വാലിബന് ഈ ഹൈപ്പ് ആവശ്യം; നിങ്ങളുമത് ആഗ്രഹിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വസം: ലിജോ ജോസ് പെല്ലിശ്ശേരി
Film News
വാലിബന് ഈ ഹൈപ്പ് ആവശ്യം; നിങ്ങളുമത് ആഗ്രഹിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വസം: ലിജോ ജോസ് പെല്ലിശ്ശേരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th January 2024, 8:58 pm

നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മലയാള സിനിമാ പ്രേമികള്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇത്.

ലിജോ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും വാലിബനുണ്ട്. ഈ മാസം 25നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

മലൈക്കോട്ടൈ വാലിബന്‍ തീര്‍ത്തും വ്യത്യസ്തമായൊരു ഴോണര്‍ സിനിമയാണെന്ന് മോഹന്‍ലാല്‍ തന്റെ നേര് സിനിമയുടെ പ്രൊമോഷന്റെ സമയത്ത് തന്നെ പറഞ്ഞിരുന്നു.

ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മലൈക്കോട്ടൈ വാലിബന്റെ ഹൈപ്പിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി.

ഒരു സിനിമയുടെ ടീസറും പോസ്റ്ററും ഇറങ്ങുമ്പോള്‍ അതിന് ചുറ്റും ഉണ്ടാകുന്ന ചര്‍ച്ചകളെയാണ് ഹൈപ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഒരു സിനിമക്ക് സാധാരണ ഉണ്ടാകുന്ന ഹൈപ്പ് എന്തൊക്കെ ചെയ്താലും ഉണ്ടാകുമെന്നും ലിജോ പറഞ്ഞു.

മലൈക്കോട്ടൈ വാലിബനെ പോലെ ഒരു സിനിമയെ സംബന്ധിച്ച് ഈ ഹൈപ്പ് ആവശ്യമാണ് എന്നാണ് താന്‍ കരുതുന്നതെന്നും അങ്ങനെ ആളുകള്‍ സിനിമ കാണാന്‍ തിയേറ്ററില്‍ എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വലിയ ഹൈപ്പില്‍ വരുന്ന സിനിമകള്‍ പിന്നീട് പാളിപോകുമ്പോള്‍ പ്രേക്ഷകര്‍ ഇത്രയും ഹൈപ്പില്‍ വെച്ചതാണ് പ്രശ്‌നമെന്ന് പറഞ്ഞു കുറ്റപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്. വാലിബനും ഈ ഹൈപ്പുണ്ട്. അതിനെ എങ്ങനെയാണ് നോക്കി കാണുന്നത്?’ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലിജോ.

‘ഒരു സിനിമയുടെ ടീസറും പോസ്റ്ററും ഇറങ്ങുമ്പോള്‍ അതിന് ചുറ്റും ഉണ്ടാകുന്ന ചര്‍ച്ചകളെയാണ് ഹൈപ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മള്‍ ഒരു സിനിമ ഉണ്ടാക്കുമ്പോള്‍ അതിനെ എങ്ങനെയാണോ എക്‌സ്പ്രസ്സ് ചെയ്യുന്നത് അത്തരത്തിലാണ് നമ്മള്‍ വെളിയില്‍ വിടുന്നത്. ഒരു സിനിമക്ക് നോര്‍മലി ഉണ്ടാകുന്ന ഹൈപ്പ് നമ്മള്‍ എന്തൊക്കെ ചെയ്താലും ഉണ്ടാകും.

അവിടെ നമ്മുടെ സിനിമക്ക് ഹൈപ്പ് കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. വാലിബനെ പോലെ ഒരു സിനിമയെ സംബന്ധിച്ച് ഈ ഹൈപ്പ് ആവശ്യമാണ് എന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ ആളുകള്‍ സിനിമ കാണാന്‍ തിയേറ്ററില്‍ എത്തണം. അത് നിങ്ങളും ആഗ്രഹിക്കുന്നുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

Content Highlight: Lijo Jose Pellissery Talks About Malaikottai Valiban’s Hype