| Friday, 5th July 2019, 4:25 pm

പ്രിയ ഐഷ പോറ്റീ, ബീഡിയുണ്ടോ സഖാവെ, തീപ്പെട്ടിയെടുക്കാന്‍ എന്ന ചോദ്യമെങ്കിലും നിരോധിക്കാതിരിക്കാന്‍ പറ്റ്വോ?

ലിജീഷ് കുമാര്‍

കള്‍ച്ചറല്‍ ഇന്‍ഡസ്ട്രിയെയും കള്‍ച്ചറല്‍ കമോഡിറ്റിയെയും കുറിച്ച് അഡോര്‍ണോയുടെ ഒരു തിയറിയുണ്ട്, ”സിനിമ ഒരു സാംസ്‌കാരിക വ്യവസായമാണ്. ആ വ്യവസായത്തിലെ അധീശത്വമാണ് സാംസ്‌കാരികോല്പന്നങ്ങളുടെ രൂപഭാവങ്ങള്‍ നിര്‍ണ്ണയിക്കുന്നത്.” എന്ന്. ഈ അധീശത്വം പുറത്ത് നിന്നോ അകത്ത് നിന്നോ വരാം. എവിടെ നിന്ന് വന്നാലും അതാണ് തുടര്‍ന്ന് വരുന്ന കാലത്തിന്റെ അഭിരുചി, അതാണ് സ്വാഭാവിക സ്വീകാര്യതയായി പരിണമിക്കുന്നത്. പക്ഷേ ഒരു നിയമസഭാ സമിതിയുടെ രൂപത്തില്‍ അധീശത്വം വരുന്നത് ചരിത്രത്തില്‍ ഇതാദ്യമായിരിക്കും. അങ്ങനെ ചരിത്രവനിതയാകാന്‍ പോകുന്ന ഒരു ജനപ്രതിനിധിക്കാണ് ഈ കത്ത്. മദ്യപാന – പുകവലി രംഗങ്ങള്‍ ഒഴിവാക്കി സിനിമയെ ശുദ്ധീകരിക്കണമെന്ന യമണ്ടന്‍ ശുപാര്‍ശ മുന്നോട്ട് വെച്ച നിയമസഭാസമിതിയുടെ അധ്യക്ഷ ആയിഷാപോറ്റി എം.എല്‍.എക്ക്,

അങ്ങ് സിനിമയൊക്കെ കാണാറുണ്ടോ ? രഞ്ജിത്തിന്റെ സ്പിരിറ്റ് എന്നൊരു സിനിമയുണ്ട്. ഉണര്‍ന്നെഴുന്നേറ്റാല്‍ കട്ടന്‍ ചായയില്‍ മദ്യം ഒഴിച്ച് കഴിക്കുന്ന, കുളിച്ചൊരുങ്ങി ബാറില്‍ ചെന്ന് തന്റെ ദിവസം തുടങ്ങുന്ന രഘുനന്ദനനാണ് സ്പിരിറ്റിലെ നായകന്‍. വീട്ടിലിരുന്ന് ഭാര്യയ്ക്കൊപ്പം മദ്യപിക്കുന്നവര്‍, കൂട്ടായ്മകള്‍ സംഘടിപ്പിച്ച് കുടിക്കുന്നവര്‍, കുടിച്ചാല്‍ മാത്രം സാഹിത്യം വരുന്ന എഴുത്തുകാര്‍, ഇരന്ന് കുടിക്കുന്നവര്‍, റിട്ടയേര്‍ഡ് കുടിയന്മാര്‍, ഇവരുടെയൊക്കെ ലോകമാണ് സ്പിരിറ്റ്. അങ്ങനെയൊരു സിനിമ ചെയ്യുമ്പോള്‍,

”വേണ്ട, അങ്ങനെയൊരു സിനിമ ചെയ്യണ്ട. ഞങ്ങളുടെ ശുപാര്‍ശ അത്രയ്ക്കങ്ങോട്ട് …”

