വരരുചിപ്പഴമയുടെ ഭ്രമയുഗവും കാലാതീതമായ ആ മഴയും
Bramayugam
വരരുചിപ്പഴമയുടെ ഭ്രമയുഗവും കാലാതീതമായ ആ മഴയും
ലിജിഷ എ.ടി
Sunday, 18th February 2024, 12:42 pm
ഇന്നും ഇന്ത്യന്‍ ജനത ആ കൊടുമണ്‍ മനയില്‍ത്തന്നെയാണ്. അധികാരം കയ്യാളുന്ന ന്യൂനപക്ഷസവര്‍ണസമൂഹത്തിന്റെ ദൈവങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വേണ്ടി ആടുന്ന വെറും ചാത്തന്‍മാര്‍ കാവല്‍ നില്‍ക്കുന്ന കൊടുംമനയില്‍. സ്വാതന്ത്ര്യത്തിന്റെ താക്കോല്‍ തിരയുന്ന വിപ്ലവകാരികള്‍ അധികാരത്തിന്റെ ദുരയെ കീഴടക്കി കൊടുമണ്‍മനയുടെ അന്ത്യം കുറിക്കുന്ന കാലത്തിനായി കാത്തിരിക്കേണ്ടി വരും, ഇനിയുമേറെ നാള്‍...

മനശാസ്ത്രത്തെയും ചരിത്രത്തെയും രാഷ്ട്രീയത്തെയും അതിമനോഹരമായി സംയോജിപ്പിച്ച അപൂര്‍വം മലയാള സിനിമകളിലൊന്നാണ് ഭ്രമയുഗം. പല തരത്തില്‍ വ്യഖ്യാനിക്കാവുന്നതിന്റെ ഭംഗി ഒളിപ്പിച്ചുവെച്ച, ഈ സിനിമയുടെ ജീവന്‍ ടി.ഡി രാമകൃഷ്ണന്റെ സംഭാഷണങ്ങളാണ്.

ടി.ഡി. രാമകൃഷ്ണന്‍

കാലത്തേയും കഥകളെയും ചരിത്രത്തെയും കോട്ടമില്ലാതെ വാക്കില്‍ കൊത്തിയെടുത്ത് മിനുക്കിയാണ് കാലത്തിന്റെ വിരസതയെ ഭ്രമാത്മകമാക്കുന്നത്. നിറമേളങ്ങളുടെ കാലത്തും കറുപ്പും വെളുപ്പും മാത്രമുപയോഗിച്ച് കൊടുമണ്‍ മനയിലെ ഭ്രമാത്മകതയിലേക്ക് കൂട്ടിക്കൊണ്ട് പോയ സംവിധായകന്‍ ഈ സിനിമയിലെ യക്ഷിയാണ്.

രാഹുല്‍ സദാശിവന്‍

യക്ഷിയുടെ പിറകെ, അതിന്റെ മായികവലയത്തില്‍ വശ്യരായി നാം കലിയുഗത്തിന്റെ അപഭ്രംശകഥയിലേക്ക് ആവാഹിക്കപ്പെടുന്നു. പാണന്റെ പാട്ടില്‍ ലയിക്കുന്നു, വെപ്പുകാരന്റെ പാചകത്തില്‍ മയങ്ങുന്നു. കൊടുമണ്‍ പോറ്റിയുടെ മാന്ത്രികതയില്‍ തളയ്ക്കപ്പെടുന്നു. കാലം തെറ്റി പെയ്യുന്ന മഴ പോലെ ഭ്രമയുഗം ചുരുള്‍ നിവര്‍ത്തുകയും ചെയ്യുന്നു.

ചിത്തവും ഭ്രമവും തമ്മിലുള്ള പകിടകളി

മനുഷ്യമസ്തിഷ്‌കം വ്യത്യസ്ത കാലങ്ങളില്‍ രൂപപ്പെടുത്തുന്ന സങ്കല്‍പനങ്ങള്‍ (conceptulization) തമ്മിലുള്ള സംഘര്‍ഷങ്ങളും സങ്കീര്‍ണതകളും പ്രശ്‌നപരിഹാരങ്ങളും കഥാപാത്രങ്ങളായി ദൃശ്യകലയില്‍ ആവിഷ്‌കരിക്കപ്പെട്ടാല്‍ അതൊരു ഭ്രമയുഗമായി അവസാനിച്ചേക്കാം.

