മലയാള സിനിമ പ്രേക്ഷകർ ഈ വർഷം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മലയാളത്തിന്റെ മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയിലാണ് ആരാധകരെല്ലാം. ചിത്രത്തിന്റെ ഴോണറിനെ കുറിച്ചോ കഥയെ കുറിച്ചോ ഒരു വിവരവും ഇത് വരെ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലർ മികച്ച ശ്രദ്ധ നേടിയിരുന്നു.
തീർച്ചയായും ഒരു തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പ് നൽകുന്ന ചിത്രമായിരിക്കും വാലിബനെന്ന് മോഹൻലാലും സംവിധായകൻ ലിജോയും പറയുന്നു.
താൻ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമകൾ പ്രേക്ഷകർക്കായി ഒരുക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ലിജോ പറയുന്നു.
വാലിബൻ ഒരു വലിയ സിനിമയാണെന്നും മലയാളത്തിലെ ആര്യൻ, അഭിമന്യു പോലുള്ള സിനിമകളെല്ലാം താൻ അത്തരത്തിൽ കണ്ട വലിയ സിനിമകൾ ആണെന്നും ലിജോ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഏത് തരത്തിലുള്ള സിനിമകളിലേക്കാണോ പ്രേക്ഷകർ എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്, അത്തരം സിനിമകൾ എടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വാലിബനിലും വ്യത്യാസമൊന്നുമില്ല. ഒരു സമയത്ത് നമ്മൾ തിയേറ്ററിൽ കാണാൻ ആഗ്രഹിച്ചിരുന്ന വലിയ സിനിമയുടെ സ്വഭാവമുള്ള ചിത്രമാണ് വാലിബൻ.
അങ്ങനെയുള്ള സിനിമകൾ ഞാനും ഒരുപാട് ആസ്വദിച്ച് തിയേറ്ററിന് അകത്ത് ഇരുന്ന് കണ്ടിട്ടുള്ളതാണ്. മലയാളത്തിന്റെ വളരെ ഈസിയായിട്ടുള്ള ഉദാഹരണങ്ങളാണ് ആര്യനോ അഭിമന്യുവൊക്കെ പോലുള്ള സിനിമ. അതൊക്കെ തിയേറ്ററിൽ കാണാൻ ഇഷ്ടമുള്ള സിനിമയാണ്.
ഹിന്ദിയിലെ ഷോലെ പോലൊരു സിനിമ, അങ്ങനെ ഒരു വലിയ സിനിമ എന്ന നിലയിലാണ് വാലിബനെയും സമീപിച്ചിട്ടുള്ളത്,’ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.
Content Highlight: Lijo Jose Pellissery Says That Malaikotte Valiban Is A Big Film