| Friday, 26th January 2024, 4:14 pm

ടിനു പറഞ്ഞതിനെയൊക്കെ ഈ രീതിയിൽ എടുത്താൽ എന്ത് ചെയ്യും? : ലിജോ ജോസ് പെല്ലിശ്ശേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിൽ ആദ്യമായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. വ്യാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിലെ മോഹൻലാലിന്റെ എൻട്രി തിയേറ്റർ കുലുങ്ങും എന്ന ടിനുവിന്റെ പ്രസ്താവന സിനിമ ഇറങ്ങിയതിന് ശേഷം ഏറെ ചർച്ചയായിരുന്നു. ചിത്രം ഇറങ്ങിയതിന് ശേഷം ഇതിനെതിരെ ഒരുപാട് ട്രോളുകൾ ഇറങ്ങിയിരുന്നു. ടിനുവിന്റെ പ്രസ്താവനെയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.

അത് ഒരാളുടെ അഭിപ്രായമാണെന്നും താൻ കണ്ടിട്ടുള്ള ഒരു കാഴ്ച വേറെ ഒരാൾക്ക് വാക്കുകൾകൊണ്ട് നിർവചിച്ച് കൊടുക്കാൻ കഴിയില്ലെന്നും ലിജോ പറഞ്ഞു. ടിനു പാപ്പച്ചൻ ഒരു ഫിലിം മേക്കറെന്നോ തന്റെ അസോസിയേറ്റ് ആയി വർക്ക് ചെയ്തത്കൊണ്ടോയല്ല മറിച്ച് ഒരു എക്സൈറ്റിങ് സിനിമ കാണാൻ ആഗ്രഹമുള്ള ഒരു പ്രേക്ഷകൻ കൂടിയാണെന്നും ലിജോ പറഞ്ഞു. ടിനു ഉള്ളിൽ തട്ടി പറഞ്ഞ അഭിപ്രായമാണതെന്നും അതിനെ വേറൊരു തരത്തിൽ കാണേണ്ടതില്ലെന്നും ലിജോ പറയുന്നുണ്ട്.

‘അത് ഓരോരുത്തരും അഭിപ്രായം പറയുന്ന പോലെയാണ്. ഞാൻ കണ്ടിട്ടുള്ള ഒരു കാഴ്ച വേറെ ഒരാൾക്ക് വാക്കുകൾ കൊണ്ട് നിർവചിച്ചു കൊടുക്കാൻ പറ്റില്ല. അത് വിഷ്വലിലൂടെ പകരാനാണ് നമ്മൾ ശ്രമിച്ചിട്ടുള്ളത്. ടിനു ഫിലിം മേക്കർ എന്നോ എന്റെ അസോസിയേറ്റ് ആയി വർക്ക് ചെയ്തു എന്നതിലുപരി ഒരു എക്സൈറ്റിങ് സിനിമ കാണാൻ വളരെ ആഗ്രഹമുള്ള ഒരു പ്രേക്ഷകൻ കൂടിയാണ്. അത്തരത്തിലുള്ള ഒരാൾ ഉള്ളിൽ തട്ടി അഭിപ്രായം പറഞ്ഞതാണ്.

അതിനകത്ത് വേറൊന്നുമില്ല. എന്നെ വിളിച്ചു പറഞ്ഞു കഴിഞ്ഞാൽ ഞാൻ പറയും എന്തിനാണ് പറഞ്ഞതെന്ന്. അത് ടിനുവിന്റെ പേഴ്സണൽ ഒപ്പീനിയൻ അല്ലേ. ഇതെല്ലാം ഒരു ലിറ്ററൽ മീനിങ്ങിൽ എടുത്തു കഴിഞ്ഞാൽ എന്ത് ചെയ്യും. അതിനെ അതിന്റെ ലെവലിൽ എടുത്താൽ മതി. അത്തരത്തിലുള്ള എക്സൈറ്റ്മെന്റുകൾ ഉറപ്പായിട്ടും ഈ സിനിമയിലുണ്ട്,’ ലിജോ പറഞ്ഞു.

Content Highlight: Lijo jose about tinu’s statement

We use cookies to give you the best possible experience. Learn more