ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; നിശബ്ദത പരിഹാരമാകില്ല, മൊഴികളും പരാതികളും ഗൗരവത്തോടെ സമീപിക്കണം: ലിജോ ജോസ് പെല്ലിശ്ശേരി
Cinema
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; നിശബ്ദത പരിഹാരമാകില്ല, മൊഴികളും പരാതികളും ഗൗരവത്തോടെ സമീപിക്കണം: ലിജോ ജോസ് പെല്ലിശ്ശേരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 22, 10:09 am
Thursday, 22nd August 2024, 3:39 pm

കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നത്. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഹേമ കമ്മിറ്റി മുമ്പാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് താന്‍ അടിയുറച്ചു വിശ്വസിക്കുന്നു എന്നാണ് ലിജോ പറയുന്നത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്‍ പ്രതികരിച്ചത്. നിശബ്ദത ഇതിന് പരിഹാരമാകില്ലെന്നും ലിജോ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മുമ്പും തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞിട്ടുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമയില്‍ നിന്നുള്ള നിരവധിയാളുകള്‍ പ്രതികരണവുമായി എത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരസംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് നടിയും നിര്‍മാതവുമായ സാന്ദ്ര തോമസ് ഇന്ന് പ്രതികരിച്ചിരുന്നു.

കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്നും സാന്ദ്ര ചോദിച്ചിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്ന 15 അംഗ പവര്‍ ഗ്രൂപ്പിന്റെ പ്രാതിനിധ്യം സൂചിപ്പിക്കുന്നതാണ് ഈ മൗനം അര്‍ത്ഥമാക്കുന്നതെന്നും സാന്ദ്ര പറഞ്ഞു.

Content Highlight: Lijo Jose Pellissery’s Facebook Post About Hema Committee Report