മനസിലാവാഞ്ഞിട്ടല്ലെന്നേ, മനസിലാക്കാഞ്ഞിട്ടാ. ഇനി വേറൊരു പടം പറയാം – ഫെല്ലിനിയുടെ തീവണ്ടി. സിഗരറ്റില്ലാതെ ജീവിക്കാനാകാത്ത ബിനീഷ് ദാമോദരന്റെ കഥയാണത്. പുകവലി അയാള്‍ക്ക് ശീലമല്ല, വികാരമാണ്. ചുണ്ടില്‍ നിന്ന് ആകാശത്തേക്ക് നിരന്തരമായി പൊങ്ങുന്ന പുകച്ചുരുളുകള്‍ കണ്ടാണ് നാട്ടുകാര്‍ അയാള്‍ക്ക് തീവണ്ടി എന്ന് പേരിട്ടത്. അങ്ങനൊരാളുടെ കഥ പറയുമ്പോള്‍,

”പറയണ്ട, അങ്ങനൊരാള്‍ക്ക് കഥയില്ല.”

ശരി, അത് വിട്. ബാറുകള്‍ അടയ്ക്കുന്നതിനു മുമ്പുള്ള കഥയാണിത് എന്ന ടാഗ് ലൈനോടെ വന്ന മാര്‍ത്താണ്ഡന്റെ ഒരു സിനിമയുണ്ട്, പാവാട. കയ്പുള്ള ഭൂതകാലം കുടിച്ചു തീര്‍ക്കുന്ന പാവാട ബാബു എന്ന പ്രൊഫ. ബാബു ജോസഫിന്റെയും പാമ്പുജോയിയുടെയും കഥയാണത്. എ.ടി.എം കൗണ്ടര്‍ ജോയിക്ക് ഏസി ബാറാണ്. പണത്തിന്ന് ടൈറ്റായാല്‍ വൃക്ക വിറ്റും ജോയി കുടിക്കും. അങ്ങനെയൊരാളെ,

”തീര്‍ന്നു. അങ്ങനെയൊരാള്‍ ഇനിയില്ല.”

മദ്യത്തില്‍ കുഴഞ്ഞ്, മുണ്ടും മടക്കിക്കുത്തി ”തനിക്കൊരു വിചാരമുണ്ട്. താന്‍ ഏതോ കോപ്പിലെ വലിയ രാജാവാണെന്ന്. ഒന്നോ രണ്ടോ ദിവസം ലണ്ടനില്‍ പോയി ഏതോ ഒരു ഓന്തന്‍ റിച്ചാര്‍ഡ് സായിപ്പിന് അരിവച്ചുകൊടുത്തു കിട്ടിയ കാശുകൊണ്ട് ഒരു പഴയ കൊട്ടാരം വാങ്ങി അവിടെ ഒരു ആശുപത്രിയും തുടങ്ങി പ്രാന്തന്‍മാരെ പട്ടാളച്ചിട്ട പഠിപ്പിക്കുന്ന വിവരംകെട്ട പന്ന റാസ്‌ക്കലല്ലേ താന്‍.” എന്ന് ചോദിച്ച് തല്ലുകൊണ്ട് പോകാന്‍ താളവട്ടത്തിലെ നാരായണന്‍ ഇനി വരില്ല. പടയപ്പാ എന്നലറി ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ പി.ടി.സാര്‍ വരില്ല. ബി.എ.ആര്‍ ബീര്‍ എന്ന് വായിക്കുന്ന കുടിയന്മാരും ഒരു ഗ്ലാസ് ബ്രാണ്ടിക്കോഡര്‍ ചെയ്യുന്ന തളത്തില്‍ ദിനേശന്മാരും ഇനി സിനിമയ്ക്ക് പുറത്താണ്.

