'ഏത് ഉടയതമ്പുരാനായാലും തൊഴുത്തില്‍ കുത്തികളെ ചരിത്രം ജൂദാസായി അടയാളപ്പെടുത്തും; അവാര്‍ഡ് വലിച്ചെറിഞ്ഞവര്‍ക്ക് പടക്കം പൊട്ടുന്ന കൈയ്യടി': ലിജോ ജോസ് പെല്ലിശ്ശേരി
National Award Controversy
'ഏത് ഉടയതമ്പുരാനായാലും തൊഴുത്തില്‍ കുത്തികളെ ചരിത്രം ജൂദാസായി അടയാളപ്പെടുത്തും; അവാര്‍ഡ് വലിച്ചെറിഞ്ഞവര്‍ക്ക് പടക്കം പൊട്ടുന്ന കൈയ്യടി': ലിജോ ജോസ് പെല്ലിശ്ശേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd May 2018, 10:15 pm

കൊച്ചി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. അവാര്‍ഡ് വേദിയില്‍ പ്രതിഷേധം അറിയിച്ച കലാകരന്‍മാര്‍ക്ക് പടക്കം പൊട്ടുന്ന കൈയ്യടിയെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

തൊഴുത്തില്‍ക്കുത്തികളായവരെ ചരിത്രം എന്നും ഓര്‍ത്തിരിക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. അതേസമയം അവാര്‍ഡ് ദാന ചടങ്ങ് നിഷേധിച്ച കലാകാരന്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.

എത്ര വലിയ അവാര്‍ഡായാലും അത് അര്‍ഹതപ്പെട്ട കലാകാരന്‍ വേണ്ടെന്നു വച്ചാല്‍ അതിന് പിന്നെ ആക്രിയുടെ വില മാത്രമേയുള്ളുവന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി അഭിപ്രായപ്പെട്ടത്.


ALSO READ: അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌ക്കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്ന് ജയരാജ്


കലാകാരന്‍ തിരസ്‌കരിച്ച ദേശീയ അവാര്‍ഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം . ഏത് ഉടയതമ്പുരാനായാലും തൊഴുത്തില്‍ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും.

“പടക്കം പൊട്ടുന്ന കയ്യടി
സ്വര്‍ണ്ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന് .കാറി നീട്ടിയൊരു തുപ്പ്
മേല്‍ പറഞ്ഞത് പൊള്ളുന്നവരുടെ മുഖത്ത് .

ഉരുക്കിന്റെ കോട്ടകള്‍ ,
ഉറുമ്പുകള്‍ കുത്തി മറിക്കും .
കയ്യൂക്കിന്‍ ബാബേല്‍ ഗോപുരം ,
പൊടിപൊടിയായ് തകര്‍ന്നമരും .

അപമാനിക്കപ്പെട്ട കലാകാരന്മാര്‍ക്ക്
ഐക്യദാര്‍ഢ്യം” എന്നാണ് ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ജയരാജ് രംഗത്തെത്തിയിരുന്നു. ചടങ്ങ് ഒരു വിഭാഗം ബഹിഷ്‌ക്കരിച്ചത് തെറ്റായിപ്പോയെന്നും ബഹിഷ്‌ക്കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്നും ജയരാജ് പറഞ്ഞു.

11 പേര്‍ക്കെ രാഷ്ട്രപതി പുരസ്‌കാരം നല്‍കുകയുള്ളൂവെന്ന് അറിയിച്ചതോടെയാണ് മലയാള സിനിമാ തരങ്ങളടക്കം ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നത്. ജയരാജും യേശുദാസും മാത്രമാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാരം വാങ്ങിയത്.


ALSO READ: തൂക്കിവിറ്റാല്‍ അരി വാങ്ങാനുള്ള തുക കിട്ടാത്ത ലോഹ കഷ്ണങ്ങള്‍ മാത്രമാണ് അവരുടെ അവാര്‍ഡുകള്‍’; ജയരാജിനോടും യേശുദാസിനോടും സഹതാപം മാത്രമെന്നും സനല്‍കുമാര്‍ ശശിധരന്‍


പുരസ്‌കാരദാനച്ചടങ്ങ് മാത്രമാണ് ബഹിഷ്‌ക്കരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധ മെമ്മോറാണ്ടത്തില്‍ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നതായി നടി പാര്‍വതി വിശദീകരിച്ചു. പിന്നീട് സംഭവിച്ചത് എന്താണെന്ന് അവര്‍ക്ക് മാത്രമേ അറിയൂവെന്ന് നടി പാര്‍വ്വതിയും പറഞ്ഞിരുന്നു.

ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ 140 അവാര്‍ഡ് ജേതാക്കളില്‍ 68 പേരാണ് ബഹിഷ്‌ക്കരിച്ചത്. പുരസ്‌കാരം വാങ്ങാതെ നടന്‍ ഫഹദ് ഫാസിലടക്കമുള്ളവര്‍ വേദിയിലേക്ക് പോയിരുന്നില്ല. ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ കസേരകളടക്കം ഒഴിവാക്കിയാണ് സര്‍ക്കാര്‍ പരിപാടി നടത്തിയിരുന്നത്.