കൊച്ചി: സിനിമാ ചിത്രീകരണം തുടങ്ങരുതെന്ന ചലച്ചിത്ര സംഘടമനകളുടെ നിര്‍ദ്ദേശം നിലനില്‍ക്കെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു. ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍ എന്നാണ് ലിജോ ജോസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റ് സംവിധായകന്‍ ആഷിഖ് അബു ഷെയര്‍ ചെയ്തിട്ടുണ്ട്.
നേരത്തെ വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് നിര്‍മിക്കുന്ന സൂഫിയും സുജാതയും എന്ന ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തിയ്യറ്റര്‍ ഉടമകള്‍ രംഗത്തു വന്നിരുന്നു.
തീയറ്റര്‍ ഉടമകളുമായോ സംഘടനാ ഭാരവാഹികളുമായോ ചര്‍ച നടത്താതെ ഏകപക്ഷീയമായിട്ടാണ് വിജയ് ബാബു ഇത്തരത്തില്‍ തീരുമാനമെടുത്തതെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഇവര്‍ പറയുന്നത്. വിജയ് ബാബുവിന്റെ സിനിമകള്‍ തിയേറ്ററില്‍ ഇനി റിലീസ് ചെയ്യില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ ഫഹദ് ഫാസില്‍ നിര്‍മ്മിച്ച് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ പുതിയ സിനിമകള്‍ തുടങ്ങരുതെന്ന ചലച്ചിത്ര സംഘടനകളുടെ നിര്‍ദേശം ലംഘിക്കുന്നവരോട് സഹകരിക്കില്ലെന്ന മുന്നറിയിപ്പുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി.
പിന്നാലെ മഹേഷ് നാരായണന്‍ ഒരുക്കുന്നത് വാണിജ്യ സിനിമയല്ലെന്നും ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സ്വഭാവത്തിലുള്ള സിനിമയാണെന്നും ഫഹദ് ഫാസില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.
പുതിയ സിനിമകള്‍ തുടങ്ങരുതെന്ന നിര്‍ദേശം ലംഘിക്കുന്ന നിലപാട് ശരിയല്ലെന്നും തിയറ്റര്‍ റിലീസ് ഉണ്ടാകില്ലെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. അമ്മ ഫെഫ്ക്ക തുടങ്ങിയ സംഘടനകള്‍ക്ക് അസോസിയേഷന്‍ കത്തയക്കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.