| Wednesday, 21st August 2019, 12:53 pm

പ്രിയ തോമസ് ഐസക് ദുരിതം തീരാത്ത നാട്ടില്‍, ദുരിതാശ്വാസനിധി ബാക്കിയാവുന്നതെന്തു കൊണ്ടാണ് ?

ലിജീഷ് കുമാര്‍

ഒരു പ്രളയത്തില്‍ നിന്ന് കൂടെ നാം കരകയറുകയാണ്. ഈ നാം എന്നതില്‍പ്പെടാത്ത, ഇനിയും കരകയറാത്ത, എത്ര നീന്തിയാലും എത്താത്ത ദൂരത്തേക്ക് കര തന്നെയും ഒലിച്ചുപോയ ഒരുപാട് പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. താമസിയാതെ ഈ ക്യാമ്പുകള്‍ അടയ്ക്കും, സഹായപ്പൊതികളുമായി വരുന്ന വണ്ടികള്‍ വരാതെയാവും, അപ്പോള്‍ ഈ മനുഷ്യര്‍ എന്ത് ചെയ്യും ?

അന്നേരങ്ങളിലാണ് സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന ധൈര്യം ഇവരെ താങ്ങി നിര്‍ത്തേണ്ടത്. അതിന് സര്‍ക്കാരിന് പണം ആവശ്യമുണ്ട്. നാമത് നമ്മളാല്‍ക്കഴിയും വിധം നല്‍കാന്‍ ബാധ്യസ്ഥരുമാണ്. നമ്മുടെ ഉത്തരവാദിത്തം പക്ഷേ അവിടെ അവസാനിക്കുന്നില്ല, സര്‍ക്കാര്‍ എത്രത്തോളം ഇവര്‍ക്കൊപ്പമുണ്ട് എന്ന അന്വേഷണം തികഞ്ഞ രാഷ്ട്രീയ ജാഗ്രതയോടെ നാം നടത്തേണ്ടതുണ്ട്.

