വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരക്കഥാകൃത്തായാണ് പി.എഫ് മാത്യൂസിനെ ശ്രദ്ധിക്കുന്നത്. മലയാളം ടെലിവിഷനിലെ ഏറെ ശ്രദ്ധേയവും എക്കാലത്തേയും മികച്ചതുമായ ചിലത് എഴുതിയത് അദ്ദേഹമായിരുന്നു. “മിഖായേലിന്റെ സന്തതികളും” “ശരറാന്തലും” “റോസസ് ഇന്‍ ഡിസംബറു”മൊക്കെ സുദീര്‍ഘമായ ദൂരദര്‍ശന്‍ കാഴ്ചയുടെ സുദൃഢമായ ഓര്‍മ്മകളാണ്. സ്വാഭാവികമായും അദ്ദേഹത്തിന്റെ നോവലുകളായ “ചാവുനില”ത്തിലേക്കും ഈയടുത്ത് “ഇരുട്ടില്‍ ഒരു പുണ്യാളനിലേക്കും” ആ പഴയ തിരക്കഥാകൃത്തിനെ പിന്‍പറ്റി തന്നെയാണ് എത്തുന്നതും. ഓര്‍ക്കുമ്പോള്‍ പിന്നെയുമുണ്ട് അദ്ദേഹത്തിന്റെതായി, പഴയ വാര്‍ഷികപ്പതിപ്പുകളിലും ഓണപ്പതിപ്പുകളിമായി എഴുതിയിട്ടവ..
ബ്ലോഗുകള്‍ നിറഞ്ഞുനിന്നൊരു സമയത്ത് നല്ല രീതിയില്‍ വായിക്കപ്പെട്ടിരുന്ന “ചിത്രനിരീക്ഷണ”മെന്ന ബ്ലോഗില്‍ ബഹുജനം ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകനെ ആഘോഷമാക്കുന്നതിനും വളരെ മുന്‍പേ “സിറ്റി ഓഫ് ഗോഡി”നെ കുറിച്ചെഴുതിയ കുറിപ്പില്‍ “ലിജോ, ഞങ്ങള്‍ നിന്നോട് കൂടെയുണ്ട്” എന്നെഴുതിയിരുന്നു. മലയാള സിനിമക്ക് അന്നോളം അത്ര പരിചിതമല്ലാതിരുന്ന ദൃശൃപരിചരണ രീതികളും പരീക്ഷണം നടത്തുവാനുള്ള ലിജോയുടെ വെമ്പലുമായിരുന്നു അന്ന് ആ വരിയെ നിര്‍മ്മിച്ചത്. പിന്നീട്, എല്ലാവര്‍ക്കും അറിയാവുന്നതുപോലെ “ആമേനും” “അങ്കമാലി ഡയറീസും” അടക്കമുള്ള ചിത്രങ്ങളിലൂടെ ലിജോ മലയാളം മുഖ്യധാരാ സിനിമയിലെ പ്രബലമായ പേരുകളില്‍ ഒന്നായി മാറി.
പി.എഫ് മാത്യൂസിനെയും ലിജോ ജോസ് പെല്ലിശ്ശേരിയേയും വര്‍ഷങ്ങളായി താല്‍പ്പര്യപൂര്‍വ്വം ശ്രദ്ധിക്കുന്ന ഏതൊരാള്‍ക്കും അവര്‍ ഒരുമിക്കുന്ന ഒരു ചിത്രമെന്നത് അതിന്റെ തുടക്കം മുതലേ സ്വാഭാവിക ശ്രദ്ധ വീഴുന്ന ഒന്നായിരിക്കും. ഇവര്‍ ഒരുമിക്കുന്ന ആദ്യചിത്രം “ആന്റിക്രൈസ്റ്റ്” ആകുമായിരുന്നു. എന്തുകൊണ്ടോ ഏറെ ശ്രദ്ധ ചിത്രീകരണത്തിന് മുന്‍പ് പിടിച്ചുപറ്റിയ ആ സിനിമ സംഭവിക്കുകയുണ്ടായില്ല. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് “ഈ. മ. യൌ” യാഥാര്‍ഥ്യമാകുന്നത്.
