ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2010ല്‍ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു നായകന്‍. പി.എസ്. റഫീക്ക് രചന നിര്‍വഹിച്ച ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനായിരുന്നു പ്രധാനവേഷത്തെ അവതരിപ്പിച്ചത്.
ഇന്ദ്രജിത്തിന് പുറമെ തിലകന്‍, ലാലു അലക്‌സ്, ജഗതി ശ്രീകുമാര്‍, ധന്യ മേരി വര്‍ഗീസ്, സിദ്ദിഖ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളിലെത്തുന്നത്. ഇപ്പോള്‍ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി.
ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ നായകന്‍ സിനിമ കണ്ടിട്ട് ഇപ്പോഴും കുഴപ്പം ഇല്ലെന്ന് തോന്നുന്ന സീന്‍ അല്ലെങ്കില്‍ പോര്‍ഷന്‍ ഏതാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘നായകന്‍ സിനിമയില്‍ അവസാനം ലാലുച്ചായന്‍ (ലാലു അലക്‌സ്) ചെയ്യുന്ന ആ കഥാപാത്രം ഇന്ദ്രജിത്തിനെ പിടിക്കാന്‍ വരുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. അതില്‍ ഇന്ദ്രജിത്ത് അയാളെ അടിച്ച് താഴെയിട്ട് ഒരു ചുവന്ന തുണി ചുമലിലൂടെ ഇട്ട് അവിടുന്ന് നടന്ന് പോകുന്നത് കാണാം. ആ സീന്‍ എനിക്ക് ഇപ്പോഴും വളരെ ഇഷ്ടമാണ്,’ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.
എപ്പോഴെങ്കിലും സ്വയം വളരെ പക്വതയില്ലാത്ത പോലെ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും അഭിമുഖത്തില്‍ അദ്ദേഹം മറുപടി പറഞ്ഞു.
‘എപ്പോഴും അങ്ങനെ തോന്നാറുണ്ട്. ഓരോ സിനിമകള്‍ ചെയ്ത് കഴിഞ്ഞാലും അങ്ങനെയാണ്. കാരണം നമ്മള്‍ മുന്നോട്ട് പോകും തോറും പുതിയ ഓരോ കാര്യങ്ങള്‍ കണ്ടെത്തുന്നത് സ്വാഭാവികമാണ്. പുതിയ കാര്യങ്ങള്‍ നമ്മള്‍ പഠിക്കേണ്ടതുണ്ട്. എപ്പോഴും പുതിയ സിനിമകള്‍ കാണുന്നത് കൊണ്ട് ഓരോന്നും പഠിക്കാന്‍ സാധിക്കും,’ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
അതേസമയം, ലിജോ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. മലയാള സിനിമാ പ്രേമികള്‍ പ്രഖ്യാപനം മുതല്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു ഇത്.
വലിയ ഹൈപ്പോടെ എത്തിയ ചിത്രത്തിന് ആദ്യ ദിനം തന്നെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇതിനിടയില്‍ തന്റെ സിനിമക്ക് എതിരെ വലിയ ഹേറ്റ് ക്യാമ്പയിന്‍ നടക്കുന്നുവെന്ന ആരോപണമായി ലിജോ രംഗത്ത് എത്തിയിരുന്നു.
Content Highlight: Lijo Jose Pellissery Talks About Nayakan Movie