അറിവാര്‍ജനത്തിന്റെ അദൃശ്യമായ വഴികളിലൂടെ സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന കൊടുമണ്‍മനയില്‍ നിന്ന് രക്ഷപ്പെടുന്നത് പല വിധത്തിലാവാം. ഒന്നുകില്‍ പൂര്‍വികരുടെ ജീവിതത്തെ അനുകരിച്ച് വിധിയെ പഴി ചാരി എടുത്തു വെയ്ക്കപ്പെട്ട കുഴിയിലേക്ക് എളുപ്പത്തില്‍ നടന്നു പോകാം. അല്ലെങ്കില്‍ ഭ്രമാത്മകതയുടെ അങ്ങേത്തലയായ ഭ്രാന്തില്‍ അഭയം തേടി വിധിയിലേക്ക് നടന്നു നീങ്ങാം. അതുമല്ലെങ്കില്‍ മിഥ്യയായ ചിലതിനെ ശരിയെന്ന് ധരിച്ച് വിശ്വാസിയുമായിത്തീരാം.

ചിത്തം വഴിമുട്ടി നില്‍ക്കുന്നത്, ആശയകുഴപ്പത്തിലകപ്പെടുന്നത്, രക്ഷപ്പെട്ടെന്ന തോന്നല്‍ സൃഷ്ടിക്കുന്ന മരീചികകളില്‍ തളര്‍ന്നു വീഴുന്നത്, മറികടക്കുന്നത്.. അങ്ങനെയങ്ങനെ ചിന്തകളാല്‍ നെയ്യുന്ന ചിത്തമെന്ന വലയില്‍ നിങ്ങള്‍ക്ക് ചിലന്തിയുമാകാം ഇരയുമാകാം.

ചിന്തകള്‍ ചാത്തനും അരിവെപ്പുകാരനും മാന്ത്രികനും രാജാവും അടിമയുമാവുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ചിത്തവും ഭ്രമവും തമ്മിലുള്ള പകിട കളിയാണ് ജീവിതം. ആ കളിയില്‍ വിജയിക്കണമെങ്കില്‍ നിങ്ങള്‍ക്ക് കളിയറിയണം. കളിയറിയണമെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഭയവുമായി മത്സരിക്കേണ്ടി വരുന്നു. ഭയത്തെ കീഴ്‌പ്പെടുത്തിയാല്‍ കളിരഹസ്യങ്ങള്‍ സൂക്ഷിച്ച താക്കോല്‍ കണ്ടെടുക്കാം.

പക്ഷേ താക്കോലെടുക്കല്‍ അത്ര എളുപ്പമല്ല, വെയിലു നിറഞ്ഞ കാലമാണെന്ന് ഉള്ളില്‍ ബോധ്യമുണ്ടായാലും പെയ്യാത്ത മഴയെ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന ഭ്രമയുഗമാണത്. ജീവിതം, മരണം, വിശ്വാസം, നീതിബോധം, പ്രലോഭനം, പ്രതീക്ഷ എന്നിവയുമായുള്ള ഏറ്റുമുട്ടലാണല്ലൊ മനസില്‍ നടക്കുന്നത്.

വിളക്കും കാവല്‍ചാത്തനും

കഥകളും കെട്ടുകഥകളും നിറഞ്ഞ മനുഷ്യചരിത്രത്തില്‍ നിന്ന് സത്യത്തെ അന്വേഷിക്കാനുള്ള ശേഷിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് താക്കോലെടുത്ത് അറ തുറന്ന് നിങ്ങള്‍ക്കുള്ളിലെ വിളക്ക് കണ്ടെത്താം. വിളക്ക് കൊളുത്തുന്നതാണോ അണയ്ക്കുന്നതാണോ സത്യം എന്നത് സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തി തിട്ടപ്പെടുത്താം.

ഇക്കാലങ്ങളിലത്രയും കേട്ട കഥകളില്‍ വിളക്ക് കൊളുത്തുന്നതാണെങ്കില്‍ ഈ കഥയില്‍ അത് വിളക്ക് അണക്കലാണ്. അങ്ങനെയും സംഭവിക്കാം. വിളക്ക് കൊളുത്തുന്നത് മാത്രം ശരിയാവണമെന്നില്ല. വിളക്ക് അണയ്ക്കുമ്പോഴും ചില ശരികള്‍ ഉണ്ടായിക്കൂടെന്നില്ല എന്നര്‍ഥം.