ഒരു കടല്‍ തീരത്തിന് മുകളില്‍ ഇരിക്കുന്ന വലിയൊരു മഞ്ചയുടെ ചിത്രമുള്ള പോസ്റ്ററാണ് “ഈ. മ. യൌ” എന്ന സിനിമയെ ബഹുജനത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. സിനിമയെ കുറിച്ച് പിന്നീട് കേട്ട കൌതുകമുണര്‍ത്തിയ കാര്യം കേവലം പതിനെട്ട് ദിവസം മാത്രം നീണ്ട ചിത്രീകരണമായിരുന്നു. മരണവീടും അവിടത്തെ സംഭവങ്ങളുമാണ് സിനിമയെന്ന് ആ സമയത്ത് തന്നെ അറിഞ്ഞിരുവെന്നാണ് ഓര്‍മ്മ.
“ശവം” എന്നൊരു സിനിമ നേരത്തെ കണ്ടിട്ടുള്ളതുകൊണ്ടും ആ ചിത്രം വഴി ഡോണ്‍ എന്ന സംവിധായകനെ പരിചയപ്പെട്ടിട്ടുള്ളതുകൊണ്ടും മരണവീടെന്ന പൊതുകാര്യത്തെ മുന്‍നിര്‍ത്തി ഓള്‍ഡ് മങ്ക്‌സ് എന്ന പരസ്യകലാ സ്ഥാപനത്തിലെ മുഖ്യആര്‍ട്ടിസ്റ്റുകളില്‍ ഒരാളായ സുഹൃത്ത്, ശ്രീജിത്തിനോട് “ഈ. മ. യൌ”വിനെ കുറിച്ച് ഒരിക്കല്‍ ചോദിച്ചിരുന്നു. രണ്ടും തമ്മില്‍ ബന്ധമുണ്ടാകാനുള്ള സാധ്യത തീരെയില്ലെന്നാണ് ശ്രീജിത്ത് അന്നേ പറഞ്ഞത്. അതിനുള്ള കാരണം “ഡബിള്‍ ബാരല്‍” എന്ന സിനിമയുടെ പോസ്റ്റര്‍ ഡിസൈന്‍ വേളയിലെ ഒഴിവുസമയങ്ങളില്‍ എപ്പോഴോ ലിജോ തന്റെ വരാനിരിക്കുന്ന രണ്ട് സിനിമകളെ വിശദമായി പറഞ്ഞതില്‍ ഒന്ന്, “ഈ. മ. യൌ” ആയിരുന്നു. അന്ന് രണ്ടാമത് പറഞ്ഞ കഥയാണ് പക്ഷേ, തുടര്‍ന്ന് വന്നതെന്ന് മാത്രം, “അങ്കമാലി ഡയറീസ്”.
“ഡബിള്‍ ബാരലി”ന്റെ തീയറ്റര്‍ കാലം തന്നെ കഴിഞ്ഞാണ് “ശവ”മെന്ന ചിത്രത്തിനെ പരിചയപ്പെടുത്തി റോബി കുര്യന്‍ ഫേസ്ബുക്കില്‍ എഴുതുന്നതും ഫിലിം സൊസൈറ്റി പ്രദര്‍ശനങ്ങളിലൂടെ ഒരു വിഭാഗം ആളുകള്‍ ആ സിനിമയെ ശ്രദ്ധിക്കുന്നതും. കാര്യങ്ങള്‍ ഇത്രയും വ്യക്തമാണെന്നിരിക്കെ “കോപ്പിവാദ” സംശയങ്ങളില്‍ തീരെ കഴമ്പില്ലെന്ന് ബോധ്യമായതുകൊണ്ട് അക്കാര്യം അന്നേ വിട്ടിരുന്നു.
എന്നാല്‍, “ഈ. മ. യൌ”വിന്റെ റിലീസിനെ തുടര്‍ന്ന് സംവിധായകന്‍ ഡോണും മറ്റ് ചിലരും “ശവ”ത്തിന്റെ പകര്‍പ്പാണെന്ന രീതിയില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുകയോ സിനിമയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിക്കുകയോ ചെയ്യുന്നു. “ഈ. മ. യൌ” മലയാളത്തിലെ സമകാലീന സിനിമാനുഭവങ്ങളില്‍ മികച്ച ഒന്നാണെന്ന കാര്യത്തില്‍ സംശയം തെല്ലുമില്ല. “ശവം” മികച്ചൊരു ശ്രമവുമാണ് എന്നതിലും തര്‍ക്കത്തിനിടയില്ല.
