പ്രേമിക്കുന്ന ആളുകളെ ചൂരലിന് അടിക്കാന്‍ നിങ്ങള്‍ ഏത് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആണ്; ലിജോ ജോസ് പെല്ലിശ്ശേരി
Kerala
പ്രേമിക്കുന്ന ആളുകളെ ചൂരലിന് അടിക്കാന്‍ നിങ്ങള്‍ ഏത് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആണ്; ലിജോ ജോസ് പെല്ലിശ്ശേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th March 2017, 10:20 am

ആലുവ: ശിവസേനയുടെ സദാചാരഗുണ്ടായിസത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി.

പ്രേമിക്കുന്ന ആളുകളെ ചൂരലിന് അടിക്കാനായിട്ട് നിങ്ങള്‍ ഏത് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആണെന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ലിജോയുടെ പ്രതികരണം.

“”ജീവിക്കൂ …മരിക്കൂ എന്തിനാ കൊണക്കുന്നേ സുഹൃത്തുക്കളേ “” എന്നും ലിജോ ചോദിക്കുന്നു.

ദേശീയ വനിതാ ദിനമായിരുന്ന ഇന്നലെ മറൈന്‍ ഡ്രൈവിലേക്കു പ്രകടനമായെത്തിയ ശിവസേനാ പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചും കേട്ടാലറയ്ക്കുന്ന വാക്കുകള്‍ പ്രയോഗിച്ചും യുവതീയുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു.

എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു ശിവസേനയുടെ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് ആറു ശിവസേന പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.


Dont Miss ശിവസേനയുടെ സാദാചാര ഗുണ്ടായിസം: പൊലീസിന്റേത് ഗുരുതര വീഴ്ചയെന്ന് മുഖ്യമന്ത്രി


ജില്ലാ പ്രസിഡന്റ് ടി.ആര്‍. ദേവന്‍, കെ.വൈ. കുഞ്ഞുമോന്‍, കെ.യു. രതീഷ്, എ.വി. വിനീഷ്, ടി.ആര്‍. ലെനിന്‍, കെ.കെ. ബിജു എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും യുവതീയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്.

മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ മുന്‍കൂട്ടി അറിയിച്ചശേഷം ആസൂത്രിതമായാണു കയ്യില്‍ ചൂരല്‍വടിയുമായി ഇരുപതോളം ശിവസേന പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ടു നാലോടെ പ്രകടനമായി മറൈന്‍ഡ്രൈവിലെത്തിയത്.

പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അക്രമങ്ങള്‍ തടയുക, മറൈന്‍ഡ്രൈവിലെ കുടചൂടി പ്രേമം നിര്‍ത്തലാക്കുക എന്നീ മുദ്രാവാക്യങ്ങളുള്ള ബാനറും പിടിച്ചിരുന്നു.