ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിനെതിരെ ഒരുപാട് നെഗറ്റീവ് റിവ്യൂകളും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തനിക്ക് മനസുമടുത്തത് കൊണ്ടാണ് ഒറ്റക്ക് പ്രസ് മീറ്റിന് വന്നിരിക്കുന്നതെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. അത്രയും ഇൻവെസ്റ്റ്മെന്റ് നടത്തിയ പടമാണ് മലൈക്കോട്ടൈ വാലിബനെന്നും പ്രോഡക്റ്റ് നന്നായിട്ടുണ്ടെന്ന പൂർണ വിശ്വാസം തനിക്കുണ്ടെന്നും ലിജോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘മനസ് മടുത്തത് കൊണ്ട് തന്നെയാണ് എനിക്ക് ഇവിടെ ഒറ്റക്ക് വന്നിരുന്ന് സംസാരിക്കേണ്ടി വരുന്നത്. അത്രയും ഇൻവെസ്റ്റ്മെന്റ് നടത്തിയ സിനിമയാണിത്. അവർക്ക് ഇനിയും പൈസ മുടക്കണമെന്ന് പ്രേരിപ്പിക്കുന്നതായിരിക്കണം സിനിമയുടെ റിസൾട്ട്. പ്രോഡക്റ്റ് നന്നായിട്ടുണ്ടെന്ന പൂർണ വിശ്വാസം ഉറപ്പായിട്ടും ഉണ്ട്. എല്ലാവരുടെയും മനസ്സ് മടുത്തു. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ പടം എടുത്തിട്ടുള്ളത്. അത് എടുത്തു പറയുകയല്ല. അതൊരിക്കലും തിയേറ്ററിൽ വന്ന് പടം കാണുന്ന ഓടിയൻസിന് അതറിയേണ്ട കാര്യമില്ല,’ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമാണ് വാലിബൻ. മോഹൻലാലിന് പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. നൂറ്റി മുപ്പത് ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്.
Content Highlight: Lijo jose plellisheri about his current situation