| Sunday, 21st January 2024, 4:15 pm

വാലിബനില്‍ എന്തുകൊണ്ട് മോഹന്‍ലാല്‍; മറുപടിയുമായി ലിജോ ജോസ് പെല്ലിശ്ശേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മലയാള സിനിമാ പ്രേമികള്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇത്.

ലിജോയുടെ പത്താമത്തെ സിനിമയും അദ്ദേഹം സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ സിനിമയുമാണ് വാലിബന്‍ എന്ന പ്രത്യേകതയുമുണ്ട്. ഈ മാസം 25നാണ് മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററിലെത്തുന്നത്.

ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, കണ്ടന്റ് ഓറിയന്റഡ് സിനിമ ചെയ്യുമ്പോള്‍ അതില്‍ താരമൂല്യം കൂടെ വേണമെന്ന രീതിയിലേക്ക് ലിജോ മാറിയോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.

‘വാലിബന്‍ കണ്ടന്റ് ലൂസ് ചെയ്ത് കൊണ്ടുള്ള ഒരു പടമാണ് എന്ന് പറയാന്‍ കഴിയില്ല. വാലിബനിലും വളരെ സ്‌ട്രോങ്ങ് കണ്ടന്റാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് വിജയിപ്പിക്കാന്‍ ഇത്തരത്തിലുള്ള വലിയ ക്യാന്‍വാസില്‍ ഒരുക്കണം.

വലിയ ക്യാന്‍വാസിലും ലാന്‍ഡ് സ്‌കേപ്പിലും ഒരുങ്ങുന്ന കഥ വിശ്വസനീയമായി പറയാന്‍ അവശ്യമായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട എലമെന്റ് ആണ് ലാലേട്ടനെ പോലെ ഒരു സ്റ്റാര്‍.

അത് വളരെ ശക്തമായി വിശ്വസിക്കുന്നത് കൊണ്ടാണ് ലാലേട്ടന്‍ ഈ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട പോയന്റില്‍ ഉള്ളത്,’ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

അഭിമുഖത്തില്‍ കരിയറില്‍ എത്രത്തോളം പ്രസക്തമായ ചിത്രമാണ് വാലിബന്‍ എന്ന ചോദ്യത്തിന് കരിയറിലും ജീവിതത്തിലും ഒരുപോലെ പ്രസക്തമാണ് എന്നായിരുന്നു ലിജോയുടെ മറുപടി.

‘എന്റെ ജീവിതത്തില്‍ ഏറ്റവും പ്രസക്തമാണ്. എന്റെ കരിയറിനെ സംബന്ധിച്ച് അതിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ നടക്കുന്ന ചിത്രമാണ് ഇത്. എന്റെ പത്താമത്തെ ചിത്രം കൂടെയാണ് വാലിബന്‍.

എല്ലാം ചേര്‍ന്ന് വരുന്ന സിനിമയായത് കൊണ്ട് വളരെ പ്രസക്തമാണ് ഈ ചിത്രം. കരിയറിലും ജീവിതത്തിലും ഒരുപോലെ പ്രസക്തവുമാണ്,’ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.


Content Highlight: Lijo Jose Pellissery Talks About Malaikottai Valiban And Mohanlal

We use cookies to give you the best possible experience. Learn more