| Sunday, 6th October 2024, 8:28 am

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ പോലെ എല്ലാവര്‍ക്കും ആഘോഷിക്കാന്‍ പറ്റുന്ന സിനിമയാണ് അത്: ലിജോ ജോസ് പെല്ലിശ്ശേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് വരാനിരിക്കുന്ന ചിത്രമാണ് ‘പല്ലൊട്ടി 90’സ് കിഡ്സ്’. സിനിമാപ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ സാജിദ് യഹിയ നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിതിന്‍ രാജാണ്.

ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. വേനലവധിയുടെ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും മധുരം ഒരു മിഠായിയില്‍ നിറച്ചതിന്റെ അനുഭവം തരുന്ന സിനിമയാണ് പല്ലൊട്ടി എന്നാണ് അദ്ദേഹം പറയുന്നത്.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ പോലെ എല്ലാവര്‍ക്കും ആഘോഷിക്കാന്‍ പറ്റുന്ന സിനിമയാണ് ഇതെന്നും എല്ലാവര്‍ക്കും നൊസ്റ്റാള്‍ജിയ തരുന്ന സിനിമയാകും പല്ലൊട്ടിയെന്നും ലിജോ കൂട്ടിച്ചേര്‍ത്തു. ‘പല്ലൊട്ടി 90’സ് കിഡ്സ്’ന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുട്ടിക്കാലത്തിലെ വേനലവധിയുടെ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയുമൊക്കെ മധുരം ഒരു മിഠായിയില്‍ നിറച്ചതിന്റെ അനുഭവം തരുന്ന സിനിമയാണ് പല്ലൊട്ടി. നമ്മളുടെ എക്കാലത്തെയും ഏറ്റവും ആഘോഷമായിട്ടുള്ള സിനിമകളില്‍ ചിലത് പോലെയാണ് ഇത്.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ പോലെയുള്ള സിനിമകള്‍ എപ്പോഴും കുട്ടികളുടെ സിനിമയാണ്. അതുപോലെ എല്ലാവര്‍ക്കും ആഘോഷിക്കാന്‍ പറ്റുന്ന സിനിമയാണ് പല്ലൊട്ടി. എല്ലാവര്‍ക്കും നൊസ്റ്റാള്‍ജിയ തരുന്ന സിനിമയാകും ഇത്.

ഇത്തരം സിനിമകള്‍ കാണേണ്ടതും, ഇത്തരം സിനിമകള്‍ സംഭവിക്കേണ്ടതുമൊക്കെ നമ്മളുടെ ഇന്‍ഡസ്ട്രിയുടെ കൂടെ ആവശ്യമാണ്. അത്തരത്തിലൊരു വലിയ വിജയമായി ഈ സിനിമ മാറട്ടേയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനോട് ചേര്‍ന്നു നില്‍ക്കാന്‍ ആഗ്രഹം തോന്നിയത് കൊണ്ടായിരുന്നു ഞാന്‍ അവതരിപ്പിക്കാന്‍ തയ്യാറായത്. ഈ സിനിമ ഒരു ഗംഭീര സിനിമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്, മാസ്റ്റര്‍ നീരജ് കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒപ്പം അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവരും സൈജു കുറുപ്പ്, സുധി കോപ്പ, നിരഞ്ജന അനൂപ്, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, അബു വളയകുളം, മരിയ പ്രിന്‍സ് ആന്റണി, അജീഷ, ഉമ ഫൈസല്‍ അലി എന്നിവരും ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്.

Content Highlight: Lijo Jose Pellissery Says Pallotty 90’s Kids Movie Is Like My Dear Kuttichathan

Latest Stories

We use cookies to give you the best possible experience. Learn more