| Wednesday, 18th September 2024, 9:31 am

ഞാൻ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിന്റെ ഭാഗമല്ല, ആശയത്തോട് യോജിക്കുന്നു: ലിജോ ജോസ് പെല്ലിശ്ശേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: താൻ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന കൂട്ടായ്മയുടെ ഭാഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതക്കളുടെ സ്വതന്ത്ര കൂട്ടായ്‌മയെന്ന ആശയത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ താൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി തന്റെ ഭാഗത്ത്‌ നിന്നുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അതുവരെ തന്റെ പേരിൽ പ്രചരിക്കുന്നതൊന്നും തന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

‘മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു.

അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല,’ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

മലയാളത്തിലെ സിനിമാ സംഘടനകള്‍ക്ക് ബദലായി പുതിയ സംഘടന സ്ഥാപിക്കാന്‍ അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെ പേരില്‍  കഴിഞ്ഞ ദിവസം സംവിധായകന്‍ അനുരാഗ് കശ്യപ് ഒരു സർക്കുലർ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.

ചലച്ചിത്രമേഖലയിലെ പുരോഗമന കാഴ്ച്ചപാടുള്ള പ്രവര്‍ത്തകരുടെ കൂട്ടായമയാകും ഇതെന്നും പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ എന്നായിരിക്കും സംഘടനയുടെ പേരെന്നുമായിരുന്നു അന്ന് പുറത്ത് വിട്ടത്. രാജീവ് രവി, ആഷിഖ് അബു, റീമ കല്ലിങ്കല്‍ , ബിനീഷ് ചന്ദ്ര എന്നിവരും സംഘടനയില്‍ അംഗങ്ങളാകുമെന്നായിരുന്നു വിവരങ്ങൾ.

Content Highlight: Lijo Jose Pellissery About Progressive  film Makers

We use cookies to give you the best possible experience. Learn more