| Saturday, 20th February 2021, 11:47 am

അന്ന് കുമ്മനടിച്ചതല്ല, റിഹേഴ്‌സലടിച്ചതാണ്, ഇപ്പോഴെങ്കിലും മനസ്സിലായോ ആരായിരുന്നു അധികപ്പറ്റെന്ന്

ലിജീഷ് കുമാര്‍

നിങ്ങള്‍ക്കീ പടം ഓര്‍മ്മയുണ്ടോ? മറക്കാന്‍ മാത്രം പഴക്കമൊന്നുമില്ല ഇതിന്, 2017 ജൂണ്‍ മാസത്തിലേതാണ്. ദിവസം കൃത്യമായി എനിക്കോര്‍മ്മയില്ല, കേരളം ഒരുപാട് ചിരിച്ച ദിവസമാണ് എന്ന് മാത്രം ഓര്‍മ്മയുണ്ട്. അങ്ങനെ ചിരിച്ച് ചിരിച്ച് നമ്മള്‍ മന:പാഠമാക്കിയ മെട്രോ ട്രെയിനും യാത്രക്കാരുമാണിത്. അന്ന് ചിരിച്ചതില്‍ ഇന്ന് വിഷമിക്കുന്നുണ്ടോ?

ചില സിനിമകള്‍ ഇങ്ങനെയാണ്. ക്ലൈമാക്‌സില്‍ കോമഡി കഥാപാത്രങ്ങള്‍ കേറിയങ്ങ് വിലസും. ചിലതല്ല, എല്ലാ സിനിമകളും ഇങ്ങനൊക്കെത്തന്നെയാണ്. വില്ലനെ, വില്ലനെന്ന് ഒരിക്കലും തോന്നാത്ത ഒരാളായി അവതരിപ്പിക്കലാണ് കൊമേഴ്‌സ്യല്‍ പടമെഴുത്തിന്റെ പ്രാഥമിക ശ്രമങ്ങളിലൊന്ന്.

അതൊക്കെയറിയാം എന്നല്ലേ മനസ്സില്‍ പറയുന്നത്. ഒരു കുന്തവുമറിയില്ല എന്നതാണ് സത്യം. കഥ തീരും വരെ അവരെ നോക്കി ഊറിയൂറിച്ചിരിച്ചാലും, ഞങ്ങള്‍ക്കിത്തിരി ബുദ്ധിയൊക്കെയുണ്ട് എന്ന് പറയുന്ന ചില സിനിമാ പ്രേക്ഷകരെ എനിക്കറിയാം. രാഷ്ട്രീയ ജാഗ്രതയില്ലായ്മ ബുദ്ധിയായി കൊണ്ടു നടക്കുന്നവര്‍ അവരെപ്പോലെയാണ്.

എല്ലാം മനസ്സിലാക്കിക്കളയുന്നവരാണെന്നാണ് അവരുടെ ധാരണ. നമ്മള്‍ക്കൊരു കുന്തവുമറിയില്ല, ഈ ബുദ്ധികൊണ്ടൊന്നും പഠിക്കാനാവില്ല ആര്‍.എസ്.എസ്സിനെ. കുമ്മനം രാജശേഖരനും അയാളുടെ പാര്‍ട്ടിയും നമ്മളുദ്ദേശിച്ചവരല്ല സാര്‍. എന്തിന് വലിഞ്ഞു കയറി എന്ന് ചോദിച്ച് ട്രോളിച്ചിരിച്ചവരോട് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന് കുമ്മനം പറയുന്നു, ചുമ്മാ കയറിയതല്ല. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ദൂരം താണ്ടാനുള്ള പാറകള്‍ തുരക്കാനുള്ള ജാലവിദ്യയന്വേഷിച്ച് കയറിയതാണ്.

