| Thursday, 19th December 2024, 10:39 am

പൊളിറ്റിക്കല്‍ കറക്ട്‌നെസ് നോക്കാതെയാണ് ഞാന്‍ ആ ചിത്രമെടുത്തത്: ലിജോ ജോസ് പെല്ലിശ്ശേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമക്ക് വേറിട്ടൊരു രൂപം നല്‍കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്താരാഷ്ട്ര തലത്തില്‍ വരെ ലിജോയുടെ സിനിമകള്‍ ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ തിളങ്ങിയിട്ടും ഉണ്ട്. കുറഞ്ഞ സിനിമകളിലൂടെത്തന്നെ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ എന്ന ബ്രാന്‍ഡ് ആയി മാറാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കണ്ടു മടുത്ത ശൈലിയില്‍ നിന്നും മാറിയുള്ള ചിത്രങ്ങളാണ് ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യാറുള്ളത്.

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. വലിയ ഹൈപ്പില്‍ എത്തിയ ചിത്രം എന്നാല്‍ വലിയരീതിയിലുള്ള പ്രേക്ഷക പ്രീതി നേടിയില്ല. സിനിമയെ സിനിമയായി കാണാന്‍ ആളുകള്‍ തുടങ്ങിയപ്പോള്‍ ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍ എന്ന് പറയുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഒരു പൊളിറ്റിക്കല്‍ കറക്ട്‌നെസും നോക്കാതെയാണ് ആ ചിത്രം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരു സിനിമ കഴിയുമ്പോള്‍ ഏറ്റവും ഇന്‍ട്രസ്റ്റിങ് ആയതെന്താണോ അതില്‍ നിന്നാണ് ഞാന്‍ എടുക്കാറുള്ളത്. ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ഒരു സ്റ്റാര്‍ വേണോ വേണ്ടയോ ഉള്ളതൊന്നും എന്നെ സംബന്ധിച്ച് വലിയ കാര്യമാക്കുന്നില്ല. മലൈക്കോട്ടൈ വാലിബന്‍ എന്നത് കുറേ കാലമായി പ്ലാന്‍ ചെയ്ത് വന്ന സിനിമയൊന്നും അല്ല.

കൊവിടിന്റെ സമയത്ത് അത് പെട്ടന്ന് വന്നൊരു സിനിമയാണ്. അങ്ങനെ ഞാന്‍ അതില്‍ ഉള്‍പ്പെട്ടു. ആ സാഹചര്യത്തില്‍ ഉണ്ടായി വന്ന ഒരു പ്ലോട്ടിനെ വലിയ രീതിയില്‍ പറയാനുള്ള സ്‌പേസ് ഉണ്ടായി. മാത്രമല്ല ആളുകള്‍ കുറച്ചുകൂടി റിയലിസത്തില്‍ നിന്ന് മാറി കുറച്ചുകൂടെ ഫാന്റസിയെല്ലാം ചേര്‍ത്ത് സിനിമയെ ‘സിനിമ’ ആയി കാണുന്ന സാഹചര്യമാണ് എനിക്ക് തോന്നി.

വേറെ ഒരു പൊളിറ്റിക്സും പൊളിറ്റിക്കല്‍ കറക്ട്‌നെസും നോക്കാതെ ഒരു സിനിമ തിയേറ്ററില്‍ നിന്ന് എക്‌സ്പീരിയന്‍സ് ചെയ്യാനുള്ള അവസരമായിരുന്നു വാലിബന്‍. ഒരു പൊളിറ്റിക്കല്‍ കറക്ട്‌നെസും നോക്കാതെ ഞാന്‍ ചെയ്ത ചിത്രമായിരുന്നു അത്,’ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

Content Highlight: Lijo Jose Pellisseri Talks About Malaikottai Valiban

We use cookies to give you the best possible experience. Learn more