| Tuesday, 28th March 2023, 9:39 pm

ശോശന്നയാവാന്‍ എല്ലാ നടിമാര്‍ക്കും പറ്റില്ല; സ്വാതിയെ തെരഞ്ഞെടുക്കാന്‍ ഒരു കാരണമുണ്ട്: ലിജോ ജോസ് പെല്ലിശ്ശേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളില്‍ ഒന്നാണ് ആമേന്‍. മലയാളി പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ വഴി തുറന്ന ചിത്രം കൂടിയായിരുന്നു ആമേന്‍.

2013ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ കുമരങ്കരിയും ഗീവര്‍ഗീസ് പുണ്യാളനെയും സോളമനെയും ശോശന്നയെയുമെല്ലാം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

ആമേനിലേക്ക് ശോശന്നയെന്ന കഥാപാത്രത്തിനായി സ്വാതി റെഡ്ഡിയെ തെരഞ്ഞെടുത്തതിന് പിന്നിലെ കഥ പറയുകയാണ് എല്‍.ജെ.പി. കണ്ണുകള്‍ കൊണ്ട് സംസാരിക്കുകയും ആംഗ്യങ്ങള്‍ കൊണ്ട് എക്‌സ്പ്രസ് ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്ന ആളെയായിരുന്നു ശോശന്ന എന്ന കഥാപാത്രത്തിന് ആവശ്യമെന്നും സ്വാതി അതിന് കാപ്പബിള്‍ ആയ ഒരാളാണെന്നും എല്‍.ജെ.പി പറഞ്ഞു.

‘ശോശന്നയെ കുറിച്ച് ഒരു രൂപം രൂപപ്പെട്ടപ്പോ ശോശന്ന വലിയ കണ്ണുകളുള്ള, കണ്ണുകൊണ്ട് എക്‌സ്പ്രസ് ചെയ്യാന്‍ പറ്റുന്ന ആളായിരിക്കണം എന്നുണ്ടായിരുന്നു. അതായിരുന്നു എന്റെ ഫസ്റ്റ് ബ്രീഫ്.

താഴെ നില്‍ക്കുന്ന കാമുകനെ ഒരുപക്ഷേ ഒന്നും പറയാതെ, ഒച്ചയെടുത്ത് വിളിച്ച് സംസാരിക്കാതെ കണ്ണുകൊണ്ടും കൈകൊണ്ടും ആംഗ്യങ്ങള്‍ മാത്രം കാണിച്ച് അത് എക്‌സ്പ്രസ് ചെയ്യാന്‍ പറ്റുന്ന ഒരാളായിരിക്കണം അതിലെ ഹീറോയിന്‍. മാത്രമല്ല ഒരു ആക്ട്രസ് എന്ന നിലയില്‍ സ്വാതി എനിക്ക് വളരെ കേപ്പബിള്‍ ആയ ഒരാളായാണ് തോന്നിയത്,’ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

ഫഹദ് ഫാസില്‍, ഇന്ദ്രജിത് എന്നിവരുള്‍പ്പെടെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

1930കളില്‍ മലയാള സിനിമയിലെ സജീവ സാന്നിധ്യമായ ക്ലാരിനെറ്റ് നോട്ടുകളിലൂടെയാണ് കഥ പറയുന്നത്.

ചിത്രത്തില്‍ കപ്യാരായ സോളമനായാണ് ഫഹദ് എത്തുന്നത്. ശോശന്നയായി സ്വാതി റെഡ്ഡിയും വേഷമിട്ട ചിത്രം കുമരങ്കരി എന്ന ഗ്രാമത്തേയും, സോളമന്റെയും ശോശന്നയുടെയും പ്രണയവും, ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളിയുമെല്ലാം കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്.

പി.എസ് റഫീഖ് ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. കാവാലം നാരായണന്‍ പിള്ളയാണ് സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി വരികളെഴുതിയത്.

Content Highlight: Lijo jose pellissery about shoshanna

We use cookies to give you the best possible experience. Learn more