Entertainment
ആ സിനിമ ഞാൻ ഉദ്ദേശിച്ചതിൽ നിന്ന് ഏറെ മാറിപ്പോയി, മനസിലുള്ളതല്ല സ്‌ക്രീനിൽ കിട്ടിയത്: ലിജോ ജോസ് പെല്ലിശ്ശേരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 09, 04:55 pm
Sunday, 9th February 2025, 10:25 pm

മലയാള സിനിമക്ക് വേറിട്ടൊരു രൂപം നല്‍കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്താരാഷ്ട്ര തലത്തില്‍ വരെ ലിജോയുടെ സിനിമകള്‍ ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ തിളങ്ങിയിട്ടുമുണ്ട്.

കുറഞ്ഞ സിനിമകളിലൂടെത്തന്നെ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ എന്ന ബ്രാന്‍ഡ് ആയി മാറാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കണ്ടു മടുത്ത ശൈലിയില്‍ നിന്നും മാറിയുള്ള ചിത്രങ്ങളാണ് ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യാറുള്ളത്. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ആയിരുന്നു ഏറ്റവും ഒടുവിലിറങ്ങിയ അദ്ദേഹത്തിന്റെ സിനിമ.

ലിജോയുടെ ഒരു പരാജയ ചിതമായിരുന്നു ഡബ്ബിൾ ബാരൽ. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആര്യ തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ച സിനിമ അന്നുവരെ മലയാളികൾ കാണാത്ത തരത്തിലുള്ള ഒരു സിനിമാനുഭവമായിരുന്നു. ഒരു കോമിക്ക് പുസ്തകം പോലെ ഒരുക്കി വെച്ച ചിത്രം അന്ന് വലിയ രീതിയിൽ വിമർശിക്കപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു സിനിമയായി ഡബിൾ ബാരൽ മാറി. ലിജോയുടെ മികച്ച ചിത്രങ്ങളിൽ ഒന്നായാണ് ഇന്ന് ഡബിൾ ബാരൽ വാഴ്ത്തപ്പെടുന്നത്.

കോമിക്ക് വായിക്കുമ്പോഴുള്ള അനുഭവം സിനിമയാക്കാനാണ് ഡബ്ബിൾ ബാരലിലൂടെ താൻ ശ്രമിച്ചതെന്നും എന്നാൽ അത് വിചാരിച്ച പോലെ വർക്കായില്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. താൻ ഉദ്ദേശിച്ചതിൽ നിന്ന് ഏറെ മാറിപ്പോയ സിനിമയാണ് അതെന്നും മനസിൽ കാണുന്നത് അതേപോലെ സ്ക്രീനിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞാല്ലേ സിനിമ നന്നാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കോമിക്കുകളിലനുഭവപ്പെടുന്ന അന്തരീക്ഷത്തിൽ സിനിമയുണ്ടാക്കിയാൽ എങ്ങനെയിരിക്കുമെന്ന ആകാംക്ഷയിൽ നിന്നാണ് ഡബ്ബിൾ ബാരൽ പിറന്നത്. എന്നാൽ, ആ സിനിമയും ഉണ്ടായിവന്നപ്പോൾ ഞാനുദ്ദേശിച്ചതിൽ നിന്ന് ഏറെ മാറിപ്പോയി.

മനസിൽ കാണുന്നത് അതേപോലെ സ്ക്രീനിലേക്ക് കൊണ്ടുവന്നാലേ സിനിമ ശരിയാവൂ,’ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

Content Highlight: Lijo Jose Pellissery About Double Barrel  MOVIE