Daily News
അനുരാധെ, ചുമടെടുക്കാനും പാതിരാത്രിക്ക് പുസ്തകം വില്ക്കാനും എനിക്കൊരു പെണ്ണിനെ വേണമായിരുന്നു. പറ്റ്വെങ്കീ കേറിക്കോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 15, 04:26 am
Sunday, 15th October 2017, 9:56 am

നോക്കണ്ട ഉണ്ണീ, പടത്തിലെയല്ല പത്രത്തിലെയാ. അവതാരപ്പിറവികളുടെ മുഴുവന്‍ രൗദ്രഭാവവും ആവാഹിച്ച സാക്ഷാല്‍ നരേന്ദ്രന്റെ മനുഷ്യവിഭവശേഷി മന്ത്രാലയം നാഷണല്‍ ബുക് ട്രസ്റ്റിലെ ഒഴിവുകള്‍ നികത്താന്‍ കൊടുക്കുന്ന പുതിയ പത്രപ്പരസ്യമാണിത്.

നീ വെറുമൊരു പെണ്ണാണെന്ന് പറഞ്ഞ്, പി.എം.ലാലിയെ നാഷണല്‍ ബുക് ട്രസ്റ്റിന്റെ കൊച്ചി ഓഫീസില്‍ നിന്ന് അവര്‍ പറഞ്ഞു വിട്ടിരിക്കുന്നു. കറവപ്പശു, പിടക്കോഴി തുടങ്ങി പെണ്‍ ഇനങ്ങളുണ്ടാക്കുന്ന മെച്ചത്തെക്കുറിച്ചൊക്കെ NBTക്ക് നന്നായറിയാം. പക്ഷേ ഡൊമസ്റ്റിക് ആയിരിക്കണം, സമ്പൂര്‍ണ്ണ ഡൊമസ്റ്റിക്. നിയാസ് മരക്കാരുടെ ഭാര്യയും അനാര്‍ക്കലിയുടെയും ലക്ഷ്മിയുടെയും ഉമ്മച്ചിയുമാണ്, പക്ഷേ പി.എം.ലാലി അത്ര ഡൊമസ്റ്റിക്കല്ല.

കാതിക്കുടത്ത് ജലാറ്റിന്‍ കമ്പനിക്കെതിരായി സമരം നടക്കുമ്പൊ അവരുണ്ടായിരുന്നു, ഞാന്‍ കണ്ടതാണ്. ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോ അവര്‍ ഏറണാകുളത്ത് നിന്നോടി ഒഞ്ചിയം വരെ വന്നിട്ടുണ്ട്, ഞാന്‍ കണ്ടതാണ്. ഫാസിസത്തിനെതിരെ നടന്ന രണ്ട് മനുഷ്യ സംഗമങ്ങളിലും അവരുണ്ടായിരുന്നു, ഞാന്‍ കണ്ടതാണ്. അവര്‍ ചുംബനസമരത്തിലുണ്ടായിരുന്നു, ലോകം മൊത്തം കണ്ടതാണ്.

അതിജീവിക്കാന്‍ പോരാടിയവരുടെ പന്തലുകളിലെല്ലാം അവരുണ്ടായിരുന്നു. അവര്‍ ഗൗരി ലങ്കേഷിനെയും ജുനൈദിനെയും കല്‍ബുര്‍ഗിയെയും പന്‍സാരെയെയും പിന്തുണച്ചിരുന്നു.

നജീബിന്റെ ഉമ്മച്ചി താനാണെന്ന് അവര്‍ക്ക് തോന്നിയിരുന്നു. എന്‍.ബി.ടി റെക്കോര്‍ഡ്‌സിലെ പി.എം.ലാലി ഒരാള്‍മാറാട്ടക്കാരിയായിരുന്നു, സത്യത്തിലവര്‍ സഖാവ് ലാലിയായിരുന്നു. ദേശസ്‌നേഹിയായ ഡൊമസ്റ്റിക് അനിമലല്ലായിരുന്നു.

 

ഡി.സി ബുക്‌സിന്റെ കോഴിക്കോട്ടെ ഷോറൂമില്‍ ഒരു ഷാഹിനേച്ചിയുണ്ട്. മുഴുവന്‍ പേര് പറഞ്ഞാല്‍ ചിലപ്പൊ നിങ്ങളറിയും ഷാഹിന ബഷീര്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ മകള്‍. കോഴിക്കോട് ടി.ബി.എസ്സില്‍ ഒരു പ്രിയേച്ചിയുണ്ട്, മാരാരുടെ മരുമകള്‍. കാലിക്കറ്റ് ബുക്‌സില്‍ രാധികാ ബിജോയ്.

കോഴിക്കോട്ട് ഒലീവിലുമുണ്ട് ഒരു ചേച്ചി. കോഴിക്കോട് എന്റെ നാടായത് കൊണ്ടാണ് അന്നാട്ടുകാരുടെ പട്ടിക നിരത്തുന്നത്. മറ്റ് ജില്ലകളിലെ പുസ്തകക്കടകളില്‍ ഞാന്‍ അധികം കയറിയിറങ്ങീട്ടില്ല.

 

പുസ്തകങ്ങളെക്കുറിച്ചേ മേല്‍പ്പറഞ്ഞ സ്ത്രീകള്‍ക്കറിയൂ, അവര്‍ ചുമടെടുക്കാറില്ല. പിന്നെ രാത്രി; ഡി.സി. രവിയ്ക്കും മാരാര്‍ക്കും മറ്റ് പ്രസാധകര്‍ക്കുമൊന്നും പകലസ്തമിക്കുമ്പോള്‍ തണ്ടും തടിയും കൂട്ടുന്ന കച്ചോടം നടത്തിയ ചരിത്രമില്ലാത്തത് കൊണ്ട് ഇവരൊക്കെ ഇങ്ങനങ്ങ് പോകും.

കോമ്രേഡ് ലാലി ഇതുകൊണ്ടൊന്നും അവസാനിക്കില്ല. ആ രക്തത്തിന്റെ ചൂട് എനിക്കറിയാം. ശാഖകളിലവശേഷിക്കുന്ന (സോറി പറഞ്ഞ് പറഞ്ഞ് NBT വിട്ടുപോയി, NBT ശാഖ) സംഘ്പരിവാരമല്ലാത്ത മനുഷ്യര്‍ ഇനി എന്ത് ചെയ്യും.