കഞ്ചാവ് ഇവിടെയൊരു ജാതിപ്പേരാണ്
FB Notification
കഞ്ചാവ് ഇവിടെയൊരു ജാതിപ്പേരാണ്
ലിജീഷ് കുമാര്‍
Friday, 17th June 2022, 5:20 pm

ഒറ്റ തലക്കെട്ടേ നിങ്ങളയാള്‍ക്കിടൂ,
അത് കഞ്ചാവ് എന്നാണ്.
കഞ്ചാവ് ഇവിടെയൊരു ജാതിപ്പേരാണ്
……………………………………………………………..

യുങിനേയും, ആഡ്ലറിനേയും പോലെ സിഗ്മണ്ട് ഫ്രോയിഡിന് പ്രിയപ്പെട്ട പലരുമുണ്ടായിരുന്നു. അതിലൊരാള്‍ ഓസ്ട്രിയക്കാരനായ വില്‍ഹെം സ്റ്റീക്കലാണ്. സ്വന്തം സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ച് പില്‍ക്കാലം ഫ്രോയിഡില്‍ നിന്ന് ഇവരെല്ലാം അകന്നു പോയിട്ടുണ്ട്. ഇതില്‍ സ്റ്റീക്കല്‍ അകന്ന കഥ രസമാണ്. സ്ഥലം ഫ്രോയിഡിന്റെ വീടാണ്. കുളിക്കാന്‍ വേണ്ടി ഫ്രോയിഡ് ബാത്ത്‌റൂമിലേക്ക് നടന്ന് പോകുമ്പോള്‍ വില്‍ഹെം സ്റ്റീക്കല്‍ സഹ താമസക്കാരിളിലൊരാളോട് ഉച്ചത്തില്‍ പറഞ്ഞു, ”ഭീമാകാരമാര്‍ന്നവന്റെ തോളില്‍ ചവിട്ടി നില്‍ക്കുന്ന മുണ്ടന് ആ ഭീമന്‍ കാണുന്നതിനുമപ്പുറം കാണാന്‍ കഴിയും ” കേള്‍പ്പിക്കാന്‍ തന്നെയാണ് പറഞ്ഞത്, ആഗ്രഹിച്ച പോലെ ഫ്രോയിഡ് കേട്ടു. ചിരിച്ചുകൊണ്ട് ഫ്രോയിഡ് പറഞ്ഞു, ”അത് ശരിയാണ് സ്റ്റീക്കല്‍. പക്ഷേ, ജ്യോതിശാസ്ത്രജ്ഞന്റെ തലയിലിരിക്കുന്ന പേനിന് ആ കാഴ്ച കിട്ടുകയില്ല ”

ചില മനുഷ്യരെ കാണുമ്പോള്‍ എനിക്കീ തമാശ ഓര്‍മ വരും. ഇപ്പൊഴോര്‍ത്തത് വിനായക വിചാരണയിലഭിരമിക്കുന്ന പത്രക്കാരെ കണ്ടപ്പോഴാണ്. കേരളത്തിലെ പല പത്രസ്ഥാപനങ്ങളും വലിയ ചരിത്രമുള്ള സ്ഥാപനങ്ങളാണ്. ആ ചരിത്രം അവരെ ഭീമാകാരരാക്കുന്നുണ്ട്. അതിന്റെ തോളില്‍ ചവിട്ടി നില്‍ക്കുമ്പോള്‍ അതിനപ്പുറത്തേക്ക് സംഭവിക്കുന്ന ഒരു വളര്‍ച്ചയുണ്ട്. ദൗര്‍ഭാഗ്യവശാല്‍ അതല്ല പലപ്പോഴും സംഭവിക്കാറുള്ളത്. അകത്ത് നിന്ന് ഇതുവരേയും പിന്‍വലിക്കാന്‍ കഴിയാത്ത കണ്ണുകൊണ്ട് എങ്ങനെയാണ് പുറത്തേക്ക് നോക്കാന്‍ കഴിയുക. താമസം ജ്യോതിശാസ്ത്രജ്ഞന്റെ തലക്കു മുകളിലാണെന്ന് പറഞ്ഞിട്ടെന്ത്, അവര്‍ നക്ഷത്രം പോയിട്ട് ആകാശം പോലും നേരേ ചൊവ്വേ കണ്ടിട്ടില്ലാത്ത പേനുകളാണ്.