അന്തേവാസികള്‍ സ്വന്തം കീശയില്‍ നിന്ന് പണം മുടക്കി ഓട്ടോ വിളിച്ച് അരി കൊണ്ടുവരേണ്ട ദുരിതാശ്വാസ ക്യാമ്പുകള്‍ ഇപ്പോഴും കേരളത്തിലുണ്ട് എന്ന് സഖാവ് ഓമനക്കുട്ടന്‍ നമുക്ക് കാണിച്ച് തന്നു. കഴിഞ്ഞ 35 വര്‍ഷമായി എല്ലാ മഴക്കാലത്തും ദുരിതാശ്വാസക്യാമ്പാവുന്ന ആലപ്പുഴയിലെ ഒരു കമ്മ്യൂണിറ്റിഹാള്‍ നാം കണ്ടു. അടിസ്ഥാന സൗകര്യങ്ങളില്ല, വൈദ്യുതി പോലുമില്ല എന്ന് പരാതിപ്പെടുന്ന പ്രജയോട് ഈ കമ്മ്യൂണിറ്റി ഹാള്‍ നീ ഉണ്ടാക്കിയതാണോ എന്ന് ചോദിക്കുന്ന മന്ത്രിയേയും കണ്ടു. ക്യാമ്പിലുള്ള മനുഷ്യരോട് പോലും മന്ത്രി – വില്ലേജ് ഓഫീസര്‍ – റവന്യൂ സെക്രട്ടറി ശ്രേണിയില്‍പ്പെടുന്ന സര്‍ക്കാര്‍ സംവിധാനം ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍, ക്യാമ്പില്‍ നിന്ന് മടങ്ങിയതിനു ശേഷം ഇവരുടെ ജീവിതത്തില്‍ എങ്ങനെയാണ് ഈ സംവിധാനം ഇടപെടുന്നുണ്ടാവുക എന്നത് നാം ഭീതിയോടെ അന്വേഷിക്കേണ്ടിയിരിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ പ്രളയത്തില്‍ എല്ലാമൊലിച്ചു പോയ പലരും ഇന്നും ജീവിതം കരുപ്പിടിപ്പിച്ചിട്ടില്ല. ഇനിയും സഹായധനം കിട്ടിയിട്ടില്ല എന്ന് പരാതിപ്പെടുന്നവരേറെയുണ്ട് കേരളത്തില്‍. കിട്ടിയവരുടെ കണക്ക് കാണിച്ച് കിട്ടാത്തവരെ സാന്ത്വനപ്പെടുത്താനാവില്ല. ഞാന്‍ പട്ടിണിയാണ് എന്ന് കരയുന്ന മനുഷ്യനോട് നിന്റെ അയല്‍ക്കാരന് ഞാന്‍ ചോറു വാങ്ങിക്കൊടുത്തിട്ടുണ്ട് എന്ന് പറയുന്നതിലെ യുക്തി എന്താണ്? നീ പ്ലേറ്റും കൊണ്ട് വന്നാല്‍ ചോറ് തരാം എന്ന് പറയുന്നതിലെയും ഒന്നുമില്ലാത്തവരെ പുനരധിവസിപ്പിക്കുന്നതില്‍ വേണ്ടത് ഘട്ടം ഘട്ട വിതരണത്തിന്റെ നോര്‍മല്‍ സര്‍ക്കാര്‍ സ്ട്രാറ്റജിയല്ല. അതിനല്ല ജനം സര്‍ക്കാരിന് നേരിട്ട് പണം കൊടുത്തത്. മുണ്ടുമുറുക്കി ഉടുക്കാന്‍ മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഇന്നാട്ടിലെ ജനം അതിനു തയ്യാറായത്, പറഞ്ഞത് മുഖ്യമന്ത്രിയാണ് എന്നത് കൊണ്ടല്ല. തന്റെ സഹജീവിക്ക് തന്റെ സഹനം കൊണ്ട് ജീവിതം ഉണ്ടാവണമെന്ന അങ്ങേയറ്റത്തെ ആഗ്രഹം കൊണ്ടാണത്.

സര്‍ക്കാര്‍ ജോലിക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെഴുതി കൊടുത്തത് ത്യാഗം കാട്ടിയാളാവാനല്ല. ലോകമെമ്പാടുമുള്ള മലയാളികള്‍, നമ്മോട് കരുണതോന്നിയ അയല്‍നാട്ടുകാര്‍, അങ്ങനെ കൈകോര്‍ത്തു നിന്ന ആയിരങ്ങളെ കണ്ടിട്ടുണ്ട് നാം കഴിഞ്ഞ പ്രളയകാലത്ത്. പ്രളയാനന്തരം കരഞ്ഞു ജീവിക്കേണ്ടിവരുന്ന ഒരാള്‍ പോലും കേരളത്തിലുണ്ടാവരുതെന്ന നിശ്ചയദാര്‍ഢ്യമാണ് അവരെ കൂട്ടിക്കെട്ടിയ ഊര്‍ജ്ജം.

