| Saturday, 27th January 2024, 10:09 am

മാറ്റം വരുത്താൻ ഉദ്ദേശമില്ല, കണ്ട് പരിചയിച്ച തിരക്കഥ രൂപമല്ല വാലിബന് അങ്ങനെ ആവണമെന്ന് വാശി പിടിക്കരുത്: ലിജോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലൈക്കോട്ടൈ വാലിബൻ പോലെ അടുത്ത സിനിമയിലും തിരക്കഥ വ്യത്യസ്തമായിരിക്കുമെന്നും ആ കാര്യത്തിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്നും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.

കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച മലൈക്കോട്ടൈ വാലിബൻ തിയേറ്ററിൽ എത്തിയത്. വമ്പൻ പ്രതീക്ഷയോടെ എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. എന്നാൽ ചിത്രത്തിനെതിരെ വലിയ രീതിയിൽ ഹേറ്റ് ക്യാമ്പയിൻ നടക്കുന്നുവെന്ന ആരോപണവുമായി ലിജോ രംഗത്ത് എത്തിയിരുന്നു.

വാലിബന്റെ തിരക്കഥ കണ്ട് പരിചിതമായ ഒന്നല്ലെന്നും ലോക സിനിമയിൽ വന്ന മാറ്റങ്ങളെല്ലാം ഓരോരുത്തർ കൊണ്ട് വന്നതാണെന്നും സ്ഥിരമുള്ളത് തന്നെ വേണമെന്ന് വാശി പിടിക്കരുതെന്നും ലിജോ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

‘അടുത്ത സിനിമയിലും തിരക്കഥയിൽ ഒരു മാറ്റം വരുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. തിരക്കഥയുടെ ഇപ്പോഴുള്ള രൂപം ഞങ്ങൾ വളരെക്കാലം ഇരുന്നു രൂപപ്പെടുത്തിയതാണ്. സഞ്ചരിക്കുന്ന ഒരു ജിപ്സി സംഘമാണ് സിനിമയിൽ ഉള്ളത്. ആ യോദ്ധാവിന്റെ വഴിയിലേക്ക് പ്രേക്ഷകർ കയറുകയാണ്. അങ്ങനെയാണ് ആ സിനിമ ആരംഭിക്കുന്നത്.

അയാൾ ഒരുപാട് കാലം ഒരു യോദ്ധാവായി സഞ്ചരിച്ച് അടിവാരത്തൂര് എന്ന സ്ഥലത്ത് വെച്ചാണ് നമ്മൾ അയാളെ കാണുന്നത്. അവിടെ നിന്ന് അയാൾ പോകുന്ന ഓരോ യാത്രയിലും പ്രേക്ഷകർ കൂടെയുണ്ട്. അയാൾ പരിചയപ്പെടുന്ന ഓരോരുത്തരെയും പ്രേക്ഷകരും പരിചയപ്പെടുന്നുണ്ട്. അതാണ് തിരക്കഥയുടെ രൂപം.

ഒരു എപ്പിസോഡിക്കൽ സ്വഭാവമുള്ള കഥ പറച്ചിലാണ് ചിത്രത്തിനുള്ളത്. അത് കണ്ട് പരിചയിച്ച തിരക്കഥയുടെ രൂപമല്ല. അതാവണമെന്ന് എന്തുകൊണ്ട് വാശി പിടിക്കുന്നു. അതൊരു പുതിയ സമീപനം ആയിക്കൂടെ. കഥ പറച്ചിലിന് ഏതൊക്കെ രൂപങ്ങൾ എടുക്കാം നമുക്ക്. എങ്ങനെയാണ് ഫ്ലാഷ് ബാക്ക്, ഫ്ലാഷ് ഫോർവേഡ്, ജംമ്പ് കട്ട് ഇതൊക്കെ സിനിമയിൽ വന്നത്. ഇതൊക്കെ ഓരോ കാലത്ത് ആളുകൾ കൊണ്ട് വന്ന കാര്യങ്ങളാണ്. അതുപോലെ തന്നെയാണ് ഈ സിനിമയുടെ കഥപറച്ചിലിനെയും ഞാൻ കാണുന്നത്,’ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

Content Highlight: Lijo Jose Pellissery Talk About Script Of Malaikotte Valiban

We use cookies to give you the best possible experience. Learn more