തങ്ങള്‍ കഷ്ടപ്പെട്ടിട്ടാണ് മലൈക്കോട്ടൈ വാലിബന്‍ സിനിമ ഷൂട്ട് ചെയ്തിട്ടുള്ളതെന്നും അതൊരിക്കലും മലയാളികള്‍ക്ക് ഒരു മോശം സിനിമ സമ്മാനിക്കാന്‍ വേണ്ടിയല്ലെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി.
അത് തിയേറ്ററില്‍ പോയി കാണണമെന്നും 28 ദിവസം മാത്രമേ പടം തിയേറ്റുകളില്‍ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ലിജോ എന്ന സംവിധായകനില്‍ പ്രേക്ഷകര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, താന്‍ പറയുന്ന വാക്കുകള്‍ വിശ്വസിക്കണമെന്നും സിനിമ തിയേറ്ററില്‍ നിന്ന് തന്നെ കാണണമെന്നും ലിജോ പറയുന്നു. വാലിബന്റെ റിലീസിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങള്‍ കഷ്ടപ്പെട്ടിട്ടാണ് ഈ സിനിമ ഷൂട്ട് ചെയ്തിട്ടുള്ളത്. അതൊരിക്കലും മലയാളികള്‍ക്ക് ഒരു മോശം സിനിമ സമ്മാനിക്കാന്‍ വേണ്ടിയിട്ടല്ല. അത് തിയേറ്ററില്‍ നിന്ന് കാണണമെന്ന് വളരെ ശക്തമായി തന്നെ ഞാന്‍ പറയുന്നു. കാരണം 28 ദിവസം മാത്രമേ പടം തീയേറ്റുകളില്‍ ഉണ്ടാവുകയുള്ളൂ.
പിന്നെ ഇത് തിയേറ്ററില്‍ നിന്ന് കാണണമെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് റീ റിലീസ് ചെയ്യേണ്ടി വരും. ലിജോ എന്ന സംവിധായകനില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, ഞാന്‍ പറയുന്ന ഈ വാക്കില്‍ നിങ്ങള്‍ വിശ്വസിക്കണം. സിനിമ നിങ്ങള്‍ തിയേറ്ററില്‍ നിന്ന് തന്നെ കാണണം,’ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
ഇത്രയും വൈരാഗ്യത്തോടെ ജീവിക്കേണ്ട ആവശ്യമെന്താണെന്ന് താന്‍ ചിന്തിക്കാറുണ്ടെന്നും രാവിലെ ഫോണ്‍ തുറന്നാല്‍ തന്നെ ആളുകള്‍ ഹേറ്റ് സ്പ്രെഡ് ചെയ്യുന്നതാണ് കാണുന്നതെന്നും ലിജോ കൂട്ടിച്ചേര്‍ത്തു.
‘ഇത്രയും വൈരാഗ്യത്തോടെ നമ്മള്‍ ജീവിക്കേണ്ട ആവശ്യം എന്താണെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. രാവിലെ ഫോണ്‍ തുറന്നാല്‍ അത്രയും ഹേറ്റാണ് ആളുകള്‍ സ്പ്രെഡ് ചെയ്യുന്നത്. ചുറ്റിക വെച്ച് തലയോട്ടി അടിച്ച് തകര്‍ക്കുന്ന ഹീറോ അല്ല നമുക്ക് വേണ്ടത്. അതില്‍ ഒരു തര്‍ക്കവുമില്ല.
എത്ര ആളുകളെ കൊന്നുവെന്ന് കണക്കെടുക്കാനോ ആയിരകണക്കിന് ആളുകളെ കൊന്നിട്ട് അതിന്റെ ഇടയിലൂടെ ചോരയിലൂടെ നടന്ന് പോകുന്ന ഹീറോയെ കാണിക്കാനോ പാടില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.
Content Highlight: Lijo Jose Pellissery Says If you believe in director Lijo, you must watch Valiban in theaters