കഴിഞ്ഞ പ്രളയത്തിന് ശേഷം 20/07/2019 വരെയുള്ള പ്രളയ ദുരിതാശ്വാസത്തിലേക്ക് കിട്ടിയ സംഭാവന 4106 കോടി രൂപയാണ് എന്ന് സാക്ഷ്യപ്പെടുത്തിയത് കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്കാണ്. ഇതില്‍ ചെലവാക്കിയത് 2041 കോടി രൂപയാണ്. 2065 കോടി രൂപ ബാക്കിയുണ്ട് എന്നര്‍ത്ഥം. വീട് നിര്‍മ്മാണത്തിന് പണി പൂര്‍ത്തിയാക്കുന്നത് അനുസരിച്ച് ഇനിയും പണം നല്‍കുമെന്നും, കുടുംബശ്രീ വഴിയുള്ള പലിശരഹിത വായ്പ, കൃഷിക്കാരുടെയും സംരംഭകരുടെയും പലിശ സബ്‌സിഡി, റോഡുകളുടെയും മറ്റും അറ്റകുറ്റപ്പണി തുടങ്ങിയവയുടെ എല്ലാം പണം ഇനിയും മാസങ്ങള്‍ കഴിഞ്ഞാണ് നല്‍കേണ്ടി വരിക എന്നും ധനമന്ത്രി പറയുന്നു. 2000 കോടിയിലേറെ രൂപ ഈ ഇനത്തില്‍ മാത്രം ചെലവഴിക്കാന്‍ ഗവണ്‍മെന്റിന്റെ കൈയ്യിലുണ്ടായിട്ടും പ്രളയം കഴിഞ്ഞ് വര്‍ഷങ്ങളെടുത്ത് മാത്രം പുനര്‍നിര്‍മാണം സാധ്യമാക്കുന്ന പോളിസിയല്ല പ്രൊമോട്ട് ചെയ്യപ്പെടേണ്ടത്.

ഫണ്ടുകള്‍ ലാപ്‌സാവുന്നതിലുള്ള ആശങ്കയല്ല ഇത്. ഇതങ്ങനെ ലാപ്‌സാവുന്ന ഫണ്ടുമല്ല. പല നിധികളിലും ഉപയോഗിക്കപ്പെടാതെ പണം ചിലപ്പോള്‍ ബാക്കി കിടന്നേക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ത്തന്നെ പണം ബാക്കിയുണ്ടായേക്കാം. അതുപോലൊന്നുമല്ല മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയില്‍ പണം ബാക്കി കിടക്കുന്ന അവസ്ഥ. അടുത്ത പ്രളയകാലത്ത് പല മനുഷ്യര്‍ക്കും പങ്കുവെക്കാനുണ്ടാവുക, കഴിഞ്ഞ പ്രളയത്തിന്റെ ദുരിതത്തില്‍ നിന്ന് ഇതുവരെയും കരകയറാനാവാത്തതിന്റെ സങ്കടമാവും. നമുക്കതെല്ലാം എപ്പോഴും ഒറ്റപ്പെട്ട കഥകളാണ്. അന്നും ബാക്കിയുള്ള പണത്തിന്റെ കഥയുമായി ധനമന്ത്രി വരാതിരിക്കില്ല. വകമാറ്റി ചെലവഴിക്കുന്നതിനോളം പാതകമാണ് വകയ്ക്ക് ചെലവഴിക്കാത്തതും. പ്രിയ തോമസ് ഐസക്, ദുരിതം തീരാത്ത നാട്ടില്‍ ദുരിതാശ്വാസനിധി ഇങ്ങനെ ബാക്കിയാവുന്നതെന്തു കൊണ്ടാണ് ?

അങ്ങനെ വരുമ്പോള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാന്‍ കാണിക്കുന്ന ആര്‍ജ്ജവം ആ പണം ചെലവഴിക്കുന്നതില്‍ ഉണ്ടാവുന്നുണ്ടോ എന്ന ചോദ്യം നിസ്സാരമായി തള്ളിക്കളയേണ്ട ചോദ്യമല്ല. പുനരധിവാസത്തിന് ഒരു പാക്കേജ് ഉണ്ടാവേണ്ടതല്ലേ, അത് നടപ്പിലാക്കാന്‍ ഒരു സമയപരിധി വെക്കേണ്ടതല്ലേ, ഒരാളും തെരുവിലായിട്ടില്ല എന്നുറപ്പുവരുത്തേണ്ടതല്ലേ ?