സത്യവും മിഥ്യയും കൂടിക്കലര്‍ന്ന അവസ്ഥയില്‍ നിന്ന് നിങ്ങള്‍ക്ക് സത്യത്തെ കാണാനും കേള്‍ക്കാനുമുള്ള കൂര്‍മതയുണ്ടാവണം. അല്ലെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ ചാത്തന്റെ പാവയായിത്തീരാം. ചാത്തനാണെങ്കില്‍ അധികാരത്തിന്റെ സേവകനുമാണ്. ഒരൊറ്റ തവണ മാത്രമെ തിരഞ്ഞെടുക്കാനാവു എന്നതാണ് ഈ തിരഞ്ഞെടുപ്പിനെ അപകടം പിടിച്ചതാക്കുന്നത്.

ഐതിഹ്യമാലയിലെ ചാത്തന്‍

ഭ്രമയുഗത്തിലെ ചാത്തനെങ്ങനെയാണ് അധികാരത്തിന്റെ സേവകനായത് എന്നതാണ് അടുത്ത സമസ്യ. ചാത്തന് പല സങ്കല്‍പങ്ങളുണ്ട്. ശാസ്താവായാലും ചാത്തനായാലും അതൊരു പൂര്‍വികാരാധനാ സങ്കല്‍പമാണ്. ശ്രാദ്ധമൂട്ട്/ ചാത്തനൂട്ട് – പൂര്‍വികര്‍ക്കുള്ള ഊട്ട്. കുലത്തിനെ/ ഗോത്രത്തിനെ നയിക്കാന്‍ കരുത്തുള്ള, വഴികാട്ടിയാവുന്ന പൂര്‍വികരെ ആരാധിക്കുന്നത് മനുഷ്യജീവികളുടെ സഹജസ്വഭാവമാണ്. ചാത്തന്‍ സങ്കല്‍പങ്ങള്‍ക്കു പിന്നിലും ഈ യുക്തിയാണുള്ളത്.

പോത്തിന്റെയും കാളയുടെയും പുറത്തേറി നടന്ന് ജനതയ്ക്ക് സംരക്ഷണം നല്‍കിയിരുന്ന തദ്ദേശീയജനതയുടെ ചാത്തന്‍ പുതിയ ദൈവങ്ങളുടെ വരവോടെ കാവല്‍ക്കാരന്‍ മാത്രമായി തരം താഴ്ത്തപ്പെട്ടു. അധികാരത്തിന്റെ സേവകന്‍ മാത്രമായിത്തീര്‍ന്നു. സ്വജനതയുടെ സംരക്ഷണത്തിന് സാധിക്കാതെ പുതുദൈവസങ്കല്‍പങ്ങള്‍ക്കനുസരിച്ച് തുള്ളുന്ന പാവയായിത്തീര്‍ന്നു. അങ്ങനെയൊരു പാവച്ചാത്തനാണ് കൊടുമണ്‍മനയിലുള്ളത്. മോതിരമിട്ട പോറ്റിയ്ക്കു വേണ്ടി ആടുന്ന ചാത്തന്‍.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പറയി പെറ്റ പന്തിരുകുലത്തില്‍ ഒരു ചാത്തനുണ്ട്. വരരുചിയുടെ പന്ത്രണ്ട് മക്കളിലൊരാളും അകവൂര്‍ മനയിലെ ഭൃത്യനുമായിരുന്ന അകവൂര്‍ ചാത്തനാണത്. അകവൂര്‍ ചാത്തനിലേക്ക് വരുന്നതിന് മുമ്പ് വരരുചിയെക്കുറിച്ച് പറയേണ്ടി വരും. വടക്കു നിന്ന് തെക്കിലേക്ക് ബ്രാഹ്മണകുടിയേറ്റങ്ങള്‍ വ്യാപകമായി നടക്കുന്ന ഭ്രമയുഗകാലത്തെക്കുറിച്ച് പറയേണ്ടി വരും.

ഐതീഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണന് പറയ സമുദായത്തില്‍പ്പെട്ട ഭാര്യ പഞ്ചമിയിലുണ്ടായ പന്ത്രണ്ട് മക്കളാണല്ലൊ പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെട്ടത്.

സമൂഹത്തിലെ വിവിധ ജാതിമതസ്ഥര്‍ എടുത്തുവളര്‍ത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കര്‍മ്മമണ്ഡലങ്ങളില്‍ അതിവിദഗ്ദ്ധരും ജ്ഞാനികളുമായിരുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള സന്ദേശമാണ് ഈ ഐതിഹ്യത്തിന്റെ കാതല്‍ എന്നാണ് പൊതുവെ വിലയിരുത്തുന്നത്.

