പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ പ്രതീക്ഷയുടെ കൊടുമുടിയിലാണ്. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് വാലിബന്‍.
ചിത്രത്തിന്റെ ടീസറിലും ഗാനങ്ങളിലും ഴോണര്‍ എന്താണെന്ന് ഒരു സൂചനയും ലഭിച്ചിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ ഴോണര്‍ എന്തെന്ന ചോദ്യത്തിന് മറുപടിയുമായി വന്നിരിക്കുകയാണ് സംവിധായകന്‍.
‘ഈ സിനിമ ശെരിക്ക് പറഞ്ഞാല്‍ ഴോണര്‍ലെസ്സ് ആണ്. ഒരു കഥയാണ് ഈ സിനിമ. ഒരു കെട്ടുകഥ പോലെ അല്ലെങ്കില്‍ അമര്‍ചിത്രകഥ പോലെയൊക്കെ ഉള്ള ഒരു കഥ. ഒരു ആക്ഷന്‍ സിനിമ അല്ലെങ്കില്‍ ത്രില്ലര്‍ സിനിമ എന്ന് സ്‌പെസിഫിക് ആക്കുക എന്നതല്ല, ആ കഥ പറയുക എന്നതാണ് ഉദ്ദേശം. ആ കഥയില്‍ എന്തൊക്കെ വേണമോ അതൊക്കെ ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. നമുക്ക് പരിചയമുള്ള കോസ്റ്റിയൂംസ്, പരിചയമുള്ള സ്ഥലങ്ങള്‍ എല്ലാം ഇതില്‍ പറയുന്നുണ്ട്. അതില്‍ നിന്ന് നിങ്ങളാണ് ഇതിന്റെ ഴോണര്‍ എന്താണെന്ന് മനസിലാക്കേണ്ടത്’. ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
ജയ്‌സാല്‍മീര്‍, പൊഖ്‌റാന്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. മോഹന്‍ലാലിനെക്കൂടാതെ സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, സുചിത്ര നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തിലുണ്ട്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം. പി.എസ്. റഫീഖാണ് തിരക്കഥ. നായകന്‍, ആമേന്‍, എന്നീ സിനിമകള്‍ക്ക് ശേഷം ലിജോയും റഫീഖും ഒന്നിക്കുന്ന സിനിമ കൂടിയാണ് വാലിബന്‍.
ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്‌സിന്റെ ബാനറില്‍ ഷിബു ബേബി ജോണാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. ജനുവരി 25നാണ് സിനിമയുടെ റിലീസ്
Content Highlight: Lijo Jose Pellissery reveals the genre of Malaikkottai Vaaliban