'നല്ല മനോഹരമായ റിവ്യൂ,ഇത്ര സൂക്ഷമമായി ഞാന്‍ പോലും അങ്കമാലി ഡയറീസിനെ നോക്കി കണ്ടിട്ടില്ല'; ജനം ടിവിയുടെ 'അപാര' റിവ്യൂവിന് ലിജോ ജോസിന്റെ കട്ടയ്ക്കുള്ള മറുപടി
Daily News
'നല്ല മനോഹരമായ റിവ്യൂ,ഇത്ര സൂക്ഷമമായി ഞാന്‍ പോലും അങ്കമാലി ഡയറീസിനെ നോക്കി കണ്ടിട്ടില്ല'; ജനം ടിവിയുടെ 'അപാര' റിവ്യൂവിന് ലിജോ ജോസിന്റെ കട്ടയ്ക്കുള്ള മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th March 2017, 4:53 pm

കൊച്ചി: ആസ്വാദകരുടേയും നിരൂപകരുടേയും പ്രശംസ ഒരു പോലെ പിടിച്ചു പറ്റി മുന്നേറുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്. 86 പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കിയ ചിത്രത്തിനെതിരെയുള്ള ജനം ടിവിയുടെ വെബ്ബ് സൈറ്റിലെ റിവ്യൂ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സംഘപരിവാര്‍ ചാനലായ ജനം ടിവിയുടെ വെബ്ബ് സൈറ്റിലെ റിവ്യൂവില്‍ ചിത്രം ക്രൈസ്തവ പ്രകീര്‍ത്തനമാണെന്ന വിചിത്രമായ അഭിപ്രായമാണ് നിരൂപകനായ രഞ്ജിത്ത്.ജി.കാഞ്ഞിരത്തിന്റെ വിചിത്രമായ അഭിപ്രായം.

ജനം ടി.വിയുടെ റിവ്യൂവിനെതിരെ ഇതിനോടകം തന്നെ പല രംഗത്തു നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ക്രൈസ്തവ ബിംബങ്ങളെ മഹത്വവത്കരിക്കുന്നുവെന്ന നിരൂപകന്റെ കണ്ടെത്തലിനെതിരെ സംവിധായകന്‍ ലിജോ ജോസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

നിരൂപകനെ പേരെടുത്തു പറഞ്ഞ് പരിഹസിച്ചു കൊണ്ടായിരുന്നു ലിജോ ജോസിന്റെ മറുപടി. ” നല്ല മനോഹരമായ റിവ്യൂ. ഇത്ര സൂക്ഷമമായി ഞാന്‍ പോലും അങ്കമാലി ഡയറീസിനെ നോക്കി കണ്ടിട്ടില്ല. നന്ദി. രഞ്ജിത്ത്.ജി.കാഞ്ഞിരത്തിന് സുഖമെന്നു കരുതട്ടെ. വീട്ടിലെല്ലാവരോടും അന്വേഷണം പറയണം.” എന്നായിരുന്നു സംവിധായകന്റെ മറുപടി.

റിവ്യൂ സിനിമാ പാരഡീസോ ക്ലബ്ബില്‍ ചര്‍ച്ചയായപ്പോളായിരുന്നു പ്രതികരണവുമായി സംവിധായകന്‍ തന്നെ രംഗത്തെത്തിയത്. അങ്കമാലി ഡയറീസിനെ വര്‍ഗ്ഗീയമായി വ്യഖ്യാനിച്ച റിവ്യൂവിനെ സോഷ്യല്‍ മീഡിയ പൊങ്കാലയിട്ടായിരുന്നു സ്വീകരിച്ചത്.


Also Read: ‘നീ എന്തുകൊണ്ട് കാലടക്കി വെച്ചില്ല? ‘ ബലാത്സംഗ ഇരയായ 19കാരിയോട് വിചാരണക്കിടെ ജഡ്ജി


ക്രൈസ്തവ മതധാരകളെ നിശബ്ദമായി കടത്തിവിടാന്‍ ശ്രമിക്കുന്ന സൃഷ്ടിയാണ് അങ്കമാലി ഡയറീസെന്നും ക്രൈസ്തവ ബിംബങ്ങളെ മഹത്വവത്കരിക്കുന്ന ചിത്രമാണെന്നും ലിജോ ജോസിന്റെ മുന്‍ ചിത്രമായ ആമേനും സമാനമായ ക്രൈസ്തവ പ്രകീര്‍ത്തനമായിരുന്നുവെന്നും റിവ്യൂവില്‍ പറയുന്നുണ്ട്.

കേരളത്തില്‍ ഒരു അധോലോകം വളര്‍ന്നു വരുന്നുണ്ട്. ഓരോ ചെറു നഗരത്തിലും അവര്‍ വേരു പടര്‍ത്തിയിരിക്കുന്നു. യുവാക്കള്‍ ആഘോഷിക്കുന്ന ഈ ക്രിമിനല്‍ വാസനയുടെ ഒന്നാം പ്രതിയാണ് മലയാള സിനിമ. അതിലേക്കുള്ള ലിജോ ജോസിന്റെ കനത്ത സംഭവാനയാണ് അങ്കമാലി ഡയറീസെന്നും റിവ്യൂവില്‍ പറയുന്നുണ്ട്.