നന്നായി അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞ് സൂര്യ സാർ ഒരു ഗിഫ്‌റ്റ് എനിക്ക് തന്നു: ലിജോ മോൾ
Entertainment
നന്നായി അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞ് സൂര്യ സാർ ഒരു ഗിഫ്‌റ്റ് എനിക്ക് തന്നു: ലിജോ മോൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd July 2023, 11:59 pm

ജയ് ഭീം എന്ന ചിത്രത്തിൽ താൻ നന്നായി അഭിനയിച്ചതിന് നടൻ സൂര്യ തനിക്ക് സ്വർണമാല സമ്മാനമായി തന്നിട്ടുണ്ടെന്ന് നടി ലിജോ മോൾ. അപ്പോൾ ചിത്രത്തിൻറെ ഷൂട്ട് കഴിഞ്ഞിട്ടുണ്ടായിരുന്നില്ലെന്നും തന്റെ വിവാഹത്തിന് സൂര്യയും ജ്യോതികയും വീഡിയോ കോൾ ചെയ്ത് ആശംസകൾ അറിയിച്ചെന്നും ലിജോ മോൾ പറഞ്ഞു. ലിജോ മോൾ മുൻപ് ക്ലബ് എഫ്. എമ്മിന് നൽകിയ അഭിമുഖം സൂര്യയുടെ പിറന്നാൾ ദിനത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

‘ഷൂട്ടിങ് ഒക്കെ കഴിയാറായപ്പോൾ ഒരു ദിവസം സൂര്യ സാറിന്റെ അസിസ്റ്റന്റ് കുമാർ എന്ന ചേട്ടൻ എന്നോട് പറഞ്ഞു സാർ (സൂര്യ) വിളിക്കുന്നുണ്ടെന്ന്. എന്താണെന്ന് നമുക്ക് ഒരു പിടിയും ഇല്ല. ഞാൻ ഞങ്ങളുടെ കാരവാനിൽ കഥാപാത്രത്തിന്റെ മേക്കപ്പ് ഇട്ട് ഇരിക്കുകയായിരുന്നു.

ഞാൻ അദ്ദേഹത്തിന്റെ കാരവാനിലേക്ക് ചെന്നു. അദ്ദേഹത്തിനൊപ്പം പ്രൊഡ്യൂസർ സാറും ഉണ്ടായിരുന്നു. എന്നോട് അവർ ഇരിക്കാൻ പറഞ്ഞു.

സിനിമയിൽ നന്നായി ചെയ്യുന്നുണ്ട്, എന്ന് പറഞ്ഞ് ഒരു സ്വർണ മാല ഗിഫ്റ്റ് തന്നു. അപ്പോൾ ഷൂട്ട് കഴിഞ്ഞിട്ടില്ല. എന്താണ് തന്നതെന്നൊന്നും എനിക്കറിയില്ലായിരുന്നു. ഈ കഥാപാത്രം നന്നായി ചെയ്യുന്നതിനുള്ള ഒരു ഗിഫ്റ്റാണിതെന്ന് പറഞ്ഞാണ് അദ്ദേഹം അതെന്റെ കയ്യിൽ തന്നത്. അവിടെ വെച്ച് അത് തുറന്ന് നോക്കാൻ പറ്റിയില്ല.

അവിടെ വെച്ച് ഞാൻ ഒന്നും പറഞ്ഞില്ല. എനിക്കൊന്നും പറയാൻ പറ്റുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഇപ്പോൾ ഒന്നും പറയണ്ടെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. എന്റെ കാരവാനിൽ വന്ന് തുറന്ന് നോക്കിയപ്പോൾ അതൊരു സ്വർണ മാല ആയിരുന്നു.

പിന്നീട് എന്റെ കല്ല്യാണത്തിന് സൂര്യ സാറും ജ്യോതിക മാമും വീഡിയോ കോൾ ചെയ്തിരുന്നു. അതിൽ പ്രകാശ് രാജ് സാറും ഉണ്ടായിരുന്നു,’ ലിജോ മോൾ പറഞ്ഞു.

Content Highlights: Lijo Mol on Actor Suriya