| Saturday, 24th February 2024, 1:10 pm

നാടകത്തിലെ പോലെയുള്ള ഡയലോഗ് മനപൂര്‍വ്വം ഉള്‍പ്പെടുത്തിയതാണ്; വാലിബനെക്കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ സിനിമാലോകം പ്രതീക്ഷയിലായിരുന്നു.  ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. സിനിമയിലെ സംഭാഷണങ്ങളെക്കുറിച്ചുള്ള വിമര്‍ശനത്തിന് മറുപടിയുമായി വന്നിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലിജോ ഇക്കാര്യം വ്യക്തമാക്കിയത്.

നാടകീയമായിട്ടുള്ള സംഭാഷണങ്ങള്‍ മനപൂര്‍വം ഉള്‍പ്പടുത്തിയതാണെന്നും, ഈ സിനിമയില്‍ നാടകത്തിന്റെ എലമെന്റ്‌സ് കൂടുതല്‍ ഉള്ളതുകൊണ്ടാണ് അങ്ങനെയൊരു കാര്യം ചെയ്തതെന്നും ലിജോ വ്യക്തമാക്കി.

‘പലരും പറയുന്നത് കേട്ടിരുന്നു, സംഭാഷണങ്ങളില്‍ വല്ലാണ്ട് നാടകീയത തോന്നുന്നുണ്ടെന്ന്. അത്തരം സംഭാഷണങ്ങള്‍ മനപൂര്‍വം തന്നെയാണ് സിനിമയില്‍ ഉപയോഗിച്ചത്. നമ്മളൊക്കെ സാധാരണ ഉപയോഗിക്കുന്ന സംഭാഷണങ്ങള്‍ ഇതില്‍ കൊണ്ടുവന്നാല്‍ ശെരിയാകില്ലെന്ന് തോന്നി. ഒരു സിനിമാ സെറ്റിങ്ങനെക്കാള്‍ ഡ്രാമാ സെറ്റിങ്ങാണ് ഇതില്‍ ഉള്ളത്. സ്‌ക്രീനില്‍ കാണുമ്പോള്‍ അത് മനസിലാവും. കഥാപാത്രങ്ങളുടെ പ്ലേസിങ്ങ് സിനിമാറ്റികിനെക്കാള്‍ ഡ്രാമാറ്റിക് ആയിട്ടാണ് വാലിബനില്‍ ഉപയോഗിച്ചിട്ടുള്ളത്. സിനിമയും ഡ്രാമയും കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ഇതില്‍,’ ലിജോ പറഞ്ഞു.

മോഹന്‍ലാലിനെക്കൂടാതെ ഹരീഷ് പേരടി, സൊണാലി കുല്‍ക്കര്‍ണി, സുചിത്ര നായര്‍, മണികണ്ഠന്‍ ആചാരി, ഡാനിഷ് സേട്ട് എന്നിവരും സിനിമയിലുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിർവഹിച്ച  ചിത്രം ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്‌സിന്റെ ബാനറില്‍ ഷിബു ബേബി ജോണാണ്  നിർമിച്ചത്. ജയ്‌സാല്‍മേര്‍, പൊഖ്‌റാന്‍, ചെന്നൈ എന്നിവിടങ്ങളിലായി ഒരു വര്‍ഷത്തോളമായിരുന്നു സിനിമയുടെ ചിത്രീകരണം.

Content Highlight: Lijo Jose Pellissery about the dramatic dialogues used in Malaikkottai Vaaliban

We use cookies to give you the best possible experience. Learn more