| Tuesday, 7th July 2020, 1:28 pm

നരികള്‍ വാഴുമീ വനത്തില്‍ പുലികളായി മാറിടാം; ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മലയാളം റാപ്പര്‍ വേടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വോയ്‌സ് ഓഫ് വോയ്‌ലെസ്സ് എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പര്‍ വേടന്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലാണ് വേടന്‍ ചിത്രം പങ്കുവെച്ചത്.

‘നരികള്‍ വാഴുമീ വനത്തില്‍ പുലികളായി മാറിടാം’ എന്ന ക്യാപഷ്‌നോടെയാണ് ചിത്രം പങ്കുവെച്ചിട്ടുള്ളത്. ഫോട്ടോ വന്നതോടെ ലിജോയുടെ അടുത്ത പ്രോജക്ടില്‍ വേടനും ഉണ്ടാകുമെന്ന ചര്‍ച്ചകള്‍ വരുന്നുണ്ട്.

ജൂണില്‍ ഇറങ്ങിയ വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സ് എന്ന റാപ്പിലൂടെയാണ് വേടന്‍ എന്ന പേരിലറിയപ്പെടുന്ന തൃശൂര്‍ സ്വദേശി ഹിരണ്‍ദാസ് മുരളി മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മലയാളത്തില്‍ ഇതുവരെ വന്നിട്ടുള്ള റാപ്പുകളില്‍ ഏറ്റവും മികച്ച വരികളാണ് വോയ്‌സ് ഓഫ് വോയ്‌സ് ലെസ്സിന്റേതെന്നാണ് ഏറ്റവും കൂടുതല്‍ വന്ന അഭിപ്രായം.

ദളിത് രാഷ്ട്രീയവും ഭൂവകാശവും സമകാലീന ഇന്ത്യന്‍ രാഷ്ട്രീയവുമെല്ലാം ചര്‍ച്ച ചെയ്ത റാപ്പ് സിനിമാ – സാംസ്‌ക്കാരിക മേഖലകളിലെ നിരവധി പ്രമുഖരാണ് ഷെയര്‍ ചെയ്തത്. ലക്ഷങ്ങളാണ് വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സ് ഇതുവരെ കേട്ടത്. കഴിഞ്ഞ ദിവസം നടന്‍ നീരജ് മാധവിന്റെ ‘പണി പാളി’ എന്ന റാപ്പ് പുറത്തുവന്നതോടെ വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സും വീണ്ടും ചര്‍ച്ചയിലേക്ക് വന്നിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. A എന്ന ചിത്രത്തിന്റെ പോസ്റ്ററും ലിജോ അതിനുമുന്‍പ് പങ്കുവെച്ചിരുന്നു. നേരത്തെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമ റിലീസ് ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്ന സമയത്ത് തനിക്ക് ഇഷ്ടമുള്ള പ്ലാറ്റ് ഫോമില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും കലാകാരന്മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ നില്‍ക്കരുതെന്നും ലിജോ പറഞ്ഞിരുന്നു.

തന്നെ സംബന്ധിച്ച് സിനിമ പണം സമ്പാദിക്കാനുള്ള യന്ത്രമല്ലെന്നും മറിച്ച് തന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണെന്നും പറഞ്ഞ ലിജോ സിനിമയില്‍ നിന്ന് സ്വരൂപിക്കുന്ന പണം മുഴുവന്‍ മികച്ച സിനിമക്കായി വിനിയോഗിക്കുമെന്നും തനിക്ക് ശരിയാണ് എന്ന് തോന്നുന്നിടത്ത് സിനിമ പ്രദര്‍ശിപ്പിക്കുമെന്നും ലിജോ ജോസ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more