Entertainment
എലിയെ പിടിച്ചു കൊന്ന് വൃത്തിയാക്കി കറി വെച്ച് കഴിക്കും, എലിയെ കൊല്ലുന്നതൊഴികെ ബാക്കിയെല്ലാം ഞാന്‍ ചെയ്തു: ലിജോമോള്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 01, 08:40 am
Saturday, 1st March 2025, 2:10 pm

ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് 2021ല്‍ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രമാണ് ജയ് ഭീം. ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ മലയാളി നടിയാണ് ലിജോമോള്‍ ജോസ്. ചിത്രത്തില്‍ ‘സെങ്കണി’ എന്ന കഥാപാത്രമായാണ് ലിജോ എത്തിയത്. ജയ് ഭീമില്‍ നടി നടത്തിയ മികച്ച പ്രകടനത്തിന് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ്സില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടിയിരുന്നു.

ജയ് ഭീം എന്ന ചിത്രത്തിന് വേണ്ടി ഇരുള സമൂഹത്തെ കുറിച്ച് പഠിച്ചതിനെ പറ്റിയും ഇരുള സമൂഹത്തെ കുറിച്ചും സംസാരിക്കുകയാണ് ലിജോമോള് ജോസ്.

‘ഇരുളര്‍ സമൂഹത്തെക്കുറിച്ച് ഞാനോ എന്റെ ഭര്‍ത്താവായി അഭിനയിച്ച മണികണ്ഠനോ കേട്ടിട്ടു കൂടിയുണ്ടായിരുന്നില്ല. ഷൂട്ട് തുടങ്ങും മുമ്പ് ട്രെയ്നിങ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. തമിഴ്നാട്ടിലാണ് ഇരുളര്‍ മക്കള്‍ കൂടുതലായുള്ളത്. കേരളത്തില്‍ ചിലയിടങ്ങളിലുമുണ്ടെന്ന് പറഞ്ഞെങ്കിലും എനിക്കറിയാമായിരുന്നില്ല.

ഞങ്ങള്‍ അഞ്ചു പേരൊഴികെ ഇരുള വിഭാഗക്കാരായി അഭിനയിച്ച ബാക്കിയെല്ലാവരും ആ സമുഹത്തില്‍ നിന്നുള്ളവരായിരുന്നു. അവര്‍ക്കൊപ്പമുള്ള ഒന്നര മാസത്തെ ജീവിതമാണ് ഞങ്ങള്‍ക്ക് അറിവു പകര്‍ന്നു തന്നത്. ഭാഷ പഠിക്കുന്നതായിരുന്നു വലിയ ടാസ്‌ക്. എന്റെ തമിഴ്, ‘തമിഴാളം’ എന്ന് പറയാവുന്ന തരത്തിലുള്ള ഒരു ഭാഷയാണ്.

ഇരുളര്‍ മക്കളുടേത് സാധാരണ തമിഴിനേക്കാള്‍ വളരെ വ്യത്യസ്തവും, രണ്ടാഴ്ച കൊണ്ടാണ് ആ ഭാഷ പഠിച്ചെടുത്തത്. സിനിമ തുടങ്ങും മുമ്പേ എന്റെ ഡയലോഗുകള്‍ മനഃപാഠമാക്കി. സെങ്കേനിക്ക് വേണ്ടി ഡബ് ചെയ്തതും ഞാനാണ്.

ഇരുളര്‍ സ്ത്രീകളുടെ പതിവു വേഷം സാരിയാണ്. അതുകൊണ്ട് പരിശീലന കാലയളവില്‍ അവരുടെ ശൈലിയിലാണ് സാരി ഉടുത്തിരുന്നത്. അവരുടെ കുടിലിലാണ് താമസിച്ചത്. ചെങ്കല്‍പുളയിലെ ജോലിക്കും പാടത്തു ഞാറുനടാനുമൊക്കെ ഞങ്ങളെയും കൊണ്ടുപോയി.

രാത്രിയാണ് അവര്‍ വേട്ടക്ക് പോകുന്നത്, അതിനൊപ്പം ഞങ്ങളും പോയി. അവര്‍ ചെരുപ്പ് ഉപയോഗിക്കാത്തത് കൊണ്ട് വേട്ടക്ക് പോകുമ്പോള്‍ പുലര്‍ച്ചെ വരെ ഞങ്ങളും ചെരിപ്പിടാറില്ല. എലിയെ പിടിച്ചു കൊന്ന്, വൃത്തിയാക്കി കറി വെച്ച് കഴിക്കും. എലിയെ കൊല്ലുന്നതൊഴികെ ബാക്കിയെല്ലാം ഞാന്‍ ചെയ്തു.

ഈ സിനിമയില്‍ ആദ്യ കുറച്ച് സീനുകളൊഴികെ ഗര്‍ഭിണിയായാണ് ഞാന്‍ അഭിനയിക്കുന്നത്. എട്ട് ഒമ്പത് മാസത്തെ കൃത്രിമ വയര്‍ വച്ചുള്ള ഷൂട്ടിങ് കുറച്ച് ബുദ്ധിമുട്ടായിരുന്നു. രാവിലെ വയര്‍ വച്ചാല്‍ പിന്നെ നടപ്പും ഇരിപ്പും ഭക്ഷണം കഴിക്കുന്നതുമൊക്കെ ഗര്‍ഭിണിയെപ്പോലെ തന്നെ. ചില ദിവസങ്ങളില്‍ വയറ് അഴിച്ചു മാറ്റിയിട്ട് രാത്രി കിടക്കുമ്പോള്‍ നടുവേദന ബുദ്ധിമുട്ടിക്കും. പക്ഷേ, ഇതൊന്നും സെങ്കേനി ജീവിതത്തില്‍ അനുഭവിച്ച വേദനകളുടെ ലക്ഷത്തിലൊന്നു പോലും വരില്ല,’ ലിജോമോള്‍ ജോസ് പറയുന്നു.

Content highlight: Lijo Mol Jose talks about the preparation she took before doing Jai Bhim movie