എന്തിനാണ് ഇത്രയും വിദ്വേഷം; വാലിബൻ റിലീസിന് പിന്നാലെ പ്രതികരണവുമായി ലിജോ
Entertainment
എന്തിനാണ് ഇത്രയും വിദ്വേഷം; വാലിബൻ റിലീസിന് പിന്നാലെ പ്രതികരണവുമായി ലിജോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th January 2024, 1:49 pm

മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ റിലീസിംഗ് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് നേടിയത്. എന്നാൽ സിനിമയ്ക്കെതിരെ വലിയ രീതിയിലുള്ള ഹേറ്റ് ക്യാമ്പയിൻ നടക്കുന്നുണ്ടെന്നും അതിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും ലിജോ പറയുന്നു.

തന്നെ വിശ്വസിക്കുന്നവർ സിനിമ കണ്ട് വിലയിരുത്തണമെന്നും കൊവിഡും പ്രളയവും എല്ലാം കടന്നുവന്ന നമുക്കിടയിൽ എന്തിനാണ് ഇത്ര വിദ്വേഷമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ ചോദിച്ചു.

‘സിനിമ തുടങ്ങുന്നത് മുതൽ അവസാനം വരെ ഒരേ വേഗതയിൽ പോകുന്ന സിനിമയല്ല വാലിബൻ. അത് ലാലേട്ടനും ഒരുപാട് സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് എല്ലാവർക്കും ആ സിനിമ അങ്ങനെ തന്നെയാണ്.

കൊറോണയെല്ലാം കടന്ന് വന്ന ആളുകളാണ് നമ്മൾ. കേരളത്തെ സംബന്ധിച്ച് മഹാ പ്രളയം കടന്ന് വന്ന ആളുകളാണ്. അതിന് ശേഷം കൊറോണ. എന്നിട്ടും എന്തിനാണ് തമ്മിൽ തമ്മിൽ ഇത്രയും വിദ്വേഷം അങ്ങോട്ടും ഇങ്ങോട്ടും വെക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല.

സിനിമ ആസ്വാദനത്തിന് മറ്റൊരുത്തന്റെ വാക്ക് നമ്മൾ എന്തിനാണ് അടിസ്ഥാനമാക്കുന്നത്. 10 സിനിമകൾ മാത്രം ചെയ്ത പരിചയമുള്ള ഞാൻ എന്റെ മൊത്തം സിനിമ അനുഭവങ്ങളിൽ നിന്ന് ഉണ്ടാക്കിയെടുത്ത ചിത്രമാണ് വാലിബൻ.

ഇനി അടുത്തതിലേക്ക് പോകുമ്പോൾ ഈ ചിത്രത്തിൽ നിന്നുള്ള അനുഭവം കൂടി കൂട്ടിച്ചേർക്കും. ഞങ്ങൾ അത്രയും കഷ്ടപ്പെട്ടിട്ടാണ് ഈ സിനിമ ഷൂട്ട് ചെയ്തിട്ടുള്ളത്. അതൊരിക്കലും മലയാളികൾക്ക് ഒരു മോശം സിനിമ സമ്മാനിക്കാൻ വേണ്ടിയിട്ടല്ല. അത് തിയേറ്ററിൽ നിന്ന് കാണണമെന്ന് വളരെ ശക്തമായി തന്നെ ഞാൻ പറയുന്നു.

കാരണം 28 ദിവസം മാത്രമേ പടം തീയേറ്റുകളിൽ ഉണ്ടാവുകയുള്ളൂ. പിന്നെ ഇത് തിയേറ്ററിൽ നിന്ന് കാണണമെങ്കിൽ കുറച്ചു വർഷങ്ങൾ കഴിഞ്ഞ് റീ റിലീസ് ചെയ്യേണ്ടി വരും. ലിജോ എന്ന സംവിധായകനിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, ഞാൻ പറയുന്ന ഈ വാക്കിൽ നിങ്ങൾ വിശ്വസിക്കണം. സിനിമ നിങ്ങൾ തിയേറ്ററിൽ നിന്ന് തന്നെ കാണണം,’ലിജോ ജോസ് പെല്ലിശ്ശേരി

Content Highlight: Lijo Jose Pellissery’s Press Meet After Malaikotte Valiban Release