Entertainment
മലയാളത്തില്‍ ഡയലോഗ് പറഞ്ഞ് തമിഴ് സിനിമയുടെ ഓഡീഷന്‍ പാസായ ഒരേയൊരാള്‍ ഞാനാണ്: ലിജോ മോള്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 03, 08:35 am
Monday, 3rd March 2025, 2:05 pm

ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് 2021ല്‍ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രമാണ് ജയ് ഭീം. ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ മലയാളി നടിയാണ് ലിജോ മോള്‍ ജോസ്.

കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇതെന്ന് ജ്ഞാനവേല്‍ സാര്‍ ഒഡിഷന് വിളിക്കുമ്പോള്‍ കരുതിയതേയില്ല – ലിജോ മോള്‍ ജോസ്

ചിത്രത്തില്‍ ‘സെങ്കണി’ എന്ന കഥാപാത്രമായാണ് ലിജോ എത്തിയത്. ജയ് ഭീമില്‍ നടി നടത്തിയ മികച്ച പ്രകടനത്തിന് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ്സില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടിയിരുന്നു. ജയ് ഭീം എന്ന സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ലിജോ മോള്‍ ജോസ്.

‘ജയ് ഭീം എന്ന സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചപ്പോള്‍ തന്നെ സംവിധായകന്‍ ജ്ഞാനവേല്‍ സര്‍ പറഞ്ഞിരുന്നു. ‘ഇതൊരു യഥാര്‍ഥ ജീവിത കഥയാണ്. സെങ്കണി എന്ന കഥാപാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്’ എന്ന്. പാര്‍വതി അമ്മാള്‍ എന്ന ആ സ്ത്രീ ഭര്‍ത്താവിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ചന്ദു വഴി നടത്തിയ നിയമ പോരാട്ടങ്ങളാണ് സിനിമയ്ക്ക് പ്രചോദനമായത്.

യഥാര്‍ത്ഥ കഥയില്‍ സിനിമയ്ക്ക് വേണ്ട ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. പാര്‍വതി അമ്മാളെ നേരില്‍ കാണണമെന്നും ആ കനല്‍വഴികള്‍ ചോദിച്ച് അറിയണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, സിനിമയുടെ ഷൂട്ടിങ്ങിന് മുമ്പ് അതു നടന്നില്ല. അവരെ നേരില്‍ കണ്ട് സംസാരിക്കണമെന്നതാണ് ഇപ്പോഴത്തെ വലിയ മോഹം.

സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് എല്ലാ തരത്തിലും മാറ്റിനിര്‍ത്തപ്പെട്ടവരാണ് ഇരുള സമുദായം. അവരുടെ ജീവിതം അടുത്തറിഞ്ഞപ്പോഴാണ് എനിക്കത് മനസിലായത്. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇതെന്ന് ജ്ഞാനവേല്‍ സാര്‍ ഒഡിഷന് വിളിക്കുമ്പോള്‍ കരുതിയതേയില്ല.

ഈ സിനിമയിലെ ഒരു രംഗം തന്നെയാണ് അഭിനയിക്കാന്‍ തന്നത്. തമിഴ് എനിക്കത്ര പിടിയില്ല. ഡയലോഗ് ഡെലിവറിയില്‍ ശ്രദ്ധിക്കുമ്പോള്‍ പെര്‍ഫോമന്‍സ് പിന്നോട്ടു പോകുന്നു. പലതവണ ശ്രമിച്ചിട്ടും ശരിയായില്ല. അപ്പോള്‍ സംവിധായകന്‍ പറഞ്ഞു. ‘സീന്‍ മനസിലായില്ലേ. ഇനി മലയാളത്തില്‍ ഡയലോഗ് പറഞ്ഞ് പെര്‍ഫോം ചെയ്‌തോളൂ’ എന്ന്. അത് വിജയിച്ചു. മലയാളത്തില്‍ ഡയലോഗ് പറഞ്ഞ് തമിഴ് സിനിമയുടെ ഓഡീഷന്‍ പാസായ ഒരേയൊരാള്‍ ഒരുപക്ഷേ, ഞാനാകും,’ ലിജോ മോള്‍ ജോസ് പറയുന്നു.

Content highlight: Lijo Mol Jose talks about Jai Bhim movie