മലൈക്കോട്ടൈ വാലിബനായി തന്റെ മനസിലേക്ക് ആദ്യം വന്നത് മോഹൻലാലിനെ തന്നെയായിരുന്നെന്ന് ലിജോ ജോസ് പെല്ലിശ്ശേരി. അമാനുഷികനായ ഒരു കഥാപാത്രത്തെ പ്രേക്ഷകരുടെ മുന്നിലേക്ക് വെക്കുമ്പോൾ ആ നടനെ ഓഡിയൻസിന് ഉൾകൊള്ളാൻ കഴിയണമെന്ന് ലിജോ പറഞ്ഞു. സിനിമയുടെ വൺ ലൈൻ ആയപ്പോൾ തന്നെ മോഹൻലാലിനെയാണ് മനസിലേക്ക് വന്നതെന്നും രേഖ മേനോന് നൽകിയ അഭിമുഖത്തിൽ ലിജോ പറഞ്ഞു.
‘നമ്മൾ പറയുന്ന അമാനുഷികനായ ഒരു കഥാപാത്രത്തെ ഓഡിയൻസിന് മുന്നിൽ പ്രസന്റ് ചെയ്യണമെങ്കിൽ അത് ചെയ്യുന്ന ആള് ഓഡിയൻസിനെ സംബന്ധിച്ച് അത്രയും കൺവിൻസിങ് ആയിരിക്കണം. മലൈക്കോട്ടൈ വാലിബൻ എന്ന ഈ ക്യാരക്ടർ വേറെ ഒരാളെയും മനസ്സിൽ ആലോചിക്കാൻ പറ്റുന്നില്ല.
ഫസ്റ്റ് ചോയ്സ് തന്നെ ഇതായിരുന്നു. ഏറ്റവും ആദ്യം ഇതിന്റെ വൺ ലൈൻ പ്രിപ്പയർ ചെയ്യുമ്പോൾ ഞാൻ തിൻ ആയിട്ടുള്ള ഒരു ലൈൻ ആയിട്ട് എഴുതിയ കഥയാണ് ഈ സിനിമയുടേത്. അന്ന് വേറൊരു തരത്തിൽ ചെയ്യാൻ തീരുമാനിച്ച സിനിമ കൂടിയാണിത്. സെയിം ലൈൻ തന്നെയായിരുന്നു അത്, കുറെക്കൂടി വേറൊരു തരത്തിലായിരുന്നു.
ഇത്തരത്തിലുള്ള സ്പേസിലേക്ക് വന്നു കഴിഞ്ഞപ്പോൾ ലാലേട്ടനെപ്പോലുള്ള ഒരാള് വന്നില്ലെങ്കിൽ ഒരിക്കലും കൺവിൻസിങ് ആവില്ല. പെർഫോമൻസ് വൈസും നമുക്ക് വിശ്വസിക്കാൻ പറ്റണം. നോർമൽ ആയിട്ടുള്ള ഒരാൾ പാറക്കല്ല് എടുത്തെറിയുന്നു, കൂടാരം വലിച്ചുകീറുന്നു, തൂണ് മറിച്ചിടുന്നു എന്നൊക്കെ പറയുന്നത് നമുക്ക് പെർഫോമൻസിലും വരണം. അതിന് ലാലേട്ടനെ പോലെ വേറൊരാളില്ല,’ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമാണ് വാലിബൻ. മോഹൻലാലിന് പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Content Highlight: Lijo pellisheri about why he casted mohanlal