കാമുകിക്ക് പോലും കള്ള് കൊടുക്കുന്ന ആട് തോമയും, കള്ളും പുറത്ത് അമ്മായി അപ്പന്റെ കഷണ്ടിയില്‍ ഉമ്മ വെക്കുന്ന ചിത്രത്തിലെ വിഷ്ണുവും, പെണ്ണുകാണാന്‍ ചെന്ന ദിവസം അവളുടെ അച്ഛനൊപ്പമിരുന്ന് ആനമയക്കിയടിക്കുന്ന ചോട്ടാ മുംബൈയിലെ വാസ്‌കോഡ ഗാമയും, വിധേയനിലെ ഭാസ്‌കര പട്ടേലരും, ബാറുകള്‍ സര്‍വേക്കല്ലാക്കിയ ഹലോയിലെ ശിവരാമനും, കുടിച്ച് കുടിച്ച് – ചോദിച്ച് ചോദിച്ച് പോകുന്ന സാഗര്‍ കോട്ടപ്പുറവും, അങ്ങനെ എത്രയെത്ര പേരാണ് മരിക്കുന്നത്. പാലേരി മാണിക്യത്തിലെ അമ്മദ് ഹാജി ഇനി ചീരുവിന്റെ വീട്ടിലിരുന്ന് മോരും വെള്ളം കുടിക്കും. ഹൈദ്രോസും സേതുവിന്റെ അളിയനും ചായക്കടയിലെ ബെഞ്ചില്‍ കിടന്ന് ഒരു ലോഡ് ശവം വീഴ്ത്തുന്ന കഥ പറയും. മംഗലശ്ശേരിയിലെ പറമ്പില്‍ നിന്ന് കരിക്ക് വെട്ടി നീലകണ്ഠന് കൊക്കക്കോളയില്‍ ഒഴിച്ച് കൊടുക്കുന്ന വാര്യരെ നാമിനി കാണും. കലാമണ്ഡലത്തിലേക്കേ നന്ദന്‍ മാഷ് ചെല്ലില്ല, അലുവക്കഷണത്തില്‍ നാലാമത്തെ കടി കടിക്കുമ്പോഴേക്ക് ഞാനെത്താം എന്ന് ജഗന്റെ കോള് വരും, ദശമൂലാരിഷ്ടം കുടിച്ച് കിക്കായ രാത്രിയില്‍ താനൂമയാണെന്ന സത്യം പഞ്ചാബി ഹൗസിലെ ഉണ്ണികൃഷ്ണന്‍ മറക്കും ബാഹുബലിയുടെ ഒന്നാം ഭാഗത്ത് മഹിഷ്മതി സാമ്രാജ്യത്തിന്റെ യുദ്ധരഹസ്യങ്ങള്‍ ചോര്‍ത്തി കടന്നുകളഞ്ഞയാളെത്തേടി ബാഹുബലിയും ഭല്ലാലദേവനും പോകുന്ന രംഗമുണ്ട്. ആര്‍ക്കും കടന്നു ചെല്ലാനാവാത്ത കള്ളന്മാര്‍ക്കിടയില്‍ കടന്ന് കയറി അവരെ മദ്യം കൊടുത്ത് വഴിപ്പെടുത്തി ബാഹുബലി ലക്ഷ്യം നേടുന്ന രംഗം. മലയാളിയുടെ ബാഹുബലി ഇനി കള്ളന്മാര്‍ക്ക് പാല്‍പ്പായസം വിളമ്പട്ടെ. ഹണീ ബീ എന്നും ജോണിവാക്കര്‍ എന്നും ഇടുക്കി ഗോള്‍ഡ് എന്നുമൊക്കെ സിനിമയ്ക്ക് പേരിട്ട എഴുത്തുകാര്‍ക്ക് മുമ്പില്‍ മേളം കറിമസാലയും മില്‍മ പാലും തിരൂര്‍ പൊന്നുമൊക്കെയുണ്ട്. വെറൈറ്റി അല്ലേ .