ഇനി സ്വരൂപിച്ച പണം തികഞ്ഞില്ലായെങ്കില്‍ ഒരു മടിയുമില്ലാതെ കടം വാങ്ങണം. ശമ്പളം കൊടുക്കാന്‍ കടം വാങ്ങിയിട്ടില്ലേ, കറണ്ടുണ്ടാക്കാന്‍ കടം വാങ്ങിയിട്ടില്ലേ, കോര്‍പ്പറേറ്റുകളുടെ കടം എഴുതിത്തള്ളാന്‍ കടം വാങ്ങിയിട്ടില്ലേ, എ.ഡി.ബിയില്‍ നിന്നും മറ്റുമൊക്കെയായി എന്തിനെല്ലാം നാം കടം വാങ്ങിയിട്ടുണ്ട്. കേന്ദ്രം തരുമെന്ന് കരുതിയോ, ആഗോള മലയാളികള്‍ സ്വരൂപിച്ച് തരുമെന്ന് കരുതിയോ വികസനത്തിന്റെ വണ്ടിക്ക് നാമൊരിടത്തും ചുവപ്പുകൊടി കാണിച്ചിട്ടില്ല. നമ്മുടെ മനുഷ്യരെ പുനരധിവസിപ്പിക്കാന്‍ കടം വാങ്ങുന്നത് അതിനെക്കാളൊക്കെ എത്ര മഹത്തരമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒറ്റമാസം കൊണ്ട് പുനര്‍നിര്‍മ്മിക്കപ്പെടേണ്ടതുണ്ട് കേരളം. അതിന് ഒരുപദേശിയെ വേണമെങ്കില്‍ ഒരു മടിയും കൂടാതെ മുഖ്യമന്ത്രി നിയമിക്കണം. അതിനൊരു മന്ത്രിയെ ചുമതലപ്പെടുത്തേണ്ടതുണ്ടെങ്കില്‍ ചുമതലപ്പെടുത്തണം. അതിന് തയ്യാറാക്കുന്ന ടീമില്‍ എത്ര ഐ.എ.എസ് ഓഫീസര്‍മാര്‍ വേണ്ടതുണ്ട് എന്ന് ഭരണകൂടം അടിയന്തിരമായി തീരുമാനിക്കണം. പ്രാദേശികമായി നഷ്ടം കണക്കാക്കി കൃത്യമായ റിപ്പോര്‍ട്ട് തരാന്‍ പത്തോ പതിനഞ്ചോ ദിവസത്തെ സമയപരിധി മാത്രമേ അനുവദിച്ചു കൊടുക്കാവൂ. ആ സമയം കൊണ്ട് പോലും ഇവരില്‍പ്പലരും മരിച്ചു പോകും ! മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് അനുവദിച്ചുകിട്ടിയ മുഴുവന്‍ പണവും അടിയന്തരമായി പുനര്‍നിര്‍മാണത്തിന് ചെലവഴിച്ച് ആ നിധി കാലിയാക്കണം. ശേഷം എത്ര പണം വേണ്ടതുണ്ടോ ആ പണം സ്വരൂപിക്കാന്‍ കേരളത്തിലെ പൊതു മനസാക്ഷിയോട് മുഖ്യമന്ത്രി അഭിപ്രായം തേടണം. നമ്മുടെ പഴയ പെട്ടിയില്‍ ഇനി ഒറ്റപ്പണം ബാക്കിയില്ല, നമുക്കൊന്നിറങ്ങണ്ടേ എന്ന് തന്നെ ആര്‍ജ്ജവത്തോടെ ചോദിക്കണം. ഇന്നാട്ടിലെ അവസാനത്തെ മനുഷ്യനും ജീവിതം ഉണ്ടാക്കിക്കൊടുക്കണം. ഇതൊരു രാഷ്ട്രീയ പ്രശ്‌നം മാത്രമല്ല സര്‍, ഒരു മനുഷ്യാവകാശ പ്രശ്‌നം കൂടിയാണ്.

ലിജീഷ് കുമാര്‍

We use cookies to give you the best possible experience. Learn more