| Thursday, 1st February 2024, 6:22 pm

'ട്രാന്‍സ് വുമണ്‍ വില്ലന്‍ കഥാപാത്രമായാല്‍ എന്താ?' വിമര്‍ശനത്തില്‍ പ്രതികരിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. കഴിഞ്ഞയാഴ്ച റിലീസായ സിനിമക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ഒരു ട്രാന്‍സ്‌വുമണ്‍ കഥാപാത്രത്തെ നെഗറ്റീവ് ഷേഡില്‍ അവതരിപ്പിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അതിനെക്കുറിച്ച് സംവിധായകന്‍ ലിജോ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ്. രേഖാ മേനോനുമായുള്ള അഭിമുഖത്തിലാണ് ലിജോ വിമര്‍ശനത്തിന് മറുപടി നല്‍കിയത്.

‘വിമര്‍ശിക്കുന്നവര്‍ പറയുന്ന കാര്യങ്ങളില്‍ ഒന്നാണ് സഞ്ജനയെപ്പോലെ ഒരു ട്രാന്‍സ്‌വുമണിനെ വില്ലന്‍ കഥാപാത്രമായി അവതരിപ്പിച്ചത്. അതിനെന്താ? അതുകൊണ്ട് എന്താണ് കുഴപ്പം? അത് വെറുമൊരു കഥാപാത്രമാണ്, സാങ്കല്‍പ്പികമാണ്, വെറും സിനിമയാണ്. ആ കഥാപാത്രത്തെ സഞ്ജന മനോഹരമായി അവതരിപ്പിച്ചു. ആ പെര്‍ഫോമന്‍സിനെ പ്രശംസിക്കാതെ എല്ലാവരും ചര്‍ച്ച ചെയ്യുന്നത് ഒരു ട്രാന്‍സ്‌വുമണിനെ വില്ലനായി കാണിച്ചതിനെപ്പറ്റിയാണ്.

ഇതിനെയെല്ലാം എങ്ങനെ അഡ്രസ് ചെയ്യണമെന്ന് എനിക്കറിയില്ല. പുരുഷനായിക്കോട്ടെ, സ്ത്രീയായിക്കോട്ടെ, ട്രാന്‍സാവട്ടെ. അതിനെ നിങ്ങളാണ് വേറൊരു രീതിയില്‍ കാണുന്നത്. ഞാന്‍ അങ്ങനോ കാണുന്നില്ല. അത്തരം വിമര്‍ശനങ്ങള്‍ വെറും സില്ലിയാണെന്ന് എനിക്ക് തോന്നുന്നു’ ലിജോ പറഞ്ഞു.

മോഹന്‍ലാലിനെക്കൂടാതെ ഹരീഷ് പേരടി, സൊണാലി കുല്‍ക്കര്‍ണി, മണികണ്ഠന്‍ ആചാരി, ഡാനിഷ് സേഠ്, സുചിത്ര നായര്‍ എന്നിവരും സിനിമയിലുണ്ട്. പി.എസ്. റഫീക്കാണ് സിനിമയുടെ തിരക്കഥ. പ്രശാന്ത് പിള്ള സംഗീത സംവിധാനവും മധു നീലകണ്ഠന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്‌സിന്റെ ബാനറില്‍ ഷിബു ബേബി ജോണാണ് നിര്‍മാണം.

Content Highlight: Lijo Jose Pellissery reacts to the criticism about casting a transwomen character as villain

We use cookies to give you the best possible experience. Learn more