ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് ലിജോമോള്‍. അതേ വര്‍ഷം തന്നെ വന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ വേഷത്തിലൂടെയും നടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഈ രണ്ട് സിനിമയിലും ഇടുക്കി കേന്ദ്രീകൃതമായ കഥാപാത്രമായാണ് ലിജോമോള്‍ ജോസ് എത്തിയത്. ഈ സിനിമകള്‍ക്ക് ശേഷം മലയാളത്തിലെ മിക്ക ഇടുക്കിക്കാരി ഓഫറും ആദ്യം വന്നത് തനിക്കാണെന്ന് പറയുകയാണ് നടി.
ഗിരീഷ് എ.ഡി സംവിധാനം 2024ല്‍ പുറത്തിറങ്ങിയ ഐ ആം കാതലന്‍ എന്ന ടെക്നോ ക്രൈം ത്രില്ലര്‍ ചിത്രത്തിലും ലിജോമോള്‍ അഭിനയിച്ചിരുന്നു. ആ സിനിമയില്‍ ദിലീഷ് പോത്തനൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് നടി. വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലിജോമോള്‍ ജോസ്.
‘മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സിനിമകള്‍ കഴിഞ്ഞപ്പോള്‍ മലയാളത്തിലെ മിക്ക ഇടുക്കിക്കാരി ഓഫറും ആദ്യം വന്നത് എനിക്കാണ്. എന്നാല്‍ വ്യത്യസ്തതയുള്ള കട്ടപ്പനക്കാരിയുടെ സിനിമ മതിയെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു.
ഐ ആം കാതലന്‍ എന്ന സിനിമയിലെ സിമിയെന്ന കഥാപാത്രം ഇടുക്കിയില്‍ നിന്ന് കല്യാണം കഴിച്ചു തൃശൂരില്‍ എത്തിയതാണ്. ആ സിനിമ സ്വീകരിച്ചതിന് പിന്നില്‍ മറ്റൊരു ഭാഗ്യം കൂടിയുണ്ട്.
എന്റെ ആദ്യ സിനിമയുടെ സംവിധായകന്‍ ദിലീഷ് പോത്തനൊപ്പമാണ് അതില്‍ എല്ലാ കോമ്പിനേഷന്‍ സീനുകളും. മഹേഷിന്റെ പ്രതികാരത്തില്‍ മിക്ക സീനുകളും ദിലീഷേട്ടന്‍ അഭിനയിച്ചു കാണിച്ചു തന്നിരുന്നു. എങ്കിലും ഒന്നിച്ച് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനാകുന്നത് അപൂര്‍വ ഭാഗ്യം തന്നെയല്ലേ.
അഭിനയിക്കുന്ന സിനിമകളിലെല്ലാം നായികയാകണമെന്ന് നിര്‍ബന്ധമില്ല. ആദ്യസിനിമയില്‍ ഞാന്‍ നായികയല്ല. കട്ടപ്പനയിലെ ഋത്വിക് റോഷനിലും പുലിമടയിലും അയാം കാതലനിലുമൊന്നും നായിക ഞാനല്ല. സിനിമയുടെ എണ്ണമല്ല. കഥാപാത്രങ്ങളുടെ ഗുണമാണ് പ്രധാനം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്,’ ലിജോമോള്‍ ജോസ് പറഞ്ഞു.
Content Highlight: Lijomol Jose Talks About I Am Kathalan And Dileesh Pothan