മലയാള സിനിമക്ക് വേറിട്ടൊരു രൂപം നല്‍കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്താരാഷ്ട്ര തലത്തില്‍ വരെ ലിജോയുടെ സിനിമകള്‍ ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ തിളങ്ങിയിട്ടുമുണ്ട്.
കുറഞ്ഞ സിനിമകളിലൂടെത്തന്നെ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ എന്ന ബ്രാന്‍ഡ് ആയി മാറാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കണ്ടു മടുത്ത ശൈലിയില്‍ നിന്നും മാറിയുള്ള ചിത്രങ്ങളാണ് ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യാറുള്ളത്. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ആയിരുന്നു ഏറ്റവും ഒടുവിലിറങ്ങിയ അദ്ദേഹത്തിന്റെ സിനിമ.
ആമേൻ എന്ന സിനിമയാണ് മലയാളികൾക്കിടയിൽ ലിജോയെ സ്വീകാര്യനാക്കിയത്. കെ.ജി.ജോർജിന്റെ പഞ്ചവടിപ്പാലം എന്ന സിനിമയിലെ പാലത്തിനെ പോലെയാണ് ആമേനിൽ പള്ളിയെ അവതരിപ്പിക്കുന്നതെന്നും എന്നാൽ മലയാളികൾ കാണാത്ത വിധത്തിലുള്ള ഒരു ഗ്രാമത്തിൽ കഥ പറയുകയെന്നതായിരുന്നു തന്റെ പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറയുന്നു.
സത്യൻ അന്തിക്കാട് സിനിമകളിൽ മലയാളികൾ കണ്ടിട്ടുള്ള ഗ്രാമ ദൃശ്യങ്ങളെ ബ്രേക്ക് ചെയ്യാനാണ് താൻ ശ്രമിച്ചതെന്നും അതിനൊപ്പം ചില കാര്യങ്ങൾ കൂട്ടിച്ചേർത്തുമാണ് ആമേൻ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കോമിക്ക് വായിക്കുമ്പോഴുള്ള അനുഭവം സിനിമയാക്കാനാണ് ഡബ്ബിൾ ബാരലിലൂടെ താൻ ശ്രമിച്ചതെന്നും എന്നാൽ അത് വിചാരിച്ച പോലെ വർക്കായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളിയെ സംബന്ധിച്ച് ഗ്രാമം, സത്യൻ അന്തിക്കാടിന്റെ സിനിമയിലെ ദൃശ്യങ്ങളാണ്. അതിനെ ബ്രേക്ക് ചെയ്യുകയെന്നതായിരുന്നു ആമേന്റെ വെല്ലുവിളി
– ലിജോ ജോസ് പെല്ലിശ്ശേരി
‘പഞ്ചവടിപ്പാലത്തിലെ പാലമാണ് ആമേനിലെ പള്ളി. മ്യൂസിക്കും അതുമായി ബന്ധപ്പെട്ട മത്സരവുമെല്ലാം സമാന്തരമായ കഥാതന്തു മാത്രമാണ്. പറയുന്ന വിഷയം ഒരു സ്ഥാപനവും അത് പൊളിക്കാനും സംരക്ഷിക്കാനുമായി നിൽക്കുന്ന രണ്ടുതട്ടിലുള്ള ആളുകളുമാണ്. എന്നാൽ, ആ സിനിമ ചെയ്യുമ്പോഴുണ്ടായിരുന്ന പ്രധാന വെല്ലുവിളി മറ്റൊന്നായിരുന്നു.
മലയാളിയെ സംബന്ധിച്ച് ഗ്രാമം എന്നുപറയുമ്പോൾ മനസിൽ വരിക സത്യൻ അന്തിക്കാടിന്റെ സിനിമയിലെ ദൃശ്യങ്ങളാണ്. അതിനെ ബ്രേക്ക് ചെയ്യുകയെന്നതായിരുന്നു ആമേൻ ചെയ്യുമ്പോഴുള്ള ആദ്യ വെല്ലുവിളി. അത് മറികടന്നാലേ പുതിയ രീതിയിലുള്ള ഗ്രാമത്തിലെ കഥ പറയാനാവൂ. ആമേനിലെ റ്റൈലിങ്ങും വിഷ്വൽ പാറ്റേണും അതിനെ സമീപിച്ച രീതിയുമെല്ലാം അങ്ങനെ ഉണ്ടായിവന്നതാണ്. അതിനോടൊപ്പം ചെറിയ കാര്യങ്ങളൊക്കെ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടു.
കോമിക്കുകളിലനുഭവപ്പെടുന്ന അന്തരീക്ഷത്തിൽ സിനിമയുണ്ടാക്കിയാൽ എങ്ങനെയിരിക്കുമെന്ന ആകാംക്ഷയിൽ നിന്നാണ് ഡബ്ബിൾ ബാരൽ പിറന്നത്. എന്നാൽ, ആ സിനിമയും ഉണ്ടായിവന്നപ്പോൾ ഞാനുദ്ദേശിച്ചതിൽ നിന്ന് ഏറെ മാറിപ്പോയി. മനസിൽ കാണുന്നത് അതേപോലെ സ്ക്രീനിലേക്ക് കൊണ്ടുവന്നാലേ സിനിമ ശരിയാവൂ,’ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.
Content Highlight: Lijo Jose Pellissery About Making Of Amen Movie