ഒരു മരണവീടും ചുറ്റുപാടുകളും അനുബന്ധ സംഭവങ്ങളും എന്ന കഥാവസ്തു ഒഴിച്ച് നിര്‍ത്തിയാല്‍ ഘടനയിലോ, ആഖ്യാനത്തിലോ, പാത്രസൃഷ്ടിയിലോ, കാണികളുടെ അനുഭവത്തിലോ യാതൊരുവിധ ബന്ധമോ അടുപ്പമോ ഈ രണ്ട് കലാസൃഷ്ടികളും തമ്മിലില്ലെന്ന് ഇവ രണ്ടും കാണുന്ന ഏതൊരാള്‍ക്കും സുവ്യക്തമാണ്. ഈ സിനിമകളില്‍ ഏതാണ് മികച്ചതെന്ന് എന്നാണെങ്കില്‍ സ്വാഭാവികമായും അത് ഓരോ കാണിയുടെയും അഭിരുചികളുമായും ശീലങ്ങളുമായും ബന്ധപ്പെട്ടിരിക്കും.
ക്രിസ്ത്യന്‍ പശ്ചാത്തലത്തിലാണ് പി.എഫ് മാത്യൂസിന്റെ ബഹുഭൂരിപക്ഷം രചനകളും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളിലും അത്തരം പശ്ചാത്തലങ്ങളുടെ ആവര്‍ത്തനങ്ങള്‍ കാണാം. അപ്പോള്‍ മരണവീട്ടില്‍ ക്രിസ്ത്യന്‍ പശ്ചാത്തലമുണ്ടാകുന്നതില്‍ തീരെ അസ്വാഭാവികതയുണ്ടെന്ന് കരുതാനുമാകില്ല.
കല്യാണം പശ്ചാത്തലമായിട്ട് വരുന്ന രണ്ട് സിനിമകളില്‍ താലിക്കെട്ടുണ്ട്, സദ്യയുണ്ട് അതുകൊണ്ട് അത് തന്നെയാണ് ഇതെന്ന് പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ? അതുപോലെയാണ് തീര്‍ത്തും ബാലിശമായ സംവിധായകന്‍ ഡോണിന്റെ ചേരുംപടി ചേര്‍ക്കല്‍ പോസ്റ്റ് അനുഭവപ്പെട്ടത്. എന്തിനാണ് ഡോണിനെപ്പോലെ പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു സംവിധായകന്‍, സിനിമയെ കുറിച്ച് സാമാന്യ ബോധമുള്ളരാള്‍ ഇങ്ങനെയുള്ള ആരോപണങ്ങളുമായി വരുന്നത്? അറിയില്ലെന്ന് തന്നെയാണ് ഉത്തരം.
ഇനി, കഴിഞ്ഞ കുറച്ച് കാലങ്ങളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന, മലയാളം ഇന്‍ഡിപ്പെന്‍ഡന്റ് സിനിമാസംവിധായകരില്‍ ചിലരുടെയെങ്കിലും രീതിയുണ്ടല്ലോ, മറ്റൊരാളുടെ പേരിന്റെയും പ്രശസ്തിയുടെയും മുകളില്‍ കയറി ചവിട്ടി ആളാവുകയോ, ചോദ്യം ചെയ്‌തോ, കളിയാക്കിയോ സ്വന്തം ഇടമുണ്ടാക്കുന്ന മൂന്നാംകിട ഏര്‍പ്പാട്. അങ്ങനെയെങ്കില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ല. “ശവം” ചെയ്ത ഡോണിന് നാട്ടിലെ ഇന്‍ഡിപ്പെന്‍ഡന്റ് സംവിധായകരുടെ പൊതുരീതിയായ സ്വയം നിര്‍മ്മിച്ചെടുക്കുന്ന, വഴക്കുകളുടെയും ബഹളങ്ങളുടെയും വിവാദങ്ങളുടെയും വഴി പോകാതെ തന്നെ നല്ല സിനിമകള്‍ ചെയ്യാന്‍ കഴിയുമെന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്….