‘എന്താണ് മീ ടൂ, ശാരീരികവും മാനസികവുമായ പീഡനം. അല്ലേ ? ഇന്ത്യയുടെ നിയമത്തില്‍ വളരെ ഭീകരമായ കുറ്റകൃത്യമാണ്. എന്നിട്ട് എത്ര പേരെ നിങ്ങള്‍ ശിക്ഷിച്ചു ? അതൊരു വലിയ കുറ്റകൃത്യമാണ്, അതുവെച്ച് തമാശ കളിക്കരുത്.’ എത്ര കൃത്യമായാണ് വിനായകന്‍ തന്റെ രാഷ്ട്രീയം പറഞ്ഞു വെക്കുന്നത്. എത്ര പേര്‍ ശിക്ഷിക്കപ്പെട്ടു എന്ന ചോദ്യം പ്രസക്തമാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു രഞ്ജന്‍ ഗോഗോയ്, മീ ടൂ അയാളെ എന്തു ചെയ്തു? കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്ന എം.ജെ.അക്ബറിനെ എന്ത് ചെയ്തു? താനനുഭവിച്ചതെല്ലാം ചിന്മയി ശ്രീപദ അക്കമിട്ട് നിരത്തിയിട്ടും വൈരമുത്തുവിനെ നാം എന്ത് ചെയ്തു?

രണ്ടു ദിവസം മുമ്പാണ്, തിരുവനന്തപുരത്തെ എ.കെ.ജി ഹാളില്‍ വെച്ച് കുമാരനാശാന്റെ 150ാം ജന്മവാര്‍ഷികാഘോഷം നടക്കുന്നു. അനുസ്മരണ പ്രഭാഷണം കെ.ജയകുമാര്‍ ആരംഭിക്കുന്നത് വൈരമുത്തുവിന്റെ മധുരം നുകര്‍ന്ന് കൊണ്ടാണ്. പറഞ്ഞത് എഴുത്തിനെ റദ്ദ് ചെയ്യണം എന്നല്ല. വൈരമുത്തു എന്ന ക്രിമിനല്‍ എഴുത്തിനാല്‍ വാഴ്ത്തപ്പെട്ട് കൊണ്ടേയിരിക്കും എന്നാണ്. ചിന്മയി പരസ്യമായ സ്ലട് ഷെയിമിങ്‌ നേരിട്ടു എന്നതല്ലാതെ വൈരമുത്തു വിഷയത്തില്‍ അന്നും ഒന്നും സംഭവിച്ചിരുന്നില്ല.

വിനായകന്‍ ചോദിക്കുന്നു, ‘ശാരീരികവും മാനസികവുമായ പീഡനം. അല്ലേ? ഇന്ത്യയുടെ നിയമത്തില്‍ വളരെ ഭീകരമായ കുറ്റകൃത്യമാണ്. എന്നിട്ട് എത്ര പേരെ നിങ്ങള്‍ ശിക്ഷിച്ചു? അനുരാഗ് കശ്യപിനെതിരെ, ചേതന്‍ ഭഗതിനെതിരെ, സിദ്ധിഖിനെതിരെ, വിജയ് ബാബുവിനെതിരെ, ഇതൊരു നീണ്ട പട്ടികയാണ്. ഈ പട്ടികയില്‍ എത്രയെണ്ണത്തിലാണ് കേസ് ചാര്‍ജ് ചെയ്യപ്പെട്ടിട്ടുള്ളത്. എത്ര പേരാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്, എത്ര പേരാണ് ജയിലില്‍ കിടന്നിട്ടുള്ളത്. ശാരീരികവും മാനസികവുമായ അക്രമത്തെ, ഒരു ക്രിമിനല്‍ കുറ്റത്തെ നമ്മള്‍ ദുര്‍ബലപ്പെടുത്തി തുടങ്ങിയിരിക്കുന്നു എന്ന ആരോപണത്തില്‍ നാം കഴമ്പ് കാണാത്തത് അതുന്നയിക്കുന്നത് വിനായകനായത് കൊണ്ടല്ലേ ?

