മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.
ചിത്രം തിയേറ്ററിലെത്തിയതിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി.
ഇത്രയും വൈരാഗ്യത്തോടെ ജീവിക്കേണ്ട ആവശ്യമെന്താണെന്ന് താന്‍ ചിന്തിക്കാറുണ്ടെന്നും രാവിലെ ഫോണ്‍ തുറന്നാല്‍ തന്നെ ആളുകള്‍ ഹേറ്റ് സ്‌പ്രെഡ് ചെയ്യുന്നതാണ് കാണുന്നതെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
ചുറ്റിക വെച്ച് തലയോട്ടി അടിച്ച് തകര്‍ക്കുന്ന ഹീറോയല്ല നമുക്ക് വേണ്ടതെന്ന് പറയുന്ന ലിജോ എത്ര ആളുകളെ കൊന്നുവെന്ന് കണക്കെടുക്കാനോ ആയിരകണക്കിന് ആളുകളെ കൊന്നിട്ട് അതിന്റെ ഇടയിലൂടെ ചോരയിലൂടെ നടന്ന് പോകുന്ന ഹീറോയെ കാണിക്കാനോ പാടില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
‘ഇത്രയും വൈരാഗ്യത്തോടെ നമ്മള്‍ ജീവിക്കേണ്ട ആവശ്യം എന്താണെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. രാവിലെ ഫോണ്‍ തുറന്നാല്‍ അത്രയും ഹേറ്റാണ് ആളുകള്‍ സ്‌പ്രെഡ് ചെയ്യുന്നത്. ചുറ്റിക വെച്ച് തലയോട്ടി അടിച്ച് തകര്‍ക്കുന്ന ഹീറോ അല്ല നമുക്ക് വേണ്ടത്. അതില്‍ ഒരു തര്‍ക്കവുമില്ല.
എത്ര ആളുകളെ കൊന്നുവെന്ന് കണക്കെടുക്കാനോ ആയിരകണക്കിന് ആളുകളെ കൊന്നിട്ട് അതിന്റെ ഇടയിലൂടെ ചോരയിലൂടെ നടന്ന് പോകുന്ന ഹീറോയെ കാണിക്കാനോ പാടില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
കൊറോണയെല്ലാം കടന്ന് വന്ന ആളുകളാണ് നമ്മള്‍. കേരളത്തെ സംബന്ധിച്ച് മഹാപ്രളയമൊക്കെ കടന്ന് വന്ന ആളുകളാണ്. അതിന് ശേഷം കൊറോണ വന്നു. എന്നിട്ടും എന്തിനാണ് തമ്മില്‍ ഇത്രയും വിദ്വേഷം അങ്ങോട്ടും ഇങ്ങോട്ടും വെക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല.
സിനിമാ ആസ്വാദനത്തിന് മറ്റൊരുത്തന്റെ വാക്ക് നമ്മള്‍ എന്തിനാണ് അടിസ്ഥാനമാക്കുന്നത്. പത്ത് സിനിമകള്‍ മാത്രം ചെയ്ത പരിചയമുള്ള ഞാന്‍ എന്റെ മൊത്തം സിനിമ അനുഭവങ്ങളില്‍ നിന്ന് ഉണ്ടാക്കിയെടുത്ത ചിത്രമാണ് വാലിബന്‍,’ ലിജോ ജോസ് പെല്ലിശേരി പറഞ്ഞു.
Content Highlight: Lijo Jose Pellissery Says We don’t need a hero who smashes skull with a hammer and walks through the blood