| Friday, 26th January 2024, 8:46 pm

'ഇനി വരുന്ന കുട്ടികൾക്ക് ആ അനുഭവം കിട്ടാൻ പോകുന്നില്ല; അവർക്ക് ഞാൻ കൊടുക്കുന്ന ട്രിബ്യൂട്ടാണ് മലൈക്കോട്ടൈ വാലിബൻ'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് മലൈക്കോട്ട വാലിബൻ. ഒരു അമർ ചിത്ര കഥയുടെ പശ്ചാത്തലത്തിൽ ലിജോ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലൈക്കോട്ടൈ വാലിബന്റെ വിശേഷങ്ങൾ വാർത്താ സമ്മേളനത്തിൽ പങ്കുവെക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.

തന്റെ ചെറുപ്പത്തിൽ അമ്മൂമ്മമാർ വട്ടത്തിലിരുന്ന് കഥ പറഞ്ഞു തന്നിരുന്നെന്നും എന്നാൽ ഇന്നത്തെ ജനറേഷനിൽ കുറവാണെന്നും ലിജോ പറഞ്ഞു. അങ്ങനെയുള്ള അനുഭവം ഇനി വരുന്ന കുട്ടികൾക്ക് കിട്ടാൻ പോകുന്നില്ലെന്നും അങ്ങനെയുള്ള കുട്ടിക്ക് കൊടുക്കുന്ന ട്രിബ്യൂട്ടാണ് ഈ സിനിമയെന്നും ലിജോ കൂട്ടിച്ചേർത്തു.

‘എന്റെയൊക്കെ ചെറുപ്പത്തിൽ വീട്ടിൽ അമ്മൂമ്മമാരുടെ ചുറ്റും ഇരുന്നിട്ട് കഥ കേൾക്കുന്ന ഒരു അനുഭവമുണ്ട്. അത്തരത്തിൽ അനുഭവം ഇല്ലാത്ത ഒരു ജനറേഷനിലൂടെയാണ് ഇപ്പോൾ നമ്മൾ കടന്നുപൊയ്കൊണ്ടിരിക്കുന്നത്. അങ്ങനെയുള്ള അനുഭവം ഇനി വരുന്ന കുട്ടികൾക്ക് കിട്ടാൻ പോകുന്നില്ല. അന്നത്തെ കഥകൾ കുട്ടികൾ ഉണ്ടാക്കുന്ന ഒരു എക്സൈറ്റ്മെന്റ് ഉണ്ട്.

അമാനുഷികരായ ഹീറോസ്, ഭൂതങ്ങളുടെ കഥ, നിധിയുടെ കഥ, കള്ളന്മാരുടെ കഥ തുടങ്ങി ഒരുപാട് കഥകൾ ഞാൻ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്. അത്തരം ഒരു അനുഭവമാണ് എന്റെ ഉള്ളിൽ കിടക്കുന്നത്. ആ കുട്ടിക്ക് വേണ്ടി, ഞാൻ കൊടുക്കുന്ന ട്രിബ്യൂട്ട് പോലെയുള്ള സിനിമയാണിത്. ആ കഥ കേൾക്കുന്ന സുഖം ഉണ്ടാക്കാൻ ഉറപ്പായിട്ടും ഈ സിനിമക്ക് കഴിയും. അതിൽ പൂർണമായിട്ട് വിശ്വസിച്ചാണ് ഈ സിനിമ എടുത്തിട്ടുള്ളത്. അത് ഉറപ്പായിട്ടും ഈ സിനിമക്ക് കഴിയും. അത് പൂർണമായി വിശ്വസിച്ചിട്ടാണ് ഈ സിനിമ എടുത്തിട്ടുള്ളത്. ഇത് ഒരു അബദ്ധമല്ല,’ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് വ്യഴാഴ്ച റിലീസ് ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമാണ് വാലിബൻ. മോഹൻലാലിന് പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Lijo jose pellisheri  about why he made malaikoottai valiban

Latest Stories

We use cookies to give you the best possible experience. Learn more