മലൈക്കോട്ടൈ വാലിബന്റെ പരാജയത്തെ കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടിരുന്നത് മൂന്നാഴ്ച: ലിജോ ജോസ് പെല്ലിശ്ശേരി
Entertainment
മലൈക്കോട്ടൈ വാലിബന്റെ പരാജയത്തെ കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടിരുന്നത് മൂന്നാഴ്ച: ലിജോ ജോസ് പെല്ലിശ്ശേരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th December 2024, 1:25 pm

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായിഒന്നിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിച്ചസിനിമയുടെ ചിത്രീകരണം ജയ്സല്‍മേര്‍, പൊഖ്റാന്‍, ചെന്നൈ എന്നിവിടങ്ങളിലായി ഒരു വര്‍ഷത്തോളമായിരുന്നു നടത്തിയത്. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് മുതല്‍ തന്നെ ഏറെ പ്രതീക്ഷയോടെ സിനിമ ലോകം ഉറ്റുനോക്കിയ ചിത്രത്തെ എന്നാല്‍ പ്രേക്ഷകര്‍ സ്വീകരിച്ചില്ലായിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

മലൈക്കോട്ടൈ വാലിബന്റെ പരാജയത്തെ കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടിരുന്നത് മൂന്നാഴ്ചയോളമാണെന്ന് പറയുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ചാണ് സിനിമ ചെയ്യേണ്ടത് എന്ന് വിശ്വസിക്കുന്ന ആളല്ല താനെന്നും മറിച്ച് എന്താണോ ആളുകള്‍ കാണേണ്ടതെന്ന അവരുടെ അഭിരുചിയെ മാറ്റി മറക്കുന്നതായിരിക്കണം ചെയ്യുന്ന സിനിമകളെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

പ്രേക്ഷകര്‍ക്ക് ഇഷ്ടപെടുന്ന സിനിമകളാണോ അതോ അവരുടെ അഭിരുചി മാറ്റുന്ന രീതിയിലുള്ള സിനിമകളാണോ ചെയ്യേണ്ടതെന്ന് എപ്പോഴും ഉള്ള ചോദ്യമാണെന്നും അവരുടെ അഭിരുചി മാറ്റുന്ന സിനിമകള്‍ ചെയ്യാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസ് ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി.

‘മലൈക്കോട്ടൈ വാലിബന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്. അതിനെക്കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടത് വെറും മൂന്ന് ആഴ്ചകളാണ്. ആളുകളുടെയോ പ്രേക്ഷകരുടെയോ ഇഷ്ടത്തിനനുസരിച്ചാണ് നമ്മള്‍ സിനിമ ചെയ്യേണ്ടത് എന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍. മറിച്ച് എന്താണോ ആളുകള്‍ കാണേണ്ടതെന്ന അവരുടെ അഭിരുചിയെ മാറ്റി മറക്കുന്നതായിരിക്കണം നമ്മള്‍ ചെയ്യുന്ന സിനിമകള്‍.

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമകളാണോ നമ്മള്‍ ചെയ്യേണ്ടതെന്നും അതോ അവരുടെ മാറുന്ന രീതിയിലുള്ള സിനിമകളാണോ നമ്മള്‍ ചെയ്യേണ്ടതെന്നത് ഇപ്പോഴും ഒരു ചോദ്യമായി നില്‍ക്കുന്നവയാണ്. എനിക്ക് തോന്നുന്നത് രണ്ടു രീതിയിലും ഇത് നടക്കും എന്നാണ്.

എന്റെ രീതിയെന്ന് പറയുന്നത് പ്രേക്ഷകന്റെ അഭിരുചി മാറ്റുന്നതാണ്. ആളുകള്‍ കാണേണ്ട വ്യത്യസ്തമായ സിനിമയുടെ തലങ്ങളിലേക്ക് അവരെ ഗൈഡ് ചെയ്യുന്നതും കൂടെ സംവിധാനത്തിന്റെ ഒരു ഭാഗമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

Content Highlight: Lijo Jose Pallisserri Talks About Failure Of Malaikottai Valiban