മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം.
നിരൂപക പ്രശംസയ്ക്കൊപ്പം കോമേഴ്ഷ്യലി വലിയ വിജയമായി മാറാൻ ഈ ഫഹദ് ഫാസിൽ ചിത്രത്തിന് കഴിഞ്ഞു. ഇടുക്കിയിലെ കഥ പറഞ്ഞ ചിത്രത്തിൽ നടി ലിജോ മോൾ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ലിജോയുടെ ആദ്യത്തെ ചിത്രമാണ് മഹേഷിന്റെ പ്രതികാരം.
കാസ്റ്റിങ് കോൾ കണ്ട് വെറുതെ ഒരു തമാശ പോലെയാണ് താൻ സിനിമയ്ക്ക് വേണ്ടി വിവരങ്ങൾ അയച്ചതെന്നും തന്നെ വിളിച്ചപ്പോൾ അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞെന്നും ലിജോ മോൾ പറയുന്നു. തനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞപ്പോൾ അവർ ഷോക്കായെന്നും ലിജോ അന്തിമഴൈ ടി. വിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘എന്നോട് ഒന്ന് രണ്ട് സീനുകൾ അഭിനയിക്കാൻ പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞു, എനിക്ക് വീട്ടിലേക്ക് പോകണം, എനിക്ക് അഭിനയിക്കാൻ കഴിയില്ലായെന്ന്. അത് കേട്ടപ്പോൾ അവരെല്ലാം ഷോക്കായി.
എന്നോട് ഇരുന്ന് സംസാരിക്കാൻ പറഞ്ഞു. അതിന് ശേഷം നമുക്ക് നോക്കാമെന്ന് പറഞ്ഞു. എന്റെ വീട് എവിടെയാണ് എന്നൊക്കെ ചോദിച്ചു. അപ്പോഴാണ് അവർക്ക് മനസിലാവുന്നത് ഞാനും ഇടുക്കികാരിയാണെന്ന്. ആ കഥ നടക്കുന്നതും ഇടുക്കിയിലാണ്. അവർക്കും അത് വലിയ സർപ്രൈസായി. കുറച്ച് നേരം കഴിഞ്ഞ് ഇനി നമുക്കൊന്ന് അഭിനയിച്ച് നോക്കാമെന്ന് പറഞ്ഞപ്പോൾ ഞാൻ ഓക്കേ പറഞ്ഞു.
ഡയലോഗുകൾ ഒന്നുമില്ലായിരുന്നു. ഒരു സന്ദർഭം തരുകയാണ് ചെയ്തത്. വീട്ടിലിരുന്ന് ടി.വി കാണുന്നതാണ് സിറ്റുവേഷൻ. ഞാൻ ഒരു സ്റ്റൈലിൽ ഇരുന്നപ്പോൾ, വീട്ടിൽ ഇങ്ങനെയാണോ ഇരിക്കാറുള്ളതെന്ന് ചോദിച്ചു. വീട്ടിൽ ഇരിക്കുന്ന പോലെ ഇരുന്നാൽ മതിയെന്ന് പറഞ്ഞു. ഞാൻ കംഫർട്ടബിളായി ഇരുന്നു. അവർ ഇതെല്ലാം ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു.
നീ ഒരുപാട് സിനിമകൾ കാണുന്ന ഒരാളാണ്, ഇപ്പോൾ വീട്ടിലേക്ക് വന്നയാളും അങ്ങനെയാണ്. അങ്ങനെയാണെങ്കിൽ അവരോട് സംസാരിക്കുന്നത് എങ്ങനെയാണോ അങ്ങനെ ചെയ്യാൻ പറഞ്ഞു. അങ്ങനെ ഞാൻ ചുമ്മാ ചെയ്തു. അതായിരുന്നു മഹേഷിന്റെ പ്രതികാരത്തിലേക്കുള്ള എന്റെ ഓഡിറഷൻ,’ലിജോ മോൾ പറയുന്നു.
Content Highlight: Lijo Mol Talk About Her Audition Experience In Maheshinte Prathikaram