എന്നാല്‍ ചരിത്ര ഗവേഷകനായ കെ. ബാലകൃഷ്ണക്കുറുപ്പിന്റെ അഭിപ്രായത്തില്‍, ഈ ഐതിഹ്യം പ്രചരിപ്പിച്ചത് നമ്പൂതിരിമാരാണ്. ചാലൂക്യരുടെ പിന്‍ബലത്തോടെ മലബാറിലേയ്ക്ക് കുടിയേറിപ്പാര്‍ത്ത ഇവരില്‍ വലിയൊരു വിഭാഗവും ഭൃഗുവംശരായ അഗ്‌നിഹോത്രികള്‍ ആയിരുന്നു. തങ്ങള്‍ മലബാറിലെത്തുന്നതിനുമുന്‍പ് ഭിന്നസമുദായങ്ങളുമായി സഹവസിച്ചിട്ടുണ്ടെന്നും ഇവിടെയും അതു സാധ്യമാണ് എന്നു കാണിക്കാനും തദ്ദേശീയരുടെ എതിര്‍പ്പിനെ തണുപ്പിക്കാനുമുള്ള ഒരു അടവായിട്ടാണ് ഈ കഥ പ്രചരിപ്പിച്ചത് എന്നാണ് കുറുപ്പിന്റെ വാദം.

വരരുചി പറയിയെ കല്യാണം കഴിച്ചതോടെ ഇവിടത്തെ തദ്ദേശീയരായ പാണരും പറയരും പാക്കനാരും മുക്കുവനും തച്ചനും ഉപ്പുകൂറ്റനുമെല്ലാം ബ്രാഹ്മണന്റെ മക്കളാവുന്നു. തൊഴിലടിസ്ഥാനത്തില്‍ ജീവിച്ചുകൊണ്ടിരുന്ന തദ്ദേശീയജനതയുടെ തന്തസ്ഥാനം ബ്രാഹ്മണന്‍ ഏറ്റെടുക്കുന്നുവെന്നര്‍ഥം.

തൊട്ടുകൂടായ്മയും തീണ്ടലില്ലായ്മയും മറികടന്ന് തദ്ദേശീയരുടെ വിശ്വാസം നേടിയെടുക്കാന്‍ ബ്രാഹ്മണന്‍ സൂത്രങ്ങള്‍ മെനയുന്നുവെന്നര്‍ഥം. വരുതിയിലായെന്ന് ബോധ്യമാവുന്ന നിമിഷം പൂര്‍വാധികം ശക്തിയോടെ അസ്പര്‍ശ്യതയും അനാചാരങ്ങളും തിരിച്ചു കൊണ്ടു വരികയും ചെയ്തു.

പറയിപെറ്റ പന്തിരുകുലത്തിലെ ആദ്യ സന്തതിയായി കരുതുന്നത് മേഴത്തോള്‍ അഗ്‌നിഹോത്രിയെയാണ്. തെക്കെ മലബാറെന്ന് വിവക്ഷിക്കാവുന്ന പാലക്കാട്ടെ വേമഞ്ചേരി മനയിലെ ഒരു അന്തര്‍ജ്ജനം നിളാ തീരത്തുനിന്നും എടുത്തുവളര്‍ത്തിയ കുട്ടിയാണ് പിന്നീട് തൊണ്ണൂറ്റൊമ്പത് അഗ്‌നിഹോത്ര യാഗങ്ങള്‍ ചെയ്ത് അഗ്‌നിഹോത്രി എന്ന പദവി നേടിയത് എന്ന് ഐതിഹ്യം പറയുന്നു.

വരരുചിയുടെ ശ്രാദ്ധ കര്‍മ്മങ്ങള്‍ക്കായി പന്തിരുകുലത്തിലെ, വായില്ലാക്കുന്നിലപ്പന്‍ ഒഴികെ ബാക്കിയെല്ലാവരും അഗ്‌നിഹോത്രിയുടെ മനയില്‍ ഒത്തുചേര്‍ന്നിരുന്നു. കേരളത്തില്‍ ബുദ്ധ-ജൈന കാലഘട്ടങ്ങള്‍ക്കു ശേഷം ഹിന്ദുമതത്തെ / ബ്രാഹ്മണ്യത്തെ ബലപ്പെടുത്തിയത് മേഴത്തോള്‍ അഗ്‌നിഹോത്രിയാണെന്നും കരുതപ്പെടുന്നു.