അല്ലെങ്കിലും മലയാളി ഇതിലേക്കൊക്കെയാണ് നടന്നത്. കള്ളുകുടിയും പുകവലിയും വില്ലന്റെയോ ഒടുവില്‍ അതുപേക്ഷിച്ച് നല്ലവനായിത്തീരുന്ന നായകന്റെയോ ശീലമാണ് നമുക്ക്. ‘നീയറിഞ്ഞോ മേലേ മാനത്ത് ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്…’ എന്ന് പാടുമ്പോള്‍ മോഹന്‍ലാല്‍ ഇത്ര വലിയ താരമായിട്ടില്ല. മദ്യത്തിന്റെ ലഹരിയില്‍ തുബഡി മഷാ അള്ളാ എന്ന് പാടുന്ന ഹിസ് ഹൈനസ് അബ്ദുള്ളയിലെ അബ്ദുള്ള പക്ഷേ താരമാണ്, അതുകൊണ്ടാണ് കേരളത്തിലെ കൊട്ടാരത്തിനകത്തിരുന്ന് ഒരു തുള്ളി മദ്യം തൊടാതെ അയാള്‍ ‘ദേവസഭാതലം’ പാടുന്നത്. ആറാം തമ്പുരാനിലെ ജഗന്നാഥനും അങ്ങനെത്തന്നെ. ഹരിമുരളീരവം പാടുമ്പോള്‍ അയാള്‍ പച്ചയാണ്, സിരകളില്‍ സംഗീതത്തിന്റെ ഭാംഗും തലയില്‍ മദ്യത്തിന്റെ ലഹരിയുമായി ഓടിനടന്ന ജഗനല്ല, ഉസ്താത് ബാദുഷാഖാന്റെ ശിഷ്യനേയല്ല അയാള്‍. മദ്യപനായ ജ്യേഷ്ഠന് വേദിയില്‍നിന്ന് ഇറങ്ങിപ്പോകേണ്ടി വരുമ്പോള്‍ കച്ചേരി മുഴുമിക്കുന്ന സല്‍സ്വഭാവിയായ അനുജനാണ് ഭരതത്തിലെ നായകന്‍. ഉസ്താദ്, അഭിമന്യു, തുടങ്ങിയ സിനിമകളിലൊന്നും നായകന്മാര്‍ ലഹരി നുരയുന്ന ജീവിതം ജീവിക്കുന്നത് കേരളത്തിലല്ല, ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളിലാണ്.

കേരളം അവരുടെ വിശുദ്ധതട്ടകവും കേരളീയേതരസ്ഥലങ്ങള്‍ അവിശുദ്ധവും ആണ്. സ്ഫടികത്തിലെ, ദേവാസുരത്തിലെ, ഹലോയിലെ ഒക്കെ നായകര്‍ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരും – അച്ചടക്കമുള്ള സമൂഹത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടവരുമാണ്. ഒരു മദ്യപനെയും ഉള്‍ക്കൊള്ളാവുന്ന ഇടമല്ല മലയാള സിനിമ. ചലച്ചിത്രകേരളം സത്യത്തില്‍ ഉട്ടോപ്യയാണ്, മാന്യന്മാരുടെ ആദര്‍ശലോകം. പുറം നാട്ടുകാര്‍ ജീവിക്കുന്ന ഇടങ്ങള്‍ മലയാളിക്ക് ഹെറ്ററോടോപ്പിയകളാണ്, മാന്യന്മാരെക്കാണാന്‍ കിട്ടാത്ത നിഗൂഡ ലോകങ്ങള്‍. ഈ ദ്വന്ദ്വനിര്‍മ്മിതിയെയാണ് ഞാന്‍ അകത്ത് നിന്ന് വരുന്ന അധീശത്വം എന്ന് തുടക്കത്തിലേ വിശേഷിപ്പിച്ചത്.

ഈ അധീശത്വത്തെക്കുറിച്ച്, ഫാസിസത്തിന്റെ ഒളിച്ച് കടത്തിലിനെക്കുറിച്ച്, മൂല്യനിര്‍മ്മിതിയെക്കുറിച്ച് ന്യൂസിലന്‍ഡ് എഴുത്തുകാരനും അധ്യാപകനുമായ റോയ് ഷൂക്കറിന്റെ ഒരു നിരീക്ഷണമുണ്ട്. ”ജനപ്രിയ സംസ്‌കാരത്തിന്റെ കേന്ദ്രം ജനസമ്മിതിയും പൊതുസ്വീകാര്യതയുമാണ്. പക്ഷേ അവയുടെ പിന്നില്‍ ജനവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ രാഷ്ട്രീയനിലപാടുകള്‍ ഒളിഞ്ഞിരിപ്പുണ്ട്.” എന്ന്. വഴിതെറ്റിപ്പോകുന്നവരെക്കുറിച്ചുള്ള വേവലാതി കൊണ്ട് നിങ്ങള്‍ നിര്‍മ്മിക്കുന്ന വഴിയിലൂടെ മാത്രം നടക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നയാളുടെ സ്വാതന്ത്ര്യ പ്രശ്‌നത്തെക്കുറിച്ചാലോചിച്ചാല്‍ മതി ഇത് ഫാസിസമാണ് എന്ന് അങ്ങേക്ക് ബോധ്യപ്പെടാന്‍.

പ്രിയ ആയിഷാ പോറ്റി, നിങ്ങള്‍ ഒരു കമ്യൂണിസ്റ്റല്ലേ. വരേണ്യവും ആദര്‍ശാധിഷ്ഠിതവുമായ സംസ്‌കാര നിര്‍മ്മിതിയാണ് കലയുടെ ലക്ഷ്യം എന്നാണോ നിങ്ങള്‍ പഠിച്ച് വെച്ചിരിക്കുന്നത്. മിനിമം മലയാളത്തില്‍ നിന്ന് ദേശീയ അവാര്‍ഡ് നേടിയ സിനിമകളെയെങ്കിലും നിങ്ങള്‍ പഠനവിധേയമാക്കേണ്ടതല്ലേ. എന്നിട്ടും ബോധ്യങ്ങളില്‍ മാറ്റം വരുന്നില്ലെങ്കില്‍ കുടിയന്മാരുടെയും കഞ്ചാവടിക്കാരുടേയും പേക്കൂത്തിന് കൊടുത്ത ദേശീയ അവാര്‍ഡുകള്‍ തിരികെ എടുക്കണമെന്ന് ലോക്‌സഭയില്‍ ഒരടിയന്തര പ്രമേയമവതരിപ്പിക്കാന്‍ ആ എം.കെ.പ്രേമചന്ദ്രനെയോ മറ്റോ ഒന്നേല്‍പ്പിച്ചാലും മതിയാകും. മലയാളിയെ ലോകമലയാളിയാക്കിയത് സിനിമയാണ്. പത്മരാജനും ഭരതനും കെ.ജി.ജോര്‍ജും അടൂരുമൊക്കെയാണ്. മദ്യപിക്കുന്ന മനുഷ്യരെയും പുകവലിക്കുന്ന മനുഷ്യരെയും മുറിച്ച് മാറ്റിയാല്‍ ആ സിനിമകളൊന്നുമില്ല. ഒരു പക്ഷേ പത്മരാജനേയില്ല എന്നും പറയാം. അങ്ങനെ ലോകമലയാളിയെ നമുക്ക് നിയമസഭയില്‍ കൂടിയിരിക്കുന്നവരുടെ ചെറുകൂട്ടത്തിലേക്ക് ചുരുക്കാം.

ഗൗതം കാര്‍ത്തികിന്റെയും മഞ്ജിമ മോഹന്റെയും തമിഴ് പടം ‘ദേവരാട്ടം’ കാണാന്‍ കോഴിക്കോട്ടെ കോറണേഷന്‍ തീയേറ്ററിലിരിക്കുകയാണ് ഞാനിപ്പോള്‍. സിനിമയ്ക്ക് ആള് കുറവാണ്. പക്ഷേ കോറണേഷന്റെ മുമ്പിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുമ്പില്‍ ഹൗസ്ഫുള്‍ ഷോയുടെ ആളുണ്ട്. വഴിതെറ്റാന്‍ വന്നവര്‍ക്കിടയിലിരുന്ന് ഞാനതിങ്ങനെ കാണുകയാണ്. പ്രിയ എം.എല്‍.ഏ, അവസാനമായി ഒരാഗ്രഹം ചോദിച്ചോട്ടേ – ബീഡിയുണ്ടോ സഖാവെ തീപ്പെട്ടിയെടുക്കാന്‍ എന്ന ചോദ്യത്തെയെങ്കിലും നിരോധനത്തില്‍ നിന്ന് ഒന്നൊഴിവാക്കാന്‍ പറ്റുമോ ? ഇല്ല ല്ലേ

ലിജീഷ് കുമാര്‍

We use cookies to give you the best possible experience. Learn more