നടന്ന സംഭവം പോലുള്ളവ റീല്‍സാക്കി ഷെയര്‍ ചെയ്ത് പരിഹസിക്കുമ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ സ്വീകരിക്കണോയെന്ന ആശങ്ക തോന്നാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ലിജോമോള്‍ ജോസ്.

എല്ലാ കാലത്തും കാണികളില്‍ രണ്ടു വിഭാഗമുണ്ടെന്ന് പറയുന്ന നടി കഥയെ അത് പറയുന്ന അര്‍ഥത്തില്‍ തന്നെയെടുത്തു മനസിലാക്കുന്നവരും വളച്ചൊടിച്ച് സ്വന്തം ഇഷ്ടത്തിന് വ്യാഖ്യാനിക്കുന്നവരുമുണ്ടെന്നാണ് പറയുന്നത്. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലിജോമോള്‍.

‘എല്ലാ കാലത്തും കാണികളില്‍ രണ്ടു വിഭാഗമുണ്ട്. സിനിമയുടെ കഥയെ അത് പറയുന്ന അര്‍ഥത്തില്‍ തന്നെയെടുത്തു മനസിലാക്കുന്നവരും വളച്ചൊടിച്ച് സ്വന്തം ഇഷ്ടത്തിന് വ്യാഖ്യാനിക്കുന്നവരും.

നടന്ന സംഭവം സിനിമയിലെ ലൈംഗികതയെ കുറിച്ചുള്ള സംഭാഷണം റീല്‍സായി മാറിയത് രണ്ടു സ്ത്രീകളുടെ സംസാരമായത് കൊണ്ടാണ്. അതേസമയം പുരുഷന്മാര്‍ തമ്മില്‍ അത്തരം ചര്‍ച്ച നടത്തുന്നതില്‍ യാതൊരു പ്രശ്നവുമില്ല.

ഹെര്‍ സിനിമയിലെ അഭിനയ വിവാഹം വേണ്ടെന്ന് വെച്ചതിനും ചിലര്‍ക്ക് പ്രശ്നമുണ്ട്. ആ രംഗവും റീല്‍സായി വന്നിരുന്നു. അതിന് താഴെയുള്ള കമന്റുകള്‍ നോക്കിയാല്‍ ആര്‍ക്കൊക്കെ, എന്തൊക്കെയാണ് പ്രശ്നമെന്ന് മനസിലാകും.

ഇങ്ങനെ പ്രതികരിക്കുന്നവരോട് പറയാനുള്ളത് ഒന്നുമാത്രമാണ്. കാലം വളരെ മാറി നിങ്ങളും മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു,’ ലിജോമോള്‍ ജോസ് പറഞ്ഞു.

Content Highlight: Lijomol Jose Talks About Nadanna Sambavam Movie And Reels

Latest Stories

We use cookies to give you the best possible experience. Learn more