സത്യത്തില്‍ കുമ്മനടിച്ചതല്ല, റിഹേഴ്‌സലടിച്ചതാണ്. നരേന്ദ്രമോദിയും വെങ്കയ്യ നായിഡുവും സദാശിവവും ഞാനും ശ്രീധരേട്ടനുമുള്ള ഒരു വണ്ടി ഒരുനാള്‍ നിങ്ങളുടെ തലക്കു മുകളിലൂടെ ഓടിക്കാനുള്ള റിഹേഴ്‌സല്‍.

പല രീതിയില്‍, പലയിടത്തായി കേരളം കണ്ടു കൊണ്ടിരിക്കുന്നത് ഇത്തരം റിഹേഴ്‌സലുകളാണ്. കഥയറിയാതെ ആട്ടം കാണുന്നവര്‍ ഇപ്പോഴും ഊറിയൂറിച്ചിരിക്കുന്നുണ്ട്. ഇങ്ങനെ ചിരിക്കും മുമ്പ് ഈ ട്രെയിനിലേക്ക് ഒന്നു കൂടെ നോക്കൂ. ഇപ്പോഴും ഇതിലെ അധികപ്പറ്റായി നിങ്ങള്‍ക്ക് തോന്നുന്നത് കുമ്മനം രാജശേഖരനാണോ? ഇതാണ് ആര്‍.എസ്.എസ്സ്. നമ്മളിപ്പോള്‍ കണ്ട കാഴ്ചയാണ് ആര്‍.എസ്.എസ്സ്.

ട്രോളുകള്‍ കൊണ്ട് ആര്‍.എസ്.എസ്സിനെ തോല്‍പ്പിക്കാമെന്ന് കരുതിയവരുടെ മുഖത്തേക്ക് കുമ്മനം രാജശേഖരന്‍ ആട്ടിത്തുപ്പിയ ദിവസമാണിന്ന്. മലയാളി പക്ഷേ ഇന്നും ട്രോളിലാണ്. ഇന്നത്തെ ട്രോള്‍ ഇ.ശ്രീധരനെക്കുറിച്ചാണ്. ആരാരെ നോക്കിയാണ് ചിരിക്കുന്നത് എന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്.

ദൃശ്യം 2 വിന്റെ ക്ലൈമാക്‌സില്‍ മുരളി ഗോപിയുടെ തോമസ് ബാസ്റ്റിന്‍ ഐ.പി.എസ് പറയുന്ന ഒരു ഡയലോഗുണ്ട്, ”സത്യം പറഞ്ഞാല്‍ നമ്മള്‍ അയാളെ അല്ല, അയാള്‍ നമ്മളെയാണ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. ദിസ് മാന്‍ ഈസ് എ ക്ലാസിക്കല്‍ ക്രിമിനല്‍” എന്ന്. അതാണ് സത്യം. അവര്‍ നമ്മളെയാണ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.

നമ്മുടെ ദൗര്‍ബല്യത്തെ, നമ്മുടെ വിവരക്കേടിനെ, എല്ലാം തമാശയാക്കിച്ചിരിച്ച് തള്ളുന്ന നമ്മുടെ ക്രൂരമായ നേരമ്പോക്കിനെ അവര്‍ ക്ലാസിക്കല്‍ ക്രിമിനലുകളാണ്. മുമ്പേ പെയ്ത മഴയിലാണ് ഇപ്പോള്‍ നനയുന്നത് എന്നൊരു പ്രയോഗമുണ്ട്, എന്റെയല്ല – ഭാനുപ്രകാശിന്റെ. കടമെടുക്കാന്‍ തോന്നുന്നത് ആ പ്രയോഗമാണ്. നനയുകയല്ല, നനഞ്ഞ് കുതിരുകയാണ് നമ്മള്‍.

Content Highlights: Lijeesh Kumar writes about Kummanam Rajashekharan and RSS Strategy

ലിജീഷ് കുമാര്‍

We use cookies to give you the best possible experience. Learn more