2021ല്‍ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ഒരു തമിഴ് ചിത്രമാണ് ജയ് ഭീം. 2ഡി എന്റര്‍ടൈന്‍മെന്റിന് കീഴില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ഈ സിനിമ നിര്‍മിച്ചത്. സൂര്യ അഭിഭാഷകനായ കെ. ചന്ദ്രുവായി എത്തിയ ജയ് ഭീമില്‍ ലിജോമോള്‍ ജോസും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
റിലീസിന് പിന്നാലെ ഈ സിനിമയിലെ ലിജോമോളുടെ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. എന്നാല്‍ ജയ് ഭീമിന് മുമ്പ് തനിക്കൊരു ബ്രേക്ക് വന്നിരുന്നുവെന്ന് പറയുകയാണ് ലിജോമോള്‍.
‘ജയ് ഭീമിന് മുമ്പ് എനിക്കൊരു ബ്രേക്ക് വന്നിരുന്നു. മലയാളത്തിലും തമിഴിലും ഞാന്‍ ഏകദേശം ഒരു വര്‍ഷത്തിന് മേലെ സിനിമകളൊന്നും ചെയ്തിട്ടില്ല. ഞാന്‍ ആ സമയത്ത് സിനിമ വേണ്ടെന്ന് തീരുമാനിച്ച് നിര്‍ത്തിയിട്ട് നെറ്റിന് പ്രിപ്പേര്‍ ചെയ്യുകയായിരുന്നു.
വീണ്ടും ഒന്നുകൂടെ പി.എച്ച്.ഡിക്ക് ട്രൈ ചെയ്യാമെന്ന് കരുതുകയായിരുന്നു. ജെ.ആര്‍.എഫ് എടുക്കാന്‍ പറ്റുകയാണെങ്കില്‍ അങ്ങനെ പോകാമെന്നും കരുതി. ആ സമയത്താണ് ജയ് ഭീമിന്റെ ഓഡീഷന് വിളിക്കുന്നത്. അതിന് മുമ്പ് ഞാന്‍ തമിഴില്‍ ഒരു സിനിമ ചെയ്തിരുന്നു. സിവപ്പ് മഞ്ചള്‍ പച്ചൈ എന്നായിരുന്നു ആ സിനിമയുടെ പേര്.
അത് കണ്ടിട്ടാണ് എന്നെ ജയ് ഭീമിലേക്ക് വിളിക്കുന്നത്. സത്യത്തില്‍ ആ സിനിമ ഇറങ്ങിയിട്ട് കുറച്ച് നാളുകളായിരുന്നു. പക്ഷെ എങ്ങനെയോ അപ്പോഴാണ് സംവിധായകന്‍ ആ സിനിമ കാണുന്നത്. ആദ്യത്തെ ഓഡീഷന് വിളിക്കുമ്പോള്‍ ഞാന്‍ പോകുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നില്ല. ഞാന്‍ അവരോട് വരാമെന്നൊന്നും പറഞ്ഞിരുന്നില്ല.
അത് കഴിഞ്ഞ് പിന്നെയും അവിടുന്ന് കോള് വന്നു. അവര് സീനൊക്കെ അയച്ച് തന്നു. ആ സമയത്ത് സൂര്യയുടെ സിനിമ ആണെന്നൊന്നും പറഞ്ഞിരുന്നില്ല. റ്റു.ഡി എന്റര്‍ടൈമെന്റ്സ് പ്രൊഡ്യൂസ് ചെയ്യുന്നുവെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഒരു ചെറിയ സിനിമയെന്നും പറഞ്ഞു,’ ലിജോമോള്‍ പറയുന്നു.
Content Highlight: Lijomol Jose Talks About Jai Bhim