‘അതൊരു ബുള്ളിയിങ് ടാക്ട്ടിക് ആയിരുന്നു, നാനാ പടേക്കര്‍ എന്നോട് മോശമായി പെരുമാറി.’ തനുശ്രീ ദത്തയുടെ ശബ്ദം നിങ്ങള്‍ക്കോര്‍മയുണ്ടോ? നാനാ പടേക്കര്‍, ഉത്സവ് ചക്രവര്‍ത്തി, വികാസ് ബഹല്‍, സൂസി ഗണേശന്‍ ഓര്‍ത്തിരിക്കുന്നതിനേക്കാള്‍ നാം മറന്ന് കളഞ്ഞ പേരുകളാണ് കൂടുതല്‍. അര്‍ജുന്‍ സര്‍ജ മുതല്‍ അനീഷ് ജി. മേനോന്‍ വരെയുള്ളവരുടെ നേരെയുള്ള പരാതികള്‍ നമുക്കൊരു കഥ മാത്രമാണ്, ലൈക്കുകളും കമന്റുകളും നിറഞ്ഞ് മാഞ്ഞു പോകുന്ന ഒരു ഹാഷ് ടാഗ് കുറിപ്പ് മാത്രമാണ്. ഇതിന്റെ നേരെന്താണ് എന്ന് നാമെങ്ങനെ അറിയും? ആരാണ് കുറ്റവാളി എന്ന് നാമെങ്ങനെ മനസ്സിലാക്കും? സ്ത്രീയുന്നയിക്കുന്ന പരാതികളിലെല്ലാം നമ്മുടെ പൊതുബോധം സ്ത്രീ പക്ഷത്തല്ല. ആണെങ്കില്‍ കേരളം സമ്പൂര്‍ണ്ണമായും സരിതയുടെയും സ്വപ്നയുടേയും ഒക്കെ പക്ഷത്ത് നിന്ന ചരിത്രമാവണം നമുക്ക് മുമ്പിലുണ്ടാവേണ്ടത്.

കുറ്റകൃത്യങ്ങളില്‍ ആണ്‍ പ്രാതിനിധ്യത്തോളം വരില്ലെങ്കിലും പെണ്‍ പ്രാതിനിധ്യവുമുണ്ട്. ഇക്കേസുകളിലും അതുണ്ടാവും. ഇതിന് മാത്രം എല്ലാത്തില്‍ നിന്നും മാറി നില്‍ക്കാനാവില്ല. അപ്പോള്‍ ആരാണ് കുറ്റവാളി എന്ന് കണ്ടുപിടിക്കപ്പെടേണ്ടേ ? അയാള്‍ ശിക്ഷക്കപ്പെടേണ്ടതില്ലേ ?

‘ശാരീരികവും മാനസികവുമായ പീഡനത്തിന് മീ ടൂ എന്നാണ് പേരെങ്കില്‍, ഞാന്‍ അങ്ങനെ ഒരാളെയും പീഡിപ്പിച്ചിട്ടില്ല. വിനായകന്‍ അത്രയും തരംതാഴ്ന്നവനല്ല.’ എന്ന് ആണയിട്ട് പറഞ്ഞിട്ടും, താന്‍ സംസാരിക്കണ്ട വിനായകാ എന്നലറി അയാളോട് മാത്രം നിങ്ങള്‍ കയര്‍ക്കുന്നത് എന്തുകൊണ്ടാണ് ? ഏതധികാര ബോധത്തില്‍ നിന്നാണ്, മമ്മൂക്കയും ലാലേട്ടനും ദിലീപേട്ടനും വിളികള്‍ വിനായകാ എന്നതിലേക്ക് മാറുന്നത്. അതാണ് ജാതി. പേര് വിളിക്കപ്പെടുന്നത് അപമാനമല്ല. പക്ഷേ ഒരാളെ മാത്രം വിളിക്കുന്ന പേരുണ്ടല്ലോ, അതില്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങളുടെ ഉള്ളിലെ ജാതിയാണ്.

ഒരു കത്തേ ഞാന്‍ രഞ്ജിത്തിനെഴുതിയിട്ടുള്ളൂ. അതെഴുതിയത് ഇവിടെയാണ്, ഈ പ്ലാറ്റ് ഫോമിലാണ്. ‘മേളപ്പന്തലില്‍ ആളെക്കൂട്ടാന്‍ എഴുന്നള്ളിക്കേണ്ട അലങ്കാര വസ്തുവിന്റെ പേരല്ല ഭാവന’ എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഇപ്പോഴതോര്‍മിപ്പിച്ചത് വിനായകനാണ്. രഞ്ജിത്ത് ചലച്ചിത്ര മേളയുടെ ഉദ്ഘാടനപ്പന്തലില്‍ ഭാവനയെ കൊണ്ടുപോയി നിര്‍ത്തിയ ഉടന്‍, വിനായകന്‍ ഒരു ഫോട്ടോ പങ്കു വെച്ചു. ഭാവനയുടെ കേസില്‍ ജയില്‍ കിടക്കുന്ന ദിലീപിനെ രഞ്ജിത്ത് സന്ദര്‍ശിച്ച ചിത്രമായിരുന്നു അത്. ‘ഇവന്‍ ആരെ ഉദ്ദേശിച്ചാണ് ഇത് എറിഞ്ഞത് എന്ന് ആദ്യം മനസിലാക്കിയാല്‍ നന്നായിരുന്നു. ഇവന്‍ എന്നെ ഉദ്ദേശിച്ചാണെങ്കില്‍ വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല. അതിന് വിനായകന് ഈ ജന്മം മതിയാകില്ല.’ രഞ്ജിത്തിന്റെ മറുപടിയാണ്. എന്ത് മനോഹരമായ ഡയലോഗാണല്ലേ. ഇതാണ് ജാതി.
ഇതിലുമുണ്ട് ഒരു ഇവന്‍ ! ഈ ജന്മം കൊണ്ട് ഒന്നും ചെയ്യാനാവാത്തവന്‍ ! ഈ ജന്മം മതിയാവാത്തവന്‍

‘ഞാന്‍ റോഡിലൂടെ പോകുന്നവരെ നോട്ടീസ് വിതരണം ചെയ്ത് പ്രാപിക്കാന്‍ വിളിക്കില്ല. പരസ്പര സമ്മതമില്ലാത്ത ഒരൊറ്റ വേഴ്ചയും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. എനിക്കാഗ്രഹം തോന്നിയാല്‍ ഞാന്‍ നിന്നോടും അത് പറയും എന്ന് അന്നൊരു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് – കയറിപ്പിടിക്കില്ല, കയ്യേറ്റം ചെയ്യില്ല എന്നുദാഹരിക്കാനാണ്. ഉദാഹരണമായല്ല, സ്‌പെസിഫിക്കായി അവരോടുള്ളതായാണ് അവര്‍ക്ക് തോന്നിയതെങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു.’ എന്ന് വിനായകന്‍ പറഞ്ഞിട്ടും കൂട്ടത്തിലൊരാള്‍ക്ക് വേണ്ടി മാധ്യമ പ്രവര്‍ത്തകരില്‍ നുരഞ്ഞ് പൊന്തിയ ആവേശമുണ്ടല്ലോ, ഗംഭീരമാണത്.

മൂക്കറ്റം കള്ളുകുടിച്ച് തങ്ങളിലൊരുവന്റെ നെഞ്ചിലൂടെ കാറോടിച്ചു പോയവനോട് അവരത് കാണിച്ചിട്ടില്ല. പില്‍ക്കാലം അയാളലങ്കരിച്ച മുറികള്‍ക്ക് മുമ്പില്‍, ‘താന്‍ ഇവിടെ ഇരിക്കണ്ട’ എന്ന് പറഞ്ഞ് പ്രതിഷേധവുമായി ഒരാളും പ്രത്യക്ഷപ്പെട്ടിട്ടില്ല. വല്ലാത്ത ഒരു തരം പാരസ്പര്യം അല്ലേ. ജാതി അതിന്റെ പേരുമാണ്.

ഈ ജാതിയാണ് നിങ്ങളുടെ യുക്തിയെ നിയന്ത്രിക്കുന്നത്. ജാതിക്കാട്ടില്‍ താമസിക്കുന്ന പേനുകള്‍ക്ക് വിനായകന്‍ വിരാജിക്കുന്ന സിനിമയുടെ ആകാശം കാണാനാവില്ല. അവരുടെ താരങ്ങളില്‍ വിനായകനില്ല. അവതാരങ്ങളെ മാത്രം വാഴ്ത്തി ശീലിച്ച അവരുടെ പേന വിനായകന്റെ ഉടലിന് താരപ്രഭ എന്ന് തലക്കെട്ടിടില്ല. ഒറ്റ തലക്കെട്ടേ അവരയാള്‍ക്ക് നല്‍കൂ, അത് കഞ്ചാവ് എന്നാണ്. കഞ്ചാവ് ഇവിടെയൊരു ജാതിപ്പേരാണ്.

Content Highlight: lijeesh kumar writes about the discrimination of media against vinayakan