| Saturday, 15th June 2019, 5:58 pm

കൊല്ലപ്പെടാന്‍ ദിവസങ്ങള്‍ കാത്തിരിക്കുന്ന കുട്ടികളുടെ വസന്തമാണ് സൗദി ജയിലില്‍

ലിജീഷ് കുമാര്‍

ഈ പടങ്ങളില്‍ കാണുന്നത് ഒരാളല്ല, രണ്ട് കുട്ടികളാണ്. ഇടതു വശത്തുള്ളയാളുടെ രാജ്യം ഇന്ത്യയാണ് – വലത്തുള്ളയാളുടേത് സൗദി അറേബ്യയും. ഇടത്തുള്ളയാള്‍ക്ക് 33 വയസ്സായി, വലത്തുള്ളയാള്‍ക്ക് 17 ഉം. ആദ്യത്തെ കുട്ടിയുടെ പുതിയ ഫോട്ടോ എന്റെ കൈയ്യിലുണ്ട്, രണ്ടാമത്തെ കുട്ടി ഇപ്പഴെങ്ങനെയാണെന്നറിയില്ല. അവന്റെ ഫോട്ടോ ആരുടെ കൈയ്യിലുമില്ല. ആദ്യത്തെയാള്‍ എന്ന് മരിക്കുമെന്ന് അറിയില്ല, രണ്ടാമത്തെയാള്‍ക്ക് ഇനി അധിക ദിവസങ്ങളില്ല. 18 ല്‍ അയാള്‍ കൊല്ലപ്പെടും. ഇടത്തുള്ളത് ഞാനാണ്, വലത്ത് മുര്‍ത്താസ ഖുറൈസ്. അവനെക്കാണുമ്പോള്‍ അവനെന്റെ ഇരട്ട പോലെ !

ദുര്‍ഭരണത്തില്‍ വീര്‍പ്പ് മുട്ടിയ ജനത രാജ്യത്തിന്റെ സമൂലമാറ്റത്തിന് വേണ്ടി നടത്തിയ ജനകീയ പോരാട്ടം അറബ് രാജ്യങ്ങളില്‍ വസന്തം കൊണ്ടുവന്ന് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിന്നാണ് ഞാനിതെഴുതുന്നത്. വസന്തം സ്വപ്നം കണ്ട മനുഷ്യര്‍ ഇന്നെവിടെയാണ് ? ആ രാജ്യങ്ങളുടെ അവസ്ഥകള്‍ക്ക് എന്ത് മാറ്റമുണ്ടായി ? അറബ് വസന്തം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായോ ? ഇതിന്റെയെല്ലാം ഉത്തരങ്ങളുടെ പട്ടികയില്‍ ഈ 17 കാരന്റെ പേരുണ്ട്, മുര്‍ത്താസ ഖുറൈസിന്റെ.

മുര്‍ത്താസ വസന്തം സ്വപ്നം കാണുന്നത് അവന്റെ പത്താം വയസ്സിലാണ്. 2011 ല്‍ അറബ് വസന്തത്തിന് വേണ്ടി അവാമിയയില്‍ സൈക്കിള്‍ റാലി നടത്തിയ കുട്ടികളില്‍ മുര്‍ത്താസയുണ്ട്. മുര്‍ത്താസയേ ഉള്ളൂ എന്നതാണ് ശരി. മീഡിയയുടെ ക്യാമറയ്ക്ക് മുമ്പില്‍ അവന്‍ ചിരിച്ച് പോസ് ചെയ്യുമ്പോള്‍ കണ്ണുകെട്ടി നിന്ന കൂട്ടുകാര്‍ പടമെടുക്കുന്നത് പോലും അറിഞ്ഞിരുന്നില്ല. കൈവീശി പുഞ്ചിരിച്ചു കൊണ്ട് സൈക്കിളില്‍ പോകുന്ന മുര്‍ത്താസയുടെ ഫോട്ടോകള്‍ സുരക്ഷാ സേനയുടെ റെക്കോഡുകളില്‍ ഒട്ടിക്കപ്പെട്ടു. അവന്‍ മാത്രം, മുഖമുള്ള ഒരാള്‍ മാത്രം.

2015 ല്‍ ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം ബഹ്റൈനിലേക്ക് യാത്ര ചെയ്യവെ സൗദി അതിര്‍ത്തിയില്‍ വെച്ച് മുര്‍ത്താസയെ പോലീസ് അറസ്റ്റ് ചെയ്തു. പത്താം വയസ്സില്‍ ചെയ്ത കുറ്റത്തിന്, പതിമൂന്നാം വയസ്സില്‍ അവന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കുറ്റങ്ങള്‍ രാജ്യദ്രോഹവും ഭീകരപ്രവര്‍ത്തനവും ! ഒരു മാസത്തെ ഏകാന്ത തടവുകാലത്ത് ആ കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരയായതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടുണ്ട്. ദമാമിലെ ജുവനൈല്‍ ജയിലില്‍ കിടന്ന് മുര്‍താസ വളര്‍ന്നു. ജീവനോടെ നിര്‍ത്തി അവയവങ്ങള്‍ അറുത്തു മാറ്റണമെന്നും, തലവെട്ടി പ്രദര്‍ശിപ്പിക്കണമെന്നും വിചാരണക്കാലത്ത് പ്രൊസിക്യൂഷന്‍ വാദിച്ചു. എതിര്‍ക്കാന്‍ അവന് വക്കീലുണ്ടായിരുന്നില്ല. 2018 ആഗസ്റ്റിലാണ് മുര്‍ത്താസയ്ക്ക് അഭിഭാഷകനെ സൗദി അനുവദിച്ചത്. അപ്പഴേക്കും അവന്റെ വിധി തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരുന്നു. തുരു തുരാ ഗോള്‍ വീണ് നിറഞ്ഞ ഗോള്‍ മുഖത്ത് കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ള ഇഞ്ചുറി ടൈമില്‍ ഇറങ്ങി നില്‍ക്കുന്ന ഒരു ഗോളിക്ക്, അതേത് ലോക പ്രശസ്തനായ ഗോളിയായാലും എന്താണ് ചെയ്യാനുള്ളത് !

പ്രായപൂര്‍ത്തിയാവുമ്പോള്‍ മുര്‍ത്താസ കൊല്ലപ്പെടും. അവന്റെ ശിരഛേദം ചെയ്ത ചോരകൊണ്ട് വസന്തം അതിന്റെ ചരിത്രമെഴുതും. ബാറ്ററി വാങ്ങാന്‍ പോയതിന് നല്ല പ്രായം മുഴുവന്‍ ജയിലില്‍ കിടന്ന പേരറിവാളനെ നമുക്കറിയാം. ആള്‍ക്കൂട്ടത്തിന്റെ പ്രകടനത്തിലേക്ക് കൗതുകത്തിന് സൈക്കിളോടിച്ച് കയറിയ മുര്‍ത്താസയെ നാമിന്ന് കണ്ടു. അലി അല്‍ നിമ്ര്, അബ്ദുല്ല അല്‍ സഹീര്‍, ദാവൂദ് അല്‍ മര്‍ഹൂന്‍ അങ്ങനെ കൊല്ലപ്പെടാന്‍ ദിവസങ്ങള്‍ കാത്തിരിക്കുന്ന കുട്ടികളുടെ വസന്തമാണ് സൗദി ജയിലില്‍. ഇങ്ങനെ ഒരുപാട് കുട്ടികളുണ്ട്, ഭരണകൂടത്തിന്റെ ഭീകരവാദികള്‍ !

പല കൊലകളും നമ്മെ സ്പര്‍ശിക്കാതെ കടന്ന് പോയ്‌ക്കൊണ്ടേയിരിക്കുന്നുണ്ട്. അത് നമ്മളാണെന്ന് തോന്നിത്തുടങ്ങുന്ന സമയം മുതലാണ് അവര്‍ നമ്മെ വന്ന് തൊടുന്നത്. അവര്‍ നമ്മളാണെന്ന്, നമ്മളില്‍ അവരുണ്ടെന്ന്, ഒരിക്കല്‍ നമ്മള്‍ അവരായിരിക്കുമെന്ന് നോക്കൂ, ഇടത്തുള്ളത് ഞാനാണ്. വലത്ത് മുര്‍ത്താസ ഖുറൈസ്. അവനെക്കാണുമ്പോള്‍ അവനെന്റെ ഇരട്ട പോലെ !

ലിജീഷ് കുമാര്‍

We use cookies to give you the best possible experience. Learn more