| Friday, 23rd December 2022, 5:20 pm

പ്രവചനങ്ങള്‍ സത്യമായി; എല്‍.ജെ.പി-മോഹന്‍ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്റെ പേര്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചിത്രത്തെ പറ്റിയുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയ മുഴുവന്‍.

ടൈറ്റില്‍ പോസ്റ്ററിനെ പല കഷ്ണങ്ങളാക്കി ക്രമം തെറ്റിച്ച് മിനിട്ടുകളുടെ വ്യത്യാസത്തില്‍ മോഹന്‍ലാല്‍ ഡിസംബര്‍ 21 മുതല്‍ പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ പല ഊഹാപോഹങ്ങളാണ് ചിത്രത്തെ പറ്റി പുറത്ത് വന്നുകൊണ്ടിരുന്നത്. പല പേരുകള്‍ ചര്‍ച്ചയിലുയര്‍ന്നിരുന്നു. മലൈക്കോട്ടൈ വാലിബനും അതിലൊന്നായിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വന്നതോടെ സസ്‌പെന്‍സിന് വിരാമമായിരിക്കുകയാണ്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ നായികയായി എത്തുന്നത് രാധിക ആപ്‌തെയാണ്. ഒക്ടോബര്‍ 25 നാണ് മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇനിയും പുറത്തുവിട്ടിട്ടില്ല.

ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ് സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറില്‍ ഷിബു ബേബി ജോണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ആദ്യ നിര്‍മാണ സംരംഭമാണ് ഇത്. മോഹന്‍ലാലിന്റെ നിലവില്‍ പുരോഗമിക്കുന്ന ജീത്തു ജോസഫ് ചിത്രം റാമിന്റെ ചിത്രീകരണത്തിന് ശേഷമാകും മോഹന്‍ലാല്‍ ലിജോയുടെ സിനിമയ്ക്ക് ഡേറ്റ് നല്‍കുക. 2023 ഓടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചുരുളിയാണ് ഒടുവില്‍ പുറത്ത് വന്ന ലിജോയുടെ ചിത്രം. മമ്മൂട്ടിയുമായി ആദ്യമായി ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കമാണ് റിലീസിന് ഒരുങ്ങുന്ന എല്‍.ജെ.പി ചിത്രം. വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്ററാണ് ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം.

Content Highlight: lijo jose pellisser- mohanlal movie title poster out

We use cookies to give you the best possible experience. Learn more