മലൈക്കോട്ടൈ വാലിബന് എതിരെയുള്ള വിദ്വേഷ പ്രചാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. പ്രളയത്തിനും കൊവിഡിനും ശേഷം ആളുകൾ പരസ്പരം നോക്കി ചിരിച്ചിരുന്നെന്നും ദയ ഉള്ളവരായിരുന്നെന്നും ലിജോ പറഞ്ഞു. എന്നാൽ അതിന് കുറച്ച് കാലമേ ആയുസ് ഉണ്ടായിരുന്നുള്ളൂയെന്നും ലിജോ കൂട്ടിച്ചേർത്തു. വാലിബന്റെ ചർച്ച നടക്കുന്നത് കണ്ടപ്പോൾ ജെല്ലിക്കെട്ട് ക്ലൈമാക്സ് പോലെയാണ് തോന്നിയതെന്ന് ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിൽ ലിജോ പറയുന്നുണ്ട്.
‘പ്രളയത്തിനും കൊവിഡിനും ശേഷം ആളുകൾ നന്നായിട്ട് ക്ഷമ ഉള്ളവർ ആയി മാറിയിരുന്നു. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ദയ കാണിച്ചു തുടങ്ങി. അങ്ങോട്ടുമിങ്ങോട്ടും നോക്കി നമ്മൾ ചിരിക്കാൻ തുടങ്ങി. അങ്ങോട്ടുമിങ്ങോട്ടും ഷെയർ ചെയ്യാൻ പഠിച്ചു. പക്ഷേ അത് കുറച്ചു കാലം മാത്രമേ നിലനിന്നിട്ടുള്ളൂ.
വളരെ പെട്ടെന്ന് തന്നെ പഴയ ഫേസിലേക്ക് പോയി. വൈരാഗ്യമാണ് ആളുകൾക്ക്. അങ്ങോട്ടുമിങ്ങോട്ടും വെറുപ്പ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ എന്ന് പറയുന്നത് റിയൽ വേൾഡ് എന്താണോ അതിന്റെ ഒരു വെർച്ചൽ വേൾഡ് മാത്രമാണ്. വാലിബന്റെ ചർച്ച നടക്കുന്നത് കണ്ടപ്പോൾ ജല്ലിക്കെട്ട് ക്ലൈമാക്സ് പോലെയാണ് എനിക്ക് തോന്നിയത്,’ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
സിനിമയിലെ സംഭാഷണങ്ങളെക്കുറിച്ചുള്ള വിമര്‍ശനത്തിനും ലിജോ ജോസ് പെല്ലിശ്ശേരി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. നാടകീയമായിട്ടുള്ള സംഭാഷണങ്ങള്‍ മനപൂര്‍വം ഉള്‍പ്പടുത്തിയതാണെന്നും, ഈ സിനിമയില്‍ നാടകത്തിന്റെ എലമെന്റ്‌സ് കൂടുതല്‍ ഉള്ളതുകൊണ്ടാണ് അങ്ങനെയൊരു കാര്യം ചെയ്തതെന്നും ലിജോ വ്യക്തമാക്കി.
‘പലരും പറയുന്നത് കേട്ടിരുന്നു, സംഭാഷണങ്ങളില്‍ വല്ലാണ്ട് നാടകീയത തോന്നുന്നുണ്ടെന്ന്. അത്തരം സംഭാഷണങ്ങള്‍ മനപൂര്‍വം തന്നെയാണ് സിനിമയില്‍ ഉപയോഗിച്ചത്. നമ്മളൊക്കെ സാധാരണ ഉപയോഗിക്കുന്ന സംഭാഷണങ്ങള്‍ ഇതില്‍ കൊണ്ടുവന്നാല്‍ ശരിയാകില്ലെന്ന് തോന്നി. ഒരു സിനിമാ സെറ്റിങ്ങിനെക്കാള്‍ ഡ്രാമാ സെറ്റിങ്ങാണ് ഇതില്‍ ഉള്ളത്. സ്‌ക്രീനില്‍ കാണുമ്പോള്‍ അത് മനസിലാവും. കഥാപാത്രങ്ങളുടെ പ്ലേസിങ്ങ് സിനിമാറ്റികിനെക്കാള്‍ ഡ്രാമാറ്റിക് ആയിട്ടാണ് വാലിബനില്‍ ഉപയോഗിച്ചിട്ടുള്ളത്. സിനിമയും ഡ്രാമയും കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ഇതില്‍,’ ലിജോ പറഞ്ഞു.
Content Highlight: Lijo jose pellisheri about malaikottai valiban’s hatred campaign