കണ്ടിരിക്കേണ്ട അഞ്ച് അന്താരാഷ്ട്രസിനിമകളിലൊന്ന്; ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ നന്‍പകല്‍ നേരത്ത് മയക്കം
Film News
കണ്ടിരിക്കേണ്ട അഞ്ച് അന്താരാഷ്ട്രസിനിമകളിലൊന്ന്; ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ നന്‍പകല്‍ നേരത്ത് മയക്കം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th March 2023, 1:59 pm

ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ ഇടം പിടിച്ച് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം. ന്യൂയോര്‍ക്ക് ടൈംസ് പുറത്ത് വിട്ട ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിലൊന്ന് നന്‍പകല്‍ നേരത്ത് മയക്കമാണ്.

സോ വിറ്റോക്ക് സംവിധാനം ചെയ്ത ജമ്പോ (ഫ്രഞ്ച്), ആന്‍ഡേഴ്‌സ് എംബ്ലത്തിന്റെ എ ഹ്യൂമന്‍ പൊസിഷന്‍ ( നോര്‍വീജിയന്‍), ആഡം സെഡിയാക്കിന്റെ ഡൊമെസ്റ്റിക്യു (ചെക്ക് ), മിച്ച് ജെങ്കിന്‍സിന്റെ ദി ഷോ ( ഇംഗ്ലീഷ് ) എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് നന്‍പകലും പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. (റിപ്പോര്‍ട്ടിന്റെ ലിങ്ക്‌ )

മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിച്ച നന്‍പകല്‍ നേരത്ത് മയക്കം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് തിയേറ്ററുകളിലെത്തിച്ചത്. തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണുണ്ടായത്. മലയാളിയായ ജെയിംസിനെയും തമിഴനായ സുന്ദരത്തേയും അവതരിപ്പിച്ച മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച വലിയ കയ്യടി നേടിയിരുന്നു.

ലിജോയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് ആണ് തിരക്കഥ ഒരുക്കിയത്. രമ്യ പാണ്ട്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചലച്ചിത്രമേളയില്‍ നീണ്ട ക്യൂവാണ് ചിത്രം കാണാനുണ്ടായിരുന്നത്. ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡും ചിത്രം നേടിയിരുന്നു. മലയാളത്തിന് പുറമെ തമിഴകത്തും ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ജനുവരി 19നായിരുന്നു സിനിമ തിയേറ്ററുകളിലേക്കെത്തിയത്. ഫെബ്രുവരി 23ന് ചിത്രം ഒ.ടി.ടിയിലുമെത്തിയിരുന്നു.

Content Highlight: Lijo Jose Pellissery’s Nanpankal Nerath Mayakkam made it to the New York Times list