| Tuesday, 30th January 2024, 9:38 pm

മലൈക്കോട്ടൈ വാലിബൻ ഇറങ്ങിയതിന് ശേഷം പ്രസ് മീറ്റ് കൊടുക്കാൻ കാരണം അതാണ്: ലിജോ ജോസ് പെല്ലിശ്ശേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊതുവെ തന്റെ സിനിമകൾക്ക് നേരെ വരുന്ന വിമർശനത്തോട് പ്രതികരിക്കാത്ത ആൾ എന്തുകൊണ്ട് മലൈക്കോട്ടൈ വാലിബന്റെ സമയത്ത് പ്രതികരിച്ചു എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ലിജോ.

സിനിമ റിലീസ് ചെയ്ത് രണ്ടുദിവസം കഴിഞ്ഞപ്പോൾ ഇതിനെ പറ്റിയുള്ള ചർച്ച വേറൊരു രീതിയിലേക്ക് പോകുന്നത് കണ്ടപ്പോഴാണ് താൻ പ്രസ് മീറ്റ് വിളിച്ചതെന്ന് ലിജോ പറഞ്ഞു. ഒരു സിനിമ കാണുന്നതും കാണാത്തതും പ്രേക്ഷകന്റെ ഇഷ്ടമാണെന്നും എന്നാൽ ഒരാളെ കാണിപ്പിക്കാതിരിക്കുന്നതാണ് പ്രശ്‌നമെന്നും ലിജോ ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘മലൈക്കോട്ടൈ വാലിബൻ എനിക്ക് ഭയങ്കര സ്പെഷ്യൽ ആയിട്ടുള്ള സിനിമയാണ്. അത് സ്പെഷ്യൽ ആവാനുള്ള കാരണം ഞാൻ ചെറുപ്പം മുതലേ എനിക്ക് ഉണ്ടായിട്ടുള്ള ഓരോ ചെറിയ ചെറിയ ഇൻസിഡന്റ്സും ചേർത്ത് വെച്ചിട്ടുള്ള ഒരു സിനിമയാണത്. സിനിമയിൽ നിന്നും, അതുപോലെ എന്റെ മുത്തശ്ശിയുടെ അടുത്തുനിന്ന് കേട്ട് കഥയിൽനിന്നും, ചുറ്റുപാടിൽ നിന്നും, അമർചിത്രകഥ, കോമിക്സ് എല്ലാത്തിൽ നിന്നും വന്നൊരു സിനിമയാണിത്.

ഈ സിനിമക്ക് വേണ്ടി എടുത്ത റഫറൻസ് എണ്ണി തിട്ടപ്പെടുത്തുന്നതിലുമപ്പുറമാണ്. അത്രയും എഫേർട്ട് എടുത്തിട്ടുണ്ട്. ഒരിക്കലും അത് ഇത്രത്തോളം സെലിബ്രേറ്റ് ചെയ്യണം എന്നല്ല പറയുന്നത്. ക്രിട്ടിസിസം ഞങ്ങൾ ഒരുപാട് വെൽക്കം ചെയ്യുന്നുണ്ട് . സിനിമ റിലീസ് ചെയ്ത് രണ്ടുദിവസം കഴിഞ്ഞപ്പോൾ ഇതിനെ പറ്റിയുള്ള ചർച്ച വേറൊരു രീതിയിലേക്കാണ് പോകുന്നത് എന്നെനിക്ക് തോന്നി.

ഈയൊരു സിനിമയ്ക്ക് വേണ്ടി പണിയെടുത്ത ഓരോ ആളുകളും അവരൊന്നും ചിത്രത്തിൽ ഇല്ലാത്ത പോലെ തോന്നി. അവിടെ ആകെ ചർച്ച ചെയ്യപ്പെടുന്നത് മലയാളം സിനിമയിലെ ഏറ്റവും മോശപ്പെട്ട സിനിമ എന്ന രീതിയിലാണ്. അതെന്നെ ഒരുപാട് സങ്കടപ്പെടുത്തി. എന്നെ മാത്രമല്ല ഈ സിനിമയ്ക്ക് വേണ്ടി ഒന്നര വർഷം രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ട എല്ലാവർക്കും അതൊരു സങ്കടമായിട്ടുണ്ട്.

പൊതുവെ ഞാൻ ഒരിക്കലും എന്റെ സിനിമകൾ എന്തിന് കാണണം എന്ന് പറയാറില്ല. പക്ഷേ ഈ സിനിമ അങ്ങനെയല്ല. ഞാൻ തന്നെ അത് പറയേണ്ടിയിരിക്കുന്നു. ചർച്ച വേറെ രീതിയിലേക്ക് പോകുമ്പോൾ ആളുകൾ ഒരു സിനിമയ്ക്ക് നേരെ ഇങ്ങനെ കല്ലെറിയുമ്പോൾ അതിന്റെ കാരണം അറിയണമല്ലോ. ഒരാൾ കാണുന്നതും കാണാത്തതും ഒരു പ്രേക്ഷകന്റെ ചോയ്സ് ആണ്. വേറൊരാളോട് കാണാതിരിക്കാൻ പറയാൻ പാടില്ല. അതാണ് സംഭവിക്കുന്നത്. അതുകൊണ്ടാണ് ഞാൻ പ്രസിന്റെ മുന്നിലേക്ക് വന്ന് സംസാരിച്ചത്,’ ലിജോ ജോസ് പറഞ്ഞു.

Content Highlight: Lijo jose pellisheri about why he conducted the press meet

We use cookies to give you the best possible experience. Learn more