ബ്രാഹ്മണ്യത്തിനും ചാതുര്‍വര്‍ണ്യത്തിനും പുറത്തു നിന്നിരുന്ന ജനതയെ ഹിന്ദുക്കളാക്കാനുള്ള ശ്രമമാണ് അഗ്‌നിഹോത്രിയുടെ മനയില്‍ നിന്ന് തുടങ്ങിയത്.

ഈ കുലത്തിലെ മറ്റൊരു മകനായ പറയന്‍ പാക്കനാരുടെ കഥകളും ഈ ഹൈന്ദവവല്‍ക്കരണത്തെ സാധൂകരിക്കുന്നുണ്ട്. മേഴത്തോള്‍ അഗ്‌നിഹോത്രിയുടെ തറവാടായ വേമഞ്ചേരി മനയുടെ തൊട്ടടുത്താണ് പാക്കനാര്‍ കോളനി. ഈ പ്രദേശത്തെ നമ്പൂതിരിമാരുടെ തലവനായ ആഴ്വാഞ്ചേരി തമ്പ്രാക്കളെ, തമ്പ്രാക്കള്‍ ആയി വാഴിച്ചത് പാക്കനാര്‍ ആണെന്നും പറയപ്പെടുന്നു. ഭ്രമയുഗത്തില്‍ പോറ്റിയുടെ പ്രഭയിലേക്ക് ഈയാംപാറ്റയെപ്പോലെ കടന്നു വരുന്ന പാണനില്‍ പാക്കനാരുമുണ്ട്.

പറയിപെറ്റ പന്തിരുകുലത്തിലെ എട്ടാമത്തെ കുട്ടിയായ പാണനാര്‍ക്ക് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് അടുത്തുള്ള ശ്രീരംഗം ക്ഷേത്രത്തില്‍ ‘തിരുപ്പാണര്‍ ആഴ്വാര്‍’ എന്ന പേരില്‍ പ്രതിഷ്ഠയുണ്ട്. പാണരും പറയരും പാക്കനാരുമൊക്കെ ജ്ഞാനികളായിരുന്ന കാലത്തിന്റെ സൂചനകളാണിത്. പില്‍ക്കാലത്ത് അധികാരത്തിന്റെ അപദാനങ്ങള്‍ പാടി നടന്നും വിധേയപ്പെട്ടും ഭീഷണിക്ക് വഴങ്ങിയും സ്വാതന്ത്ര്യം പണയപ്പെടുത്തിയ തദ്ദേശ സമൂഹത്തിന്റെ പ്രതിനിധികളാണിവര്‍. തദ്ദേശീയ ദൈവങ്ങളെല്ലാം ശൈവ- വൈഷ്ണവദൈവങ്ങളുടെ കയ്യിലായി. പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ എരി എന്ന നോവലില്‍ പറയജ്ഞാനവും ബ്രാഹ്മണ്യവും ഏറ്റുമുട്ടുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ എരി

വരരുചി ഉപേക്ഷിച്ച മറ്റൊരു മകനായ ചാത്തനെ എടുത്തു വളര്‍ത്തുന്നത് ചെറുമിയാണ്. ആലുവയിലെ അകവൂര്‍ മനയിലെ ഭൃത്യനായിരുന്നു ചാത്തനെന്ന് ഐതിഹ്യം. വളരെയേറെ സിദ്ധികളുണ്ടായിരുന്ന അകവൂര്‍ ചാത്തനെ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളില്‍ പരാമര്‍ശിയ്ക്കുന്നുണ്ട്.

തദ്ദേശീയരുടെ പൂര്‍വികാരാധന കേന്ദ്രത്തെ/ വിശ്വാസത്തെ ബ്രാഹ്മണ്യം കീഴ്‌പ്പെടുത്തിയതോടെയാണ് ചാത്തന്‍ നമ്പൂതിരിയുടെ ഭൃത്യനാവുന്നത്. തദ്ദേശീയജനതയുടെ ദൈവങ്ങളെ സ്വന്തമാക്കി അതേ ദൈവസങ്കല്‍പങ്ങള്‍ കൊണ്ട് തന്നെ അവരില്‍ അവിശ്വാസവും ജനിപ്പിച്ച് തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുത്ത് പതിയെ തങ്ങളുടെ ദൈവങ്ങളേയും വിശ്വാസങ്ങളേയും അതിനുമുകളില്‍ നിരത്തി മേല്‍കൈ നേടിയ ചതിയുടെ പകിടകളിയാണത്.

യാഗങ്ങളും ആഭിചാരങ്ങളും ഉച്ചനീചത്വങ്ങളും കൊടുമ്പിരികൊണ്ട് അന്ധകാരത്തിലാണ്ട ഭ്രമയുഗത്തില്‍ പൊരുള്‍ തിരഞ്ഞു നടന്ന മകനെ ഭ്രാന്തനാക്കി ബ്രാഹ്മണ്യമെന്ന് നാറാണത്തു ഭ്രാന്തനും പറയുന്നു. ചുടലക്കാട്ടില്‍ അന്തിയുറങ്ങിയ നാറാണത്ത് ഭ്രാന്തന് മുന്നില്‍ പ്രത്യക്ഷപ്പെട്ട ഭദ്രകാളി വരം നല്‍കാന്‍ തുനിയുമ്പോള്‍ സ്വര്‍ഗ- നരക- ശാപാനുഗ്രഹ വിശ്വാസങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന ഭ്രാന്തന്‍ തന്റെ ഇടത്തെ കാലിലെ മന്ത് വലത്തെ കാലിലേക്ക് മാറ്റിത്തരാനാണ് പറയുന്നത്.

ഭ്രമയുഗത്തില്‍ ചാത്തനെ കീഴടക്കി അധികാരത്തിന്റെ മോതിരമിടുന്ന പാണനോട് ഭ്രാന്തനായിത്തീരുന്ന പാചകക്കാരന്‍ പറയുന്നത് നിന്റെ ഇടത്തേ കാതിലെ കടുക്കന്‍ ഇപ്പോള്‍ വലത്തേ കാതിലായി എന്നാണ്. നാറാണത്ത് ഭ്രാന്തന്‍ തന്റെ ഇടത്തേ കാലിലെ മന്ത് വലത്തേകാലിലേക്ക് മാറ്റുന്നതു പോലൊരു മാറ്റം മാത്രമെ സംഭവിക്കുന്നുള്ളുവെന്നര്‍ഥം. പുഴ കടന്ന് പുതിയ പ്രതിബന്ധങ്ങളും ആശയങ്ങളും തോക്കുമായി വരുന്നതോടെ ഭ്രമയുഗം അവസാനിക്കുന്നു.

ഇന്നും ഇന്ത്യന്‍ ജനത ആ കൊടുമണ്‍ മനയില്‍ത്തന്നെയാണ്. അധികാരം കയ്യാളുന്ന ന്യൂനപക്ഷസവര്‍ണസമൂഹത്തിന്റെ ദൈവങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വേണ്ടി ആടുന്ന വെറും ചാത്തന്‍മാര്‍ കാവല്‍ നില്‍ക്കുന്ന കൊടുംമനയില്‍. സ്വാതന്ത്ര്യത്തിന്റെ താക്കോല്‍ തിരയുന്ന വിപ്ലവകാരികള്‍ അധികാരത്തിന്റെ ദുരയെ കീഴടക്കി കൊടുമണ്‍മനയുടെ അന്ത്യം കുറിക്കുന്ന കാലത്തിനായി കാത്തിരിക്കേണ്ടി വരും, ഇനിയുമേറെ നാള്‍…

മമ്മുട്ടിയെന്ന മഹാപ്രതിഭയുടെ അഭിനയജിവിതത്തില്‍ കൊടുമണ്‍ പോറ്റിയും നാഴികക്കല്ലായിത്തീരുന്നു. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ഡ, മണികണ്ഠന്‍ എന്നിവര്‍ക്കും അവരുടെ അഭിനയജീവിതത്തില്‍ വിസ്മരിക്കാനാവാത്ത കഥാപാത്രങ്ങളിലേക്കുള്ള പരകായപ്രവേശത്തിന് അവസരം നല്‍കിയിട്ടുണ്ട് ഭ്രമയുഗം. പാണന്റെ പാട്ടും മനയിലെ ചങ്ങലക്കിലുക്കവും കാലത്തെ മറവിയിലാക്കിയ ആ മഴയും ഇപ്പോഴും അവസാനിച്ചിട്ടില്ല.

content highlights: Lijisha